Pradeep Sharma Case : 2004-ലെ അഴിമതി, ജയിലിലായ ഐഎഎസ് ഉദ്യോഗസ്ഥന് അഞ്ച് വർഷം പിന്നെയും തടവ്
Gujarat Pradeep Sharma Case: സ്വകാര്യ കമ്പനിക്ക് സർക്കാർ ഭൂമി അനുവദിച്ചതുമായി ബന്ധപ്പെട്ട മൂന്ന് അഴിമതിക്കേസുകളുടെ സംയുക്ത വിചാരണയാണ് കോടതിയിൽ നടന്നത്. വിപണി വിലയുടെ 25 ശതമാനം വിലക്കുറവിലാണ് ഭൂമി വിറ്റത്
അഹമ്മദാബാദ്: അഴിമതിക്കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന മുൻ ഐഎഎസ് ഉദ്യോഗസ്ഥന് മറ്റൊരു കേസിൽ വീണ്ടും ശിക്ഷ. ഗുജറാത്ത് കേഡർ ഐഎഎസ് ഉദ്യോഗസ്ഥൻ പ്രദീപ് ശർമയെ ആണ് സെഷൻസ് കോടതി ശിക്ഷിച്ചത്. 2004-ൽ ഗുജറാത്തിലെ കച്ച് ജില്ലയിൽ കളക്ടറായിരിക്കെ നടത്തിയ ഭൂമി ഇടപാടുകളിലെ അഴിമതിയിൻമേലാണ് ശിക്ഷ. അഞ്ച് വർഷം തടവും 75,000 രൂപ പിഴയുമാണ് പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജി കെ എം സോജിത്ര വിധിച്ചത്. ഗുജറാത്ത് സർക്കാരിന് 1.2 കോടി രൂപ നഷ്ടമുണ്ടാക്കി സ്വകാര്യ കമ്പനിക്ക് ഭൂമി അനുവദിച്ചതാണ് കുറ്റം. ഗുജറാത്ത് അഴിമതി വിരുദ്ധ ബ്യൂറോ (എസിബി)ഇയാൾക്കെതിരെ നേരത്തെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. അഴിമതി നിരോധന നിയമത്തിലെ സെക്ഷൻ 13(2) പ്രകാരം അഞ്ച് വർഷം തടവും 50,000 രൂപ പിഴയും, സെക്ഷൻ 11 പ്രകാരം മൂന്ന് വർഷം തടവും 25,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്.
വെൽസ്പൺ ഗ്രൂപ്പിന് സർക്കാർ ഭൂമി അനുവദിച്ചതുമായി ബന്ധപ്പെട്ട മൂന്ന് അഴിമതിക്കേസുകളുടെ സംയുക്ത വിചാരണയാണ് കോടതിയിൽ നടന്നത്. വിപണി വിലയുടെ 25 ശതമാനം വിലക്കാണ് പ്രദീപ് ശർമ ഭൂമി അനുവദിച്ചത്. ഇത് സർക്കാർ ഖജനാവിന് നഷ്ടമുണ്ടാക്കി. പ്രത്യുപകരമായി കമ്പനി തങ്ങളുടെ അനുബന്ധ സ്ഥാപനങ്ങളിലൊന്നായ വാല്യൂ പാക്കേജിംഗിൽ 30 ശതമാനം ഷെയർ നൽകി.
29.5 ലക്ഷം രൂപയുടെ ആനുകൂല്യങ്ങളും നൽകി. അതേസമയം 2004ൽ കച്ച് കലക്ടറായിരിക്കെ സ്വകാര്യ കമ്പനിയിൽ നിന്ന് 29 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാരോപിച്ച് 2014 സെപ്തംബർ 30നാണ് ശർമയെ എസിബി അറസ്റ്റ് ചെയ്തത്. സർവ്വീസ് കാലത്തടക്കം നിരവധി അഴിമതിക്കേസുകൾ പ്രദീപ് ശർമ്മക്കെതിരെ ചുമത്തിയിട്ടുണ്ട്. നേരത്തെ ജയിലിൽ ഫോൺ ഉപയോഗിച്ച കേസിൽ ശർമ്മയുടെ ജയിൽ ശിക്ഷ ഒരു മാസം കൂടി നീട്ടിയിരുന്നു.