Madhya Pradesh Live-In Partner Murder: പങ്കാളിയുടെ മൃതദേഹം ഫ്രിഡ്ജിൽ സൂക്ഷിച്ചത് എട്ടു മാസം; യുവാവ് അറസ്റ്റിൽ, സംഭവം മധ്യപ്രദേശിൽ
Madhya Pradesh Live-In Partner Murder Case: പിങ്കി പ്രജാപതി എന്ന യുവതിയെയാണ് സഞ്ജയ് പട്ടിദാർ കൊലപ്പെടുത്തിയത്. സാരിയുടുത്ത് ആഭരണങ്ങൾ അണിഞ്ഞ അഴുകിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കൈകൾ കെട്ടിയ ശേഷം കഴുത്തിൽ കുരുക്കി കെട്ടിയനിലയിലയിലായിരുന്നു. മരിച്ച സ്ത്രീയ്ക്ക് ഏകദേശം 30 വയസ് തോന്നിക്കും. ദുർഗന്ധം വമിച്ചതിനെ തുടർന്ന് വീട്ടിലെ പുതിയ താമസക്കാരാണ് ഉടമയെ വിവരമറിയിച്ചത്.
ഭോപ്പാൽ: മധ്യപ്രദേശിൽ ലിവ് ഇൻ പങ്കാളിയെ കൊലപ്പെടുത്തി മൃതദേഹം ഫ്രിഡ്ജിൽ സൂക്ഷിച്ച യുവാവ് അറസ്റ്റിൽ. മധ്യപ്രദേശിലെ ഉജ്ജയിൻ സ്വദേശി സഞ്ജയ് പട്ടിദാറാണ് ക്രൂര കൊലപാതകത്തിൽ പിടിയിലായത്. എന്നാൽ ഫ്രിഡ്ജിൽ സൂക്ഷിച്ച മൃതദേഹത്തിന് ഏകദേശം എട്ട് മാസത്തോളം പഴക്കമുണ്ടെന്നാണ് പോലീസ് പറയുന്നത്. പിങ്കി പ്രജാപതി എന്ന യുവതിയാണ് കൊല്ലപ്പെട്ടിരിക്കുന്നത്. സാരിയുടുത്ത് ആഭരണങ്ങൾ അണിഞ്ഞ അഴുകിയ മൃതദേഹമാണ് കണ്ടെത്തിയത്. കൈകൾ കെട്ടിയ ശേഷം കഴുത്തിൽ കുരുക്കി കെട്ടിയനിലയിലനാണ് മൃതദേഹം. മരിച്ച സ്ത്രീയ്ക്ക് ഏകദേശം 30 വയസ് തോന്നിക്കുമെന്നാണ് പോലീസ് നിഗമനം.
മൃതദേഹത്തിൻ്റെ പഴക്കം അനുസരിച്ച് കഴിഞ്ഞ വർഷം ജൂണിലായിരിക്കണം പിങ്കി കൊല്ലപ്പെട്ടതെന്നും പോലീസ് അറിയിച്ചു. വിവാഹിതനായ പട്ടിദാർ കഴിഞ്ഞ അഞ്ച് വർഷമായി യുവതിയുമായി ലിവിങ് ടുഗതറിലായിരുന്നുവെന്നാണ് കണ്ടെത്തൽ. എന്നാൽ വിവാഹം കഴിക്കാൻ യുവതി നിർബന്ധിച്ചതോടെ പട്ടിദാർ സുഹൃത്തിന്റെ സഹായത്തോടെ കൊലപാതകം നടത്തുകയായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം.
ഇൻഡോർ സ്വദേശിയായ ധീരേന്ദ്ര ശ്രീവാസ്തവ എന്നയാളുടെ ഉടമസ്ഥതയിലുള്ള വീടാണിത്. 2023 ജൂണിലാണ് പട്ടിദാർ ഈ വീട് വാടകയ്ക്കെടുത്തത്. ഒരു വർഷത്തിനു ശേഷം വീട് ഒഴിഞ്ഞെങ്കിലും രണ്ടു മുറികളിലായി സാധനങ്ങൾ സൂക്ഷിച്ചിരുന്നു. ഇതു വൈകാതെ തന്നെ മാറ്റുമെന്നാണ് ഉടമയെ അറിയിച്ചിരുന്നത്. ഇടയ്ക്കിടെ ഈ വീട്ടിലേക്ക് പട്ടിദാർ സന്ദർശനത്തിന് എത്തുമായിരുന്നു.
വീട്ടിലെ പുതിയ താമസക്കാർ ഈ മുറികൾ പട്ടിദാറിന് തുറന്നുകൊടുക്കണമെന്ന് ഉടമയോട് ആവശ്യപ്പെട്ടിരുന്നു. മുറിയിലേക്കുള്ള വൈദ്യുതി വിച്ഛേദിച്ചതിനെ തുടർന്നാണ് ഫ്രിഡ്ജിനുള്ളിൽ നിന്ന് ദുർഗന്ധമുണ്ടായത്. ഉടൻ തന്നെ താമസക്കാർ ഉടമയെ അറിയിച്ചിരുന്നു. അയാളെത്തി മുറി തുറന്നപ്പോഴാണ് ഫ്രിഡ്ജിൽ മൃതദേഹം കണ്ടത്. തുടർന്ന് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
ഡൽഹിയിലെ ശ്രദ്ധ വാൾക്കർ കൊലപാതക കേസുമായി സമാനമായ സംഭവമാണ് ഇതും. 2022 മെയിലാണ് ഡൽഹിയിലെ മെഹ്‌റൗളിയിൽ വെച്ച് തന്റെ ലിവ്-ഇൻ പങ്കാളിയായ ശ്രദ്ധ വാൾക്കറിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി ഫ്രിഡ്ജിലും മറ്റ് വിവിധ സ്ഥലങ്ങളിൽ സൂക്ഷിച്ചത്. സംഭവത്തിൽ അഫ്താബ് അമിൻ പൂനാവാലെ എന്ന ചെറുപ്പകാരൻ കുറ്റകാരനാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. കണ്ടെത്താതിരിക്കാൻ അയാൾ അവളുടെ ശരീരഭാഗങ്ങൾ ഒരു റഫ്രിജറേറ്ററിൽ സൂക്ഷിക്കുകയും പിന്നീട് പല ദിവസങ്ങളായി ഡൽഹിയിലെ പലയിടങ്ങളിലായി ഉപേക്ഷിക്കുകയുമായിരുന്നു. നിലവിൽ അഫതാബ് ഡൽഹി ജയിലിലാണ്.