Immigration Foreigners Bill 2025: ഇന്ത്യ ഒരു ‘ധർമ്മശാല’യല്ലെന്ന് അമിത് ഷാ; ലോക് സഭയിൽ കുടിയേറ്റ ബിൽ പാസാക്കി
Immigration Foreigners Bill 2025: അനധികൃത കുടിയേറ്റം തടയുന്നത് ലക്ഷ്യമിട്ടുള്ള 2025 ലെ ഇമിഗ്രേഷൻ ആൻഡ് ഫോറിനേഴ്‌സ് ബില്ല് അംഗീകരിച്ച് ലോക്സഭ. ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാകുന്നവരെ രാജ്യത്തേക്ക് പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് ബില്ലിനെക്കുറിച്ച് ചർച്ച ചെയ്യുന്നതിനിടെ അമിത് ഷാ പറഞ്ഞു.

അനധികൃത കുടിയേറ്റം, വിദേശികളുടെ പ്രവേശനം, പൗരത്വം, വിസ വ്യവസ്ഥകൾ തുടങ്ങിയവ നിയന്ത്രിക്കുന്നതിന്റെ ഭാഗമായുള്ള 2025 ലെ ഇമിഗ്രേഷൻ ആൻഡ് ഫോറിനേഴ്‌സ് ബില്ല് അംഗീകരിച്ച് ലോക്സഭ. വിനോദസഞ്ചാരികളായോ വിദ്യാഭ്യാസം, ബിസിനസ്സ് തുടങ്ങിയ ആവശ്യങ്ങൾക്കായോ ഇന്ത്യയിലേക്ക് വരാൻ ആഗ്രഹിക്കുന്നവരെ സർക്കാർ സ്വാഗതം ചെയ്യുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. എന്നാൽ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാകുന്നവരെ രാജ്യത്തേക്ക് പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് ബില്ലിനെക്കുറിച്ച് ചർച്ച ചെയ്യുന്നതിനിടെ അമിത് ഷാ പറഞ്ഞു. രാജ്യം ഒരു ധർമ്മശാല അല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലോക് സഭ അംഗീകാരം ലഭിച്ചതോടെ കൂടുതൽ ചർച്ചയ്ക്കും അനുമതിക്കുമായി ബില്ല് രാജ്യസഭയിലേക്ക് മാറ്റും. നിലവിലുള്ള ഫോറിനേഴ്സ് ആക്ട് (1946), പാസ്‌പോർട്ട് (എൻട്രി ഇന്റു ഇന്ത്യ) ആക്ട് (1920), രജിസ്‌ട്രേഷൻ ഒഫ് ഫോറിനേഴ്സ് ആക്ട് (1939), ഇമിഗ്രേഷൻ (കേരിയേഴ്സ്’ ലയബിലിറ്റി) ആക്ട് (2000) എന്നിവയ്ക്ക് പകരമാണ് പുതിയ ബില്ല്. പുതിയ നിയമ പ്രകാരം നിയമലംഘനങ്ങൾക്ക് കർശനമായ ശിക്ഷകൾ ലഭിക്കും. വ്യാജ പാസ്‌പോർട്ടോ വിസയോ ഉപയോഗിച്ച് ഇന്ത്യയിൽ പ്രവേശിക്കുകയോ താമസിക്കുകയോ പുറത്തുപോകുകയോ ചെയ്യുന്ന വ്യക്തികൾക്ക് ഏഴ് വർഷം വരെ തടവും 10 ലക്ഷം രൂപ വരെ പിഴയും ലഭിക്കും. അതുപോലെ, പാസ്‌പോർട്ട്, വിസ അല്ലെങ്കിൽ യാത്രാ രേഖകൾ ഇല്ലാതെ ഇന്ത്യയിലേക്ക് പ്രവേശിക്കുന്ന ഏതൊരു വിദേശിക്കും അഞ്ച് വർഷം വരെ തടവോ 5 ലക്ഷം രൂപ വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കുമെന്ന് ബില്ലിൽ പറയുന്നു.
ഹോട്ടലുകൾ, സർവകലാശാലകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, നഴ്‌സിംഗ് ഹോമുകൾ തുടങ്ങിയവ അവിടെയെത്തുന്ന വിദേശികളുടെ വിവരങ്ങൾ റിപ്പോർട്ട് ചെയ്യണം. ഇത് വിസ കാലാവധി കഴിഞ്ഞവരെ നിരീക്ഷിക്കാൻ അധികാരികളെ സഹായിക്കും. എയർലൈനുകളും ഷിപ്പിംഗ് കമ്പനികളും ഇന്ത്യൻ തുറമുഖങ്ങളിൽ യാത്രക്കാരുടെയും ക്രൂവിന്റെയും വിശദാംശങ്ങൾ മുൻകൂട്ടി സമർപ്പിക്കണമെന്നും ബില്ല് വ്യക്തമാക്കുന്നു.
ALSO READ: വാട്ട് ഇന്ത്യാ തിങ്ക്സ് ടുഡേ ഉച്ചകോടിക്ക് വെള്ളിയാഴ്ച തുടക്കം; പരിപാടി തത്സമയം കാണാൻ
വിസ പ്രക്രിയ കൂടുതൽ എളുപ്പമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യൻ എംബസികളും കോൺസുലേറ്റുകളും ഫിസിക്കൽ അല്ലെങ്കിൽ സ്റ്റിക്കർ ഫോർമാറ്റുകളിൽ വിസകൾ നൽകും. അതേസമയം ബ്യൂറോ ഓഫ് ഇമിഗ്രേഷൻ 167 രാജ്യങ്ങളിലെ പൗരന്മാർക്ക് ഇ-വിസകൾ നൽകുന്നത് തുടരും. കൂടാതെ, മുമ്പ് ഇന്ത്യൻ വിസ കൈവശം വച്ചിരുന്ന ജപ്പാൻ, ദക്ഷിണ കൊറിയ, യുഎഇ എന്നിവിടങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് ഇപ്പോൾ ആറ് പ്രധാന വിമാനത്താവളങ്ങളിൽ ഓൺ അറൈവൽ വിസയും ലഭിക്കും.
വിദ്യാഭ്യാസം, ചികിത്സ, തൊഴിൽ, മിഷണറി വേല തുടങ്ങിയവയ്ക്കായി ദീർഘകാല വിസയിൽ വരുന്ന വിദേശികൾ ഇന്ത്യയിലെത്തി 14 ദിവസത്തിനുള്ളിൽ ഫോറിനേഴ്‌സ് റീജിയണൽ രജിസ്ട്രേഷൻ ഓഫീസർ (FRRO) അല്ലെങ്കിൽ ഫോറിനേഴ്‌സ് രജിസ്ട്രേഷൻ ഓഫീസർ (FRO) എന്നിവിടങ്ങളിൽ രജിസ്റ്റർ ചെയ്യണം. പാകിസ്ഥാൻ പൗരന്മാരാണെങ്കിഷ 24 മണിക്കൂറിനുള്ളിൽ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്.