HMPV Virus: ‘എച്ച്എംപിവിയിൽ പരിഭ്രാന്തരാകേണ്ടതില്ല, ജലദോഷത്തെ നേരിടുന്ന മുൻകരുതൽ മതി’: ഡോ. സൗമ്യ സ്വാമിനാഥൻ
HMPV Virus In India: സാധാരണ ജലദോഷത്തിന് സ്വീകരിക്കാറുള്ള മുൻകരുതലുകൾ മാത്രമാണ് വേണ്ടത്. ചിലഘട്ടങ്ങളിൽ ഈ വൈറസ് ന്യുമോണിയയ്ക്ക് കാരണമാവുകയോ ഗുരുതരമായ ശ്വാസകോശ പ്രശ്നങ്ങളിലേക്ക് നയിക്കുകയോ ചെയ്തേക്കാം. മഞ്ഞുകാലങ്ങളിലും തണുപ്പ് കൂടിയ കാലാവസ്ഥയിലുമാണ് പൊതുവേ ഈ വൈറസ് വ്യാപകമായി കാണപ്പെടുന്നത്. ചൈനയിലെ രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര ആരോഗ്യമന്ത്രാലയം ഇന്ത്യയിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
ന്യൂഡൽഹി: രാജ്യത്ത് എച്ച്എംപിവി (Human metapneumovirus) സ്ഥിരീകരിച്ചെന്നു കരുതി ജനങ്ങൾ പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്ന് ലോകാരോഗ്യസംഘടനയിലെ മുൻ ചീഫ് സയന്റിസ്റ്റായ ഡോ. സൗമ്യ സ്വാമിനാഥൻ (Dr Soumya Swaminathan). ബെംഗളൂരു, ചെന്നൈ ഉൾപ്പെടെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ച വാർത്തകൾ പുറത്തുവന്ന പശ്ചാത്തലത്തിലാണ് ഡോ. സൗമ്യ സ്വാമിനാഥൻ പ്രതികരിച്ചത്. എച്ച്എംപിവി ശ്വാസകോശാണുബാധയ്ക്ക് കാരണമാകുന്ന പരിചിതമായ വൈറസാണിതെന്ന് എക്സിൽ പങ്കുവെച്ച പോസ്റ്റിൽ ഡോ. സൗമ്യ സ്വാമിനാഥൻ വ്യക്തമാക്കി. സാധാരണ ജലദോഷത്തിന് സ്വീകരിക്കാറുള്ള മുൻകരുതലുകൾ മാത്രം മതി ഇതിനെന്നും അവർ പറഞ്ഞു.
മാസ്ക് ധരിക്കുക, കൈകൾ കഴുകുക, ആൾക്കൂട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക, ലക്ഷണങ്ങൾ ഗുരുതരമായാൽ ചികിത്സ തേടുക തുടങ്ങിയ മുൻകരുതലുകൾ പാലിക്കുകയാണ് ചെയ്യേണ്ടതെന്നും ഡോ. സൗമ്യ കുറിച്ചു. ജലദോഷത്തിന് സമാനമായ ലക്ഷണങ്ങളോടെയുള്ള എച്ച്എംപിവി എന്ന ശ്വാസകോശ രോഗം കുട്ടികൾ, മുതിർന്നവർ, പ്രതിരോധശേഷി കുറഞ്ഞവർ തുടങ്ങിയ ആളുകളിലേക്ക് പെട്ടെന്ന് എത്തിപ്പെടാം. ഗുരുതരമായ രോഗങ്ങൾ ഉള്ളവർ, പാലിയേറ്റീവ് ചികിത്സ എടുക്കുന്ന ആളുകൾ തുടങ്ങിയവരും ഈ വൈറസിൽ ജാഗ്രത പുലർത്തേണ്ടതുണ്ട്. പ്രത്യേകിച്ച് ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ ഉള്ളവർ മാസ്കുകൾ ധരിക്കാൻ ശ്രമിക്കുക.
ചിലഘട്ടങ്ങളിൽ ഈ വൈറസ് ന്യുമോണിയയ്ക്ക് കാരണമാവുകയോ ഗുരുതരമായ ശ്വാസകോശ പ്രശ്നങ്ങളിലേക്ക് നയിക്കുകയോ ചെയ്തേക്കാം. മഞ്ഞുകാലങ്ങളിലും തണുപ്പ് കൂടിയ കാലാവസ്ഥയിലുമാണ് പൊതുവേ ഈ വൈറസ് വ്യാപകമായി കാണപ്പെടുന്നത്. ചൈനയിലെ രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര ആരോഗ്യമന്ത്രാലയം ഇന്ത്യയിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. സാധാരണ ജലദോഷത്തിന് കാരണമാകുന്ന ഇൻഫ്ലുവൻസ എ, ബി എന്നിവയ്‌ക്കൊപ്പം രക്തചംക്രമണം നടത്തുന്ന നിരവധി രോഗാണുക്കളിൽ ഒന്നാണ് എച്ച്എംപിവിയെന്നും സൗമ്യ പറഞ്ഞു.
എച്ച്എംപിവി പകരുന്നത് എങ്ങനെ?
രോഗം ബാധിച്ചവരിൽ നിന്ന് നേരിട്ടുള്ള സമ്പർക്കം വഴിയാണ് ഈ രോഗം സാധരണയായി പടരുന്നത്. രോഗം ബാധിച്ചവർ സ്പർശിച്ച വസ്തുക്കൾ നമ്മൾ സ്പർശിക്കുന്നത് വഴിയും വൈറസ് പകരാവുന്നതാണ്. രോഗം ബാധിച്ചവർ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും രോഗം മറ്റുള്ളവരിലേക്ക് പടരും. ഷേക്ക് ഹാൻഡ് നൽകുക, ചുംബിക്കുക എന്നിവയിലൂടെയും രോഗം പടരാൻ സാധ്യതയുണ്ട്.
രോഗ ലക്ഷണങ്ങളും പ്രതിരോധവും
- ചുമ, പനി, മൂക്കൊലിപ്പ്, വരണ്ട ചുമ, ശ്വാസം മുട്ടൽ, ശ്വാസതടസ്സം, ചൊറിഞ്ഞ് തടിക്കൽ എന്നിവയാണ് ഇതിൻ്റെ ലക്ഷണങ്ങളായി പറയുന്നത്.
- മാസ്‌ക് ഉപയോഗിക്കുന്നതും കൈകളുടെ ശുചിത്വവും രോഗത്തെ പ്രതിരോധിക്കുന്നതിന് പ്രധാനമാണ്.
- അനാവശ്യമായി ആശുപത്രികൾ സന്ദർശിക്കുന്നത് കഴിവതും ഒഴിവാക്കുക.
- തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിച്ചോ മാസ്ക് ഉപയോഗിച്ചോ വായും മൂക്കും മറയ്ക്കണം.
- വീടുകളിലെ മുറികളിൽ ശരിയായ വായൂസഞ്ചാരം ഉറപ്പാക്കുക. ഇത് വൈറസിന്റെ വ്യാപനം കുറയ്ക്കുന്നു.
- കുട്ടികൾ, മുതിർന്നവർ, ഗർഭിണികൾ, രോഗപ്രതിരോധശേഷി കുറഞ്ഞവർ മറ്റ് ആരോഗ്യപ്രശ്നമുള്ളവർ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണം.
- ധാരാളം വെള്ളം കുടിക്കുന്നത് നല്ലതാണ്.
- ലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിത്സ ഒഴിവാക്കി എത്രയും വേഗം വൈദ്യസഹായം തേടുക.