Human Sacrifice: അഞ്ച് വയസുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തി രക്തം ക്ഷേത്രത്തിൽ സമർപ്പിച്ചു; പ്രതി അറസ്റ്റിൽ
Human Sacrifice In Gujarat: ഗുജറാത്തിൽ നരബലിയെന്ന് സംശയം. അഞ്ച് വയസുകാരിയെ കൊന്ന് രക്തം ക്ഷേത്രത്തിൽ സമർപ്പിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇത് നരബലിയാവാനുള്ള സാധ്യതയുണ്ടെന്നാണ് പോലീസ് പറയുന്നത്.

പ്രതീകാത്മക ചിത്രം
അഞ്ച് വയസുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തി രക്തം ക്ഷേത്രത്തിൽ സമർപ്പിച്ചയാൾ അറസ്റ്റിൽ. നരബലിയെന്ന് സംശയിക്കപ്പെടുന്നതാണ് ഇതെന്ന് പോലീസ് അറിയിച്ചു. ഗുജറാത്തിലെ ഛോതൗദേപൂർ ജില്ലയിലാണ് സംഭവം. ലാല തദ്‌വി എന്നയാളാണ് അറസ്റ്റിലായത്. നരബലിയെന്ന് സംശയമുണ്ടെങ്കിലും കൊലപാതകത്തിൻ്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്നാണ് പോലീസ് പറയുന്നത്.
ഈ മാസം 10ന് പുലർച്ചെ പനേജ് ഗ്രാമത്തിലെ വീട്ടിൽ നിന്നാണ് കുട്ടിയെ ഇയാൾ തട്ടിയെടുക്കുന്നത്. വീട്ടിലുണ്ടായിരുന്ന മാതാവിനെ ഭയപ്പെടുത്തി ഇയാൾ കുട്ടിയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു എന്ന് അസിസ്റ്റൻ്റ് സൂപ്രണ്ട് ഓഫ് പോലീസ് ഗൗരവ് അഗർവാൾ പറഞ്ഞു. കുട്ടിയെ തൻ്റെ വീട്ടിലേക്ക് കൊണ്ടുപോയ ഇയാൾ മഴു ഉപയോഗിച്ച് കുഞ്ഞിൻ്റെ കഴുത്തിൽ ഗുരുതരമായ മുറിവുകളുണ്ടാക്കി. കഴുത്തിൽ നിന്നൊഴുകിയ രക്തം ശേഖരിച്ച ഇയാൾ വീട്ടിൽ തന്നെയുണ്ടായിരുന്ന ചെറിയ ഒരു ക്ഷേത്രത്തിൻ്റെ നടയിൽ സമർപ്പിച്ചു. കുഞ്ഞിനെ തിരഞ്ഞെത്തിയ മാതാവും ഗ്രാമവാസികളും നോക്കിനിൽക്കെയായിരുന്നു ഇത്. ഇയാൾ മഴുവീശി ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്നതിനാൽ ഇവർക്ക് ഒന്നും ചെയ്യാനായില്ല. രക്തം വാർന്നാണ് കുട്ടി മരിച്ചത്. പ്രതിയുടെ മാനസിക നില തകരാറിലാണെന്ന സംശയമുണ്ടെന്നും അഗർവാൾ പ്രതികരിച്ചു.
കുട്ടിയുടെ കുടുംബം നൽകിയ പരാതിയെ തുടർന്ന് പ്രതിയ്ക്കെതിരെ എഫ്ഐആർ ഫയൽ ചെയ്തു. ഭാരതീയ ന്യായ സൻഹിതയനുസരിച്ച് കൊലപാതകം, തട്ടിക്കൊണ്ടുപോകൽ എന്നീ കുറ്റങ്ങളാണ് പ്രതിയ്ക്കെതിരെ ചുമത്തിയത്.
കൊല്ലപ്പെട്ട പെൺകുട്ടിയുടെ അനിയനെയാണ് താൻ കൊലപ്പെടുത്താനുദ്ദേശിച്ചിരിക്കുന്നതെന്ന് പ്രതി ഭീഷണിപ്പെടുത്തിയിരുന്നതായി ഗ്രാമവാസികൾ പറഞ്ഞു. എന്നാൽ, പെൺകുട്ടിയെ കണ്ടതോടെ പ്രതി കുട്ടിയെ വീടിനുള്ളിൽ നിന്ന് വലിച്ചിറക്കുകയായിരുന്നു.
ഗർഭിണിയെ പീഡിപ്പിച്ച് പോലീസുകാരൻ
രാജസ്ഥാനിൽ ഗർഭിണിയായ യുവതിയെ മൂന്ന് വയസ്സായ മകൻ്റെ മുന്നിൽ വച്ച് പോലീസ് ഉദ്യോഗസ്ഥൻ ലൈംഗികമായി പീഡിപ്പിച്ചു എന്ന വാർത്തയും ഇന്ന് പുറത്തുവന്നിരുന്നു. ജയ്പൂരിലെ സങ്കനേര്‍ എന്ന സ്ഥലത്താണ് സംഭവം നടന്നത്. മൊഴിയെടുക്കാനായി കൂട്ടിക്കൊണ്ടുപോയ പോലീസുകാരനാണ് യുവതിയെ പീഡിപ്പിച്ചത്. സംഭവത്തിൽ പോലീസ് കേസെടുത്തു. പ്രതിയായ പോലീസ് ഉദ്യോഗസ്ഥനെ സർവീസിൽ നിന്ന് പുറത്താക്കുകയും ചെയ്തു. യുവതിയുടെ മെഡിക്കൽ റിപ്പോർട്ട് പുറത്തുവന്നതിന് ശേഷം കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്നാണ് പോലീസ് പറയുന്നത്.