HMPV Case India : ഇന്ത്യയിലും എച്ച്എംപിവി; രോഗം സ്ഥിരീകരിച്ചത് ബെംഗളൂരുവില്‍ എട്ട് മാസം പ്രായമുള്ള കുട്ടിയില്‍
Baby detected with HMPV in Bengaluru : ഇന്ത്യയിലും ഹ്യൂമൻ മെമെറ്റാന്യൂമോവൈറസ് (എച്ച്എംപിവി) സ്ഥിരീകരിച്ചു. ബെംഗളൂരുവില്‍ എട്ട് മാസം പ്രായമുള്ള കുഞ്ഞിലാണ് വൈറസ് ബാധ കണ്ടെത്തിയത്. നഗരത്തിൻ്റെ വടക്കൻ ഭാഗത്തുള്ള പ്രശസ്തമായ ബാപ്റ്റിസ്റ്റ് ആശുപത്രിയിലാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടിക്ക് വിദേശയാത്ര പശ്ചാത്തലമില്ലെന്നാണ് സൂചന. ചൈനയില്‍ വ്യാപിച്ച വൈറസ് ബാധയുടെ അതേ വകഭേദമാണോ ഇതെന്നും വ്യക്തമല്ല
ബെംഗളൂരു: ഇന്ത്യയിലും ഹ്യൂമൻ മെമെറ്റാന്യൂമോവൈറസ് (എച്ച്എംപിവി) സ്ഥിരീകരിച്ചു. ബെംഗളൂരുവില്‍ എട്ട് മാസം പ്രായമുള്ള കുഞ്ഞിലാണ് വൈറസ് ബാധ കണ്ടെത്തിയത്. നഗരത്തിൻ്റെ വടക്കൻ ഭാഗത്തുള്ള പ്രശസ്തമായ ബാപ്റ്റിസ്റ്റ് ആശുപത്രിയിലാണ് രോഗം സ്ഥിരീകരിച്ചത്. എന്നാല്‍ തങ്ങളുടെ ലാബില്‍ അല്ല പരിശോധന നടത്തിയതെന്നും, സ്വകാര്യ ആശുപത്രിയില്‍ നിന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നതെന്നും ആരോഗ്യവകുപ്പ് വൃത്തങ്ങള്‍ അറിയിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സ്വകാര്യ ആശുപത്രിയിലെ പരിശോധനാ ഫലങ്ങളില്‍ സംശയിക്കേണ്ട കാര്യമില്ലെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി. എന്നാല്‍ കുട്ടിക്ക് രോഗം ബാധിച്ചതെന്ന് എങ്ങനെയെന്ന് വ്യക്തമല്ല.
കുട്ടിക്ക് വിദേശയാത്ര പശ്ചാത്തലമില്ലെന്നാണ് സൂചന. ചൈനയില്‍ വ്യാപിച്ച വൈറസ് ബാധയുടെ അതേ വകഭേദമാണോ ഇതെന്നും വ്യക്തമല്ല.പനിയെ തുടര്‍ന്നാണ് കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് എച്ച്എംപിവി സ്ഥിരീകരിച്ചത്. കുഞ്ഞിന്റെ നില ഗുരുതരമല്ലെന്നാണ് വിവരം.
ചൈനയിലെ പുതിയ വൈറസ് വ്യാപനം നിരീക്ഷിച്ച് വരികയാണെന്നും, ആശങ്ക വേണ്ടെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. ഇന്ത്യയിലെ ശ്വാസകോശസംബന്ധമായ അണുബാധയെക്കുറിച്ചുള്ള ഡാറ്റ വിശകലനം ചെയ്‌തെന്നും, എന്നാല്‍ 2024 ഡിസംബറിലെ ഡാറ്റയില്‍ വര്‍ധനവുണ്ടായിട്ടില്ലെന്നും ഹെൽത്ത് സർവീസ് ഡയറക്ടർ ജനറൽ (ഡിജിഎച്ച്എസ്) അതുൽ ഗോയൽ അറിയിച്ചു.
ശ്വാസകോശ സംബന്ധമായ അണുബാധകൾ ബാധിക്കാതിരിക്കാന്‍ മുന്‍കരുതല്‍ മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നും ചുമയോ ജലദോഷമോ ഉള്ളവര്‍ മറ്റുള്ളവരുമായി അടുത്ത സമ്പര്‍ക്കം ഒഴിവാക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചിരുന്നു. ശൈത്യകാലത്ത് ശ്വാസകോശ സംബന്ധമായ അണുബാധകൾ വര്‍ധിക്കാറുണ്ടെന്നും, ഇത്തരം സാഹചര്യങ്ങളില്‍ ആശുപത്രികളില്‍ ബെഡുകളും അവശ്യ സംവിധാനങ്ങളും ഒരുക്കാറുണ്ടെന്നും അതുൽ ഗോയൽ വിശദീകരിച്ചു.
എച്ച്എംപിവി ചൈനയില്‍ വ്യാപിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. നിരവധി പേര്‍ക്ക് രോഗം ബാധിച്ചതായും ആശുപത്രികളില്‍ തിരക്കുകള്‍ വര്‍ധിക്കുന്നതായും രാജ്യാന്തര മാധ്യമങ്ങളടക്കം റിപ്പോര്‍ട്ട് ചെയ്തു. ഇതുമായി ബന്ധപ്പെട്ട് സാമൂഹ്യമാധ്യമങ്ങളില്‍ വീഡിയോ ദൃശ്യങ്ങളും പ്രചരിച്ചിരുന്നു.
Read Also : ചൈനയിലെ വൈറസ് വ്യാപനം; സാഹചര്യം നിരീക്ഷിച്ച് ഇന്ത്യ; ആശങ്ക വേണ്ടെന്ന് കേന്ദ്രം
ന്യൂമോവിരിഡേ എന്ന ഗണത്തില്‍പ്പെട്ട ഈ വൈറസ് ശ്വാസകോശ അണുബാധയ്ക്ക് കാരണമാകുന്നു. പ്രായവ്യത്യാസമില്ലാതെ ആര്‍ക്കും ബാധിക്കാമെങ്കിലും കൂടുതലും കുട്ടികളിലാണ് ഇത് കണ്ടുവരുന്നതെന്നാണ് റിപ്പോര്‍ട്ട്. പനി, തൊണ്ടവേദന, ചുമ, മൂക്കൊലിപ്പ് തുടങ്ങിയവ ഈ രോഗത്തിന്റെ ലക്ഷണങ്ങളാണ്. രോഗം സങ്കീര്‍ണമാകുമ്പോള്‍ കടുത്ത ശ്വാസതടസം അനുഭവപ്പെടാം. കൂടാതെ ന്യുമോണിയ, ആസ്തമ, ബ്രോങ്കൈറ്റിസ് തുടങ്ങിയവയിലേക്കും ഇത് നയിച്ചേക്കാം.
സമ്പര്‍ക്കത്തിലൂടെയാണ് ഇത് പടരുന്നത്. വൈറസ് ശരീരത്തിനുള്ളിലെത്തി ഒരാഴ്ചയ്ക്കുള്ളില്‍ രോഗലക്ഷണങ്ങള്‍ പുറത്തുവരും. പ്രത്യേക ചികിത്സയില്ലെന്നതാണ് ആശങ്ക. 2001ലാണ് ഈ വൈറസ് ആദ്യം കണ്ടെത്തിയത്. എന്നാല്‍ ഇതുവരെ വാക്‌സിന്‍ വികസിപ്പിക്കാനായിട്ടില്ല.
നിലവിലെ രോഗവ്യാപനത്തെക്കുറിച്ച് ചൈന കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ലെന്നും റിപ്പോര്‍ട്ടുണ്ട്. രാജ്യത്തിന്റെ വടക്കന്‍ പ്രവിശ്യയിലാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതെന്നും മാധ്യമ റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ചൈന രോഗവ്യാപനവുമായി ബന്ധപ്പെട്ട കണക്കുകള്‍ കുറച്ചു കാണിക്കുന്നുവെന്നാണ് മറ്റൊരു ആരോപണം. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഈ ശൈത്യകാലത്ത് ശ്വാസകോശ അണുബാധ കുറവാണെന്നായിരുന്നു ചൈനീസ് വിദേശകാര്യമന്ത്രാലയ വക്താവ് മാവോ നിങിന്റെ വിശദീകരണം.