HMPV Cases: രാജ്യത്ത് എച്ച്‌എംപിവി രോഗബാധിതർ ആറായി; അനാവശ്യ ആശങ്ക പരത്തരുതെന്ന് വീണ ജോർജ്
Six Cases of HMPV Reported in India: ഇതുവരെ ബെംഗളുരുവിൽ ചെന്നൈയിൽ രണ്ട് വീതം കേസുകളും അഹമ്മദാബാദിലും കൊൽക്കത്തയിലും ഒന്ന് വീതവുമാണ് രോഗബാധ റിപ്പോർട്ട് ചെയ്തത്.
ചെന്നൈ: രാജ്യത്ത് എച്ച്‌എംപിവി രോഗബാധിതരുടെ എണ്ണം കൂടുന്നു. ഇതുവരെ ആറ് പേർക്ക് രോഗം സ്ഥിരീകരിച്ചതായി റിപ്പോർട്ട്. ബെംഗളൂരു, ഗുജറാത്ത്, തമിഴ്മനാട് , കൊൽക്കത്ത എന്നീവിടങ്ങളിൽ നിന്നുള്ളവർക്കാണ് രോഗം സ്ഥിരീകരിച്ചത്. ബെംഗളുരുവിലും ചെന്നൈയിലും രണ്ട് വീതം കേസുകളും അഹമ്മദാബാദിലും കൊൽക്കത്തയിലും ഒന്ന് വീതവുമാണ് രോഗബാധ റിപ്പോർട്ട് ചെയ്തത്.
ചെന്നൈയിൽ തേനംപെട്ട്, ഗിണ്ടി എന്നിവിടങ്ങളിൽ നിന്നുള്ള രണ്ട് കുട്ടികൾക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ചുമ, ശ്വാസതടസ്സം ഉൾപ്പെടെയുള്ള പ്രശ്നങ്ങളെ തുടർന്നാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുട്ടികൾ സുഖം പ്രാപിച്ചു വരുന്നതായി ആരോഗ്യവകുപ്പ് അറിയിച്ചു. അതിനിടെ കൊൽക്കത്തയിലും അഞ്ചുമാസം പ്രായമുള്ള കുഞ്ഞിന് വൈറസ് ബാധയെ തുടർന്ന് ആശൂപത്രിയിൽ പ്രവേശിപ്പിച്ചു.
എച്ച്എംപിവി കേസുകളുടെ വിശദാംശങ്ങൾ
- ഇന്ത്യയിലെ ആദ്യ കേസ് റിപ്പോർട്ട് ചെയ്തത് ബെംഗളൂരുവിലാണ്. ബെംഗളൂരുവില്‍ എട്ട് മാസം പ്രായമുള്ള കുഞ്ഞിനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ബാപ്റ്റിസ്റ്റ് ആശുപത്രിയിലാണ് കേസ് റിപ്പോര്‍ട്ട് ചെയ്തത്.
- കർണാടകയിൽ 3 മാസം പ്രായമുള്ള പെൺകുഞ്ഞിനും രോഗം സ്ഥിരീകരിച്ചിരുന്നു. ബാംഗളൂരുവിലെ ബാപ്റ്റിസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം എച്ച്എംപിവി രോഗം സ്ഥിരീകരികരിക്കുകയായിരുന്നു. കുഞ്ഞിനെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു.
- ഗുജറാത്തിലും എച്ച്എംപിവി രോഗബാധ റിപ്പോർട്ട് ചെയ്തത്. അഹമ്മദാബാദിൽ രണ്ട് മാസം പ്രായമുള്ള കുഞ്ഞിനാണ് രോഗം റിപ്പോർട്ട് ചെയ്തത്. കുഞ്ഞ് ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണെന്നാണ് റിപ്പോർട്ടുകൾ.
- കൊൽക്കത്തയിൽ അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനാണ് രോഗബാധ റിപ്പോർട്ട് ചെയ്തത്.
- ചെന്നൈയിലെ ഗിണ്ടി, തേനാംപേട്ട് എന്നിവിടങ്ങളിലെ രണ്ട് കുട്ടികൾക്കാണ് രോഗബാധ റിപ്പോർട്ട് ചെയ്തത്.
എച്ച്എംപിവി വൈറസ് ബാധയെക്കുറിച്ച് ആശങ്കപ്പെടാനില്ലെന്ന് ആരോഗ്യവിദഗ്ധർ പറഞ്ഞു. ശൈത്യകാലത്ത് സാധാരണ കണ്ടു വരുന്ന വൈറസ് ബാധ മാത്രമാണിതെന്നും എല്ലാ വർഷവും ഇതുണ്ടാകുറുണ്ടെന്നും ആരോഗ്യവിദഗ്ധർ അഭിപ്രായപ്പെടുന്നു. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലും ഡിസംബർ, ജനുവരി മാസങ്ങളിലുമാണ് വൈറസ് റിപ്പോർട്ട് ചെയ്യപ്പെടാറുള്ളത്. ജലദോഷത്തിനു സമാനമായ അസ്വസ്ഥതകളാണ് വൈറസ് ബാധയുടെ ഭാഗമായുണ്ടാകാറുള്ളതെന്നും ആരോഗ്യവിദഗ്ധർ അറിയിച്ചു.
2001-ലാണ് വൈറസ് ആദ്യമായി കണ്ടെത്തിയത്. എന്നാൽ ഇത് കണ്ടെത്താനായി പ്രത്യേക പരിശോധനകൾ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ നടക്കാറുണ്ടായിരുന്നില്ല. ഇതിനു മുൻപും പലർക്കും രോഗം വന്നിപോയിരിക്കാമെന്നും സാധാരണ ജലദോഷപ്പനിയുടെ ലക്ഷണങ്ങൾ കാണിക്കുന്ന ഈ വൈറസ് അപൂർവം കേസുകളിൽ മാത്രമാണ് ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നത്. എന്നാൽ കഴിഞ്ഞ ദിവസം ചൈനയിൽ രോഗം റിപ്പോർട്ട് ചെയ്തതോടെയാണ് ഇന്ത്യയടക്കമുള്ള മറ്റ് രാജ്യങ്ങളിലും പരിശോധനകൾ ശക്തമാക്കിയത്. സ്ഥിതി സമഗ്രമായി വിലയിരുത്തി മുന്നോട്ട് പോകുമെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയവും അറിയിക്കുന്നു. ശ്വാസകോശസംബന്ധിയായ അസുഖങ്ങളുടെ സാഹചര്യം വിലയിരുത്തി വരികയാണെന്നും വലിയ ക്ലസ്റ്ററുകളായുള്ള വർദ്ധന ഇത്തരം രോഗങ്ങളിൽ ഇന്ത്യയിലുണ്ടായിട്ടില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
അനാവശ്യ ആശങ്ക പരത്തരുതെന്ന് മന്ത്രി വീണ ജോർജ്
അതേസമയം രാജ്യത്ത് എച്ച്എംപിവി റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന വാർത്തയിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. ചൈനയിൽ വൈറൽ പനിയുടെയും ന്യൂമോണിയയുടെയും ഔട്ട് ബ്രേക്ക് ഉണ്ടെന്ന വാർത്തകൾ പുറത്ത് വന്നതോടെ സംസ്ഥാനത്ത് നടപടി സ്വീകരിച്ചിരുന്നുവെന്നും ഈ സാഹചര്യം സസൂക്ഷ്മം നിരീക്ഷിച്ച് വരികയാണെന്നും മന്ത്രി പറഞ്ഞു. ആരോഗ്യ വിദഗ്ധരുമായി സംസാരിച്ച് പ്രതിരോധം ശക്തമാക്കിയിട്ടുണ്ട്. നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.