ചരിത്രത്തിലാദ്യം, 64,000 കോടി രൂപയുടെ യുദ്ധവിമാനങ്ങൾ വാങ്ങാൻ എച്ച്എഎല്ലുമായി കരാർ
ചരിത്രത്തിൽ ആദ്യമായാണ് രാജ്യത്തിനകത്ത് നിർമ്മിക്കുന്ന പ്രതിരോധ ഉപകരണങ്ങൾക്കായി കേന്ദ്രസർക്കാർ ഇത്രയും ഉയർന്ന കരാർ നൽകുന്നത്.
ന്യൂഡൽഹി: തദ്ദേശീയ പ്രതിരോധ ഉൽപാദന ശേഷി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡുമായി (എച്ച്എഎൽ) 65,000 കോടി രൂപയുടെ യുദ്ധവിമാനങ്ങൾ വാങ്ങാൻ കരാർ ഒപ്പുവെച്ച് പ്രതിരോധ മന്ത്രാലയം. എൽസിഎ മാർക്ക് 1എ വിഭാഗത്തിൽപ്പെട്ട 97 യുദ്ധവിമാനങ്ങൾക്കായുള്ള കരാറാണ് എച്ച്എഎല്ലിന് ലഭിച്ചിരിക്കുന്നത്. ചരിത്രത്തിൽ ആദ്യമായാണ് രാജ്യത്തിനകത്ത് നിർമ്മിക്കുന്ന പ്രതിരോധ ഉപകരണങ്ങൾക്കായി കേന്ദ്രസർക്കാർ ഇത്രയും ഉയർന്ന കരാർ നൽകുന്നത്. ഇതോടെ തദ്ദേശീയ പ്രതിരോധ ഉപകരണങ്ങളുടെ ഏറ്റവും വലിയ കരാർ സ്വന്തമാക്കിയ സ്ഥാപനം എന്ന ബഹുമതിയും എച്ച്എഎൽ സ്വന്തമാക്കി.
അടുത്തിടെ സർക്കാർ പുറപ്പെടുവിച്ച ടെൻഡറിന് മറുപടി നൽകാൻ എച്ച്എഎല്ലിന് മൂന്ന് മാസത്തെ സമയം അനുവദിച്ചിരുന്നു. ഘട്ടം ഘട്ടമായി സേനയിൽ നിന്ന പിൻവലിക്കാൻ ഉദ്ദേശിക്കുന്ന MiG-21, MiG-23, MiG-27 എന്നിവയ്‌ക്ക് പകരമായാണ് എച്ച്എല്ലിൽ നിന്ന് യുദ്ധവിമാനങ്ങൾ വാങ്ങുന്നതെന്ന് പ്രതിരോധ വൃത്തങ്ങൾ വ്യക്തമാക്കി. പ്രതിരോധ മന്ത്രാലയത്തിന്റെയും വ്യോമസേനയുടെയും പൂർണ്ണ പിന്തുണയോടെയാണ് രാജ്യത്ത് യുദ്ധവിമാനങ്ങൾ നിർമിക്കുന്നത്. പ്രതിരോധ മേഖലയെ ആത്മനിർഭരമാക്കാനും സ്വദേശീവൽക്കരണം നടപ്പാക്കാനും പ്രഥമ പരിഗണനയാണ് കേന്ദ്രസർക്കാർ നൽകുന്നത്. ഇത്തരം വൻകിട ഓർഡറുകൾ ലഭിക്കുന്നത് പ്രതിരോധ ഉത്പാദന മേഖലയെ ശക്തിപ്പെടുത്തുമെന്നും വൃത്തങ്ങൾ ചൂണ്ടിക്കാട്ടി. കൂടാതെ രാജ്യത്തുടനീളമുള്ള ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക് ബിസിനസ് അവസരങ്ങൾ നൽകുകയും ചെയ്യും.
കേന്ദ്ര പൊതുമേഖല സ്ഥാപനമായ എച്ച്എഎല്ലിന്റെ പ്രവർത്തനങ്ങൾക്ക് പ്രധാനമന്ത്രി നേരിട്ട് തന്നെ മേൽനോട്ടം വഹിക്കുന്നുണ്ട്. തദ്ദേശീയ യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും എഞ്ചിനുകളും നിർമിക്കുന്നതിനുള്ള പ്രധാന പ്രതിരോധ ഓർഡറുകൾ എച്ച്എഎല്ലാണ് കൈകാര്യം ചെയ്യുന്നത്. ഏതാനും ആഴ്ചകൾക്കുള്ളിൽ തന്നെ ആദ്യ വിമാനം കൈമാറാനുളള തയ്യാറെടുപ്പിലാണ് എച്ച്എഎൽ. തേജസ് വിമാനത്തിന്റെ നൂതന പതിപ്പാണ് എൽസിഎ മാർക്ക് 1എ. യുദ്ധവിമാനത്തിന്റെ 65 ശതമാനത്തിൽ കൂടുതൽ ഘടകങ്ങളും തദ്ദേശീയമായി നിർമിച്ചവയാണ്. ആത്മനിർഭർ ഭാരത്, മെയ്‌ക്ക് ഇൻ ഇന്ത്യ സംരംഭങ്ങളുടെ ശക്തി പ്രകടനമാണ് എൽസിഎ മാർക്ക് 1എ വിലയിരുത്തുന്നത്. നിലവിൽ 200-ലധികം എൽസിഎ മാർക്ക് 2 വിമാനങ്ങളും സമാനമായ അഞ്ചാം തലമുറ അഡ്വാൻസ്ഡ് മീഡിയം കോംബാറ്റ് എയർക്രാഫ്റ്റുകളും വാങ്ങുന്നതിനുള്ള കരാറുകളും എച്ച്എഎൽ സ്വന്തമാക്കിയിട്ടുണ്ട്.
97-ലധികം എൽസിഎ മാർക്ക് 1എ യുദ്ധവിമാനങ്ങൾ സ്വന്തമാക്കാനുള്ള പദ്ധതി എയർഫോഴ്സ് ചീഫ് എയർ ചീഫ് മാർഷൽ വി ആർ ചൗധരി തൻ്റെ സ്പെയിൻ പര്യടനത്തിനിടെ പങ്കിട്ടിരുന്നു. മാധ്യമങ്ങളോട് സംസാരിക്കവെ, തദ്ദേശീയമായ യുദ്ധവിമാന ഓർഡറുകൾ വർദ്ധിപ്പിക്കുന്നതിനുള്ള പദ്ധതികളും അദ്ദേഹം പങ്കുവെച്ചു.