Cloudburst : മിനിറ്റുകൾ മാത്രം പെയ്യുന്ന മഴ; പക്ഷെ സൃഷ്ടിക്കുന്നത് വൻ നാശനഷ്ടങ്ങൾ, എന്താണ് മേഘവിസ്ഫോടനം?
Cloudburst How it Happens : ക്യുമുലോ നിംബസ് മേഘങ്ങൾ കാരണമാണ് മേഘവിസ്ഫോടനം എന്ന പ്രതിഭാസത്തിന് വഴിവെക്കുന്നത്. മിനിറ്റുകൾ മാത്രം ദൈർഘ്യമുള്ള മഴയാണെങ്കിലും മേഘവിസ്ഫോടനത്തിലൂടെ വെള്ളപ്പൊക്കത്തിന് സമാനമായ നശനഷ്ടങ്ങൾ ഉണ്ടാകും
ഉരുൾപൊട്ടൽ പോലെ തന്നെ വലിയ നാശനഷ്ടങ്ങൾ സൃഷ്ടിക്കുന്ന മഴയുടെ പ്രതിഭാസമാണ് മേഘവിസ്ഫോടനം (Cloudburst). വളരെ ചുരുങ്ങിയ ദൈർഘ്യം കൊണ്ട് മണിക്കൂറുകൾ നീണ്ട് നിൽക്കുന്ന മഴയ്ക്ക് സമാനമായ സ്ഥിതിയും നാശനഷ്ടങ്ങളുമാണ് മേഘവിസ്ഫോടനത്തിലൂടെ ഉണ്ടാകുക. ഇന്ത്യയിൽ പ്രധാനമായും ഹിമാലയൻ മലനിരകളിലാണ് മേഘവിസ്ഫോടനങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളത്. മേഘവിസ്ഫോടനത്തെ തുടർന്ന് വലിയ അപകടങ്ങളും സംഭവിക്കാറുണ്ട്.
എന്താണ് മേഘവിസ്ഫോടനം?
കുറഞ്ഞ സമയത്തിൽ ഒരു പ്രദേശത്ത് ശക്തമായ മഴ പെയ്യുന്ന പ്രതിഭാസമാണ് മേഘവിസ്ഫോടനമെന്ന് ചുരുക്കത്തിൽ പറയാം. ചിലപ്പോൾ മിനിറ്റുകൾ മാത്രമെ ഈ മഴ പ്രതിഭാസത്തിന് ദൈർഘ്യമുണ്ടാകൂ. മറ്റ് ചില സാഹചര്യങ്ങൾ മഴയുടെ ദൈർഘ്യം നീണ്ടു പോയേക്കാം. ദൈർഘ്യം എന്ത് തന്നെയാണെങ്കിലും മേഘവിസ്ഫോടനങ്ങൾ വലിയ വെള്ളപ്പൊക്കങ്ങൾക്കും നാശനഷ്ടങ്ങൾക്കും ഇടയാക്കാറുണ്ട്. മഴയ്ക്കൊപ്പം കാറ്റും ഇടിമുഴക്കവും ഉണ്ടാകുന്നു എന്നതാണ് ഈ പ്രതിഭാസത്തിൻ്റെ മറ്റൊരു പ്രത്യേകത. ഈ മഴ പെട്ടെന്ന് ശക്തിപ്രാപിക്കുകയും ആ പ്രദേശത്തെയാകെ വെള്ളത്തിനടിയിലാക്കുകയും ചെയ്യും. മണിക്കൂറിൽ 100 മില്ലീമീറ്ററിൽ കൂടുതൽ മഴ ഒരു സ്ഥലത്തു ലഭിച്ചാൽ, അതിനെ മേഘസ്ഫോടനം എന്ന് വിളിക്കാം. ഇന്ത്യയിൽ ജൂൺ മാസം മുതൽ തെക്കുപടിഞ്ഞാറൻ മൺസൂൺ കാലത്താണ് സാധാരണയായി മേഘവിസ്ഫോടനം ഉണ്ടാകുന്നത്.
ALSO READ : Himachal Pradesh Cloudburst : ഷിംലയിലും കുളുവിലും മേഘവിസ്ഫോടനം; 50 ഓളം പേരെ കാണാതായി
മേഘവിസ്ഫോടനത്തിന് പിന്നിലുള്ളത് ക്യുമുലോ നിംബസ് മഴമേഘങ്ങൾ
മേഘങ്ങളിൽ ഏറ്റവും വലിപ്പം കൂടിയവയാണ് ക്യുമുലോ നിംബസ് മഴമേഘങ്ങൾ. ഇവ കേരളത്തിൽ സാധാരണയായി രൂപപ്പെടുന്നത് തുലാവർഷകാലത്താണ് (നവംബർ മാസത്തിൽ). രാജ്യത്ത് വടക്കൻ മേഖലകളിൽ കാലവർഷങ്ങളിലും ഈ മഴമേഘങ്ങൾ രൂപപ്പെടാറുണ്ട്. ഭൗമോപരിതലത്തിൽനിന്നും ഈർപ്പം നിറഞ്ഞ വായു അന്തരീക്ഷത്തിൻ്റെ മുകൾതട്ടിലേക്ക് ഉയരുകയും തുടർന്ന് ഘനീഭവിക്കുകയും ചെയ്യുമ്പോഴാണ് മഴമേഘങ്ങൾ രൂപപ്പെടുന്നത്. ശക്തമായ മഴയും കാറ്റും ഇടിയും ചിലപ്പോഴൊക്കെ ആലിപ്പഴ വർഷവും, ക്യുമുലോ നിംബസ് മേഘങ്ങളുടെ പ്രത്യേകതയായി കരുതപ്പെടുന്നു.
ഈ മേഘത്തിനുള്ളിൽ ശക്തിയേറിയ വായുപ്രവാഹം കാണാറുണ്ട്. മേഘത്തിൻ്റെ നടുഭാഗത്തു കൂടി അടിയിൽ നിന്നു മുകളിലേക്കുയരുന്നതിനെ അപ്ഡ്രിഫ്റ്റ് എന്നാണ് വിളിക്കുന്നത്. ഈ മേഘങ്ങളുടെ താഴെത്തട്ടിൽ ജലകണങ്ങളും മുകളറ്റത്ത് ഐസ് ക്രിസ്റ്റലുമുണ്ട്. ക്യുമുലോ നിംബസ് മേഘങ്ങളിൽ ഡൗൺഡ്രിഫ്റ്റ് കൂടുതലാണ്. അതുകൊണ്ട് കൂടുതൽ ഈർപ്പമുള്ള വയുപ്രവാഹം മുകളിലേക്കെത്തും.
ഭൗമാന്തരീക്ഷത്തിൻ്റെ നിശ്ചിത ഭാഗത്തിനു മുകളിൽ വളരെ തണുത്ത അവസ്ഥയാണുള്ളത്. മേഘത്തിനുള്ളിലൂടെ എത്തുന്ന വായു ഈ കൊടുംതണുപ്പിലേക്കു എത്തുമ്പോൾ ജലാംശം മുഴുവൻ ഉറഞ്ഞു വലിയ മഞ്ഞുകണങ്ങളാകുന്നു. കാറ്റിൻ്റെ മുകളിലേക്കുള്ള പ്രവാഹം കുറയുന്ന സമയത്ത് ഈ മഞ്ഞുകണങ്ങൾ ഭൂഗുരുത്വാകർഷണത്തിൽപ്പെട്ടു താഴേക്കു പതിക്കുന്നു. അതിനിടയിൽ താഴേക്കുള്ള യാത്രയിൽ കൂടൂതൽ ചെറിയകണങ്ങളുമായി ചേർന്ന്, അവയുടെ വലിപ്പം കൂടുകയും ഭൗമോപരിതലത്തിലെമ്പോൾ, അന്തരീക്ഷതാപം കൂടുതലായതിനാൽ ഉരുകി വെള്ളത്തുള്ളിയായി മാറുകയും ചെയ്യും. ഇതാണ് മേഘവിസ്ഫോടനമെന്ന ശക്തമായ മഴയ്ക്ക് കാരണമാകുന്നത്.
പല വർഷങ്ങളിലും ഹിമാലയൻ സംസ്ഥാനങ്ങളായ ഉത്തരാഖണ്ഡിലും ഹിമാചൽ പ്രദേശിലും കനത്ത നാശനഷ്ടങ്ങൾക്കും നിരവധി മരണങ്ങൾക്കും കാരണമായ മഴയും മണ്ണിടിച്ചിലും മറ്റുമുണ്ടായത് മേഘവിസ്ഫോടനത്തെ തുടർന്നാണ്. മലനിരകളിൽ മേഘവിസ്ഫോടനം കാരണം വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ, ചെളിപ്രവാഹം എന്നിവ ഉണ്ടാകാറുണ്ട്.