Maharashtra Rain: മഴക്കെടുതി…; മഹാരാഷ്ട്രയിലെ രത്നഗിരിയിൽ ഒരാളെ നദിയിൽ കാണാതായി, വീഡിയോ
Man Washed Away In River: യുവാവിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇയാളെ കണ്ടെത്താൻ നഗരസഭയും ഭരണകൂടവും തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. രണ്ട് ദിവസമായി തുടർച്ചയായി പെയ്യുന്ന മഴയിൽ ജില്ലയിലെ നദികൾ കരകവിഞ്ഞൊഴുകുന്ന നിലയിലാണ്.
കനത്ത മഴ തുടരുന്ന മഹാരാഷ്ട്രയിലെ (Maharashtra Rains) രത്നഗിരിയിൽ ഒരാളെ നദിയിൽ കാണാതായി (Man Washed Away In River). ദാരുണമായ സംഭവത്തിൻ്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങൽ പ്രചരിക്കുന്നുണ്ട്. ഒഴുക്കിൽപ്പെട്ടയാളെ സുഹൃത്തുക്കൾ രക്ഷിക്കാൻ ശ്രമിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. രണ്ട് ദിവസമായി തുടർച്ചയായി പെയ്യുന്ന മഴയിൽ ജില്ലയിലെ നദികൾ കരകവിഞ്ഞൊഴുകുന്ന നിലയിലാണ്. ജയേഷ് രാംചന്ദ്ര ആംബ്രെ എന്ന 32 കാരനാണ് നദിയിലെ ഒഴുക്കിൽപ്പെട്ട് കാണാതായത്.
അണക്കെട്ടിന് താഴെ പെട്ടെന്നാണ് വെള്ളത്തിൻ്റെ ഒഴുക്ക് വർദ്ധിച്ചതെന്നും ഇതാണ് അപകടത്തിന് കാരണമെന്നും ജയേഷിൻ്റെ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ പോലീസിനോട് പറഞ്ഞു. ഇതുവരെ യുവാവിനെ കണ്ടെത്താനായിട്ടില്ല. ഇയാളെ കണ്ടെത്താൻ നഗരസഭയും ഭരണകൂടവും തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
रत्नागिरी जिल्ह्यात मुसळधार पावसाने पूरस्थिती निर्माण झाली आहे. खेडमध्ये शेल्डी धरणाच्या प्रवाहातून 32 वर्षीय तरुण वाहून गेल्याची घटना घडली आहे.#ratnagiri #Khed #ViralVideos #Maharashtra pic.twitter.com/zesgQ79WIQ
— Satish Daud Patil (@Satish_Daud) July 15, 2024
അതേസമയം കൊങ്കണിൽ കനത്ത മഴയെ തുടർന്ന് നിരവധി ഗ്രാമങ്ങളിൽ വെള്ളം കയറി. വെള്ളപ്പൊക്കത്തിന് സമാനമായ അവസ്ഥയാണ് പല പ്രദേശങ്ങളിലും. ശക്തമായ മഴ തുടർന്ന് കൊങ്കൺ പാതയിൽ വീണ്ടും മണ്ണിടിച്ചിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രത്നഗിരിയിലെ ഖേഡിനും വിഹ്നേര സ്റ്റേഷനും ഇടയിലാണ് ട്രാക്കിലേക്ക് മണ്ണിടിച്ചിലുണ്ടായിരിക്കുന്നത്. മണ്ണിടിച്ചിലിനെ തുടർന്ന് മുംബൈ-തിരുവനന്തപുരം നേത്രാവതി എക്സ്പ്രസ് റദ്ദാക്കിയതായി റെയിൽവേ അധികൃതർ അറിയിച്ചു. പൻവേലിൽ നിന്ന് ഉച്ചയ്ക്ക് 12.45 ന് പുറപ്പെടേണ്ട ട്രെയിനാണ് റദ്ദാക്കിയത്.
ALSO READ: കനത്ത മഴ; കൊങ്കൺ റെയിൽ പാതയിലെ മണ്ണിടിച്ചിലിനെ തുടർന്ന് ട്രെയിൻ റദ്ദാക്കി
നിലവിൽ മഹാരാഷ്ട്രയിലെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ തുടരുകയാണ്. ഈ സാഹചര്യത്തിൽ പലയിടത്തും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം രത്നഗിരിയിലുണ്ടായ കനത്ത മഴയിൽ വലിയ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ശക്തമായ നീരൊഴുക്ക് കാരണം ഖേഡ് താലൂക്കിലെ ശിവതാർ-നാംദാരെ വാദി റോഡ് തകർന്നു. വെള്ളത്തിൻ്റെ കുത്തൊഴുക്കിൽ റോഡിൻ്റെ വലിയൊരു ഭാഗം ഒലിച്ചുപോയതായും റിപ്പോർട്ടിലുണ്ട്.