5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

HMPV : എച്ച്എംപിവിയില്‍ ആശങ്ക വേണോ ? എന്തൊക്കെ ശ്രദ്ധിക്കണം? അറിയേണ്ടതെല്ലാം

HMPV Cases in India : ന്യൂമോവിരിഡേ മെറ്റാപ്ന്യൂമോവൈറസ് ജനുസ്സിൽ പെടുന്ന എച്ച്എംപിവി വൈറൽ അണുബാധകൾക്കും ശ്വാസകോശ രോഗങ്ങൾക്കും കാരണമാകുന്നു. 'എന്‍വലപ്ഡ് സിംഗിള്‍ സ്ട്രാന്‍ഡഡ് നെഗറ്റീവ് സെന്‍സ് ആര്‍എന്‍എ വൈറസാ'ണിത്. എന്നാല്‍ അടുത്തിടെ കണ്ടുപിടിക്കപ്പെട്ട പുതിയ വൈറസല്ല എച്ച്എംപിവി. 2001ല്‍ ഡച്ച് വിദഗ്ധരാണ് ഇത് ആദ്യം കണ്ടെത്തുന്നത്

HMPV : എച്ച്എംപിവിയില്‍ ആശങ്ക വേണോ ? എന്തൊക്കെ ശ്രദ്ധിക്കണം? അറിയേണ്ടതെല്ലാം
പ്രതീകാത്മക ചിത്രം Image Credit source: Getty
jayadevan-am
Jayadevan AM | Updated On: 07 Jan 2025 12:55 PM

രാജ്യത്ത് ഇതുവരെ ഏഴ്‌ ഹ്യൂമൻ മെറ്റാപ്ന്യൂമോവൈറസ് (എച്ച്എംപിവി) കേസുകളാണ് സ്ഥിരീകരിച്ചത്. ആദ്യ രണ്ട് കേസുകളും കര്‍ണാടകയിലാണ് റിപ്പോര്‍ട്ട് ചെയ്തത്. പിന്നീട് ഗുജറാത്തിലും തമിഴ്‌നാട്ടിലും, നാഗ്പൂരിലും രോഗം കണ്ടെത്തി. ഒരു മഹാമാരിക്ക് ലോകത്തെ എങ്ങനെ നിശ്ചലമാക്കാമെന്ന് അറിയാവുന്നവരാണ് നാം. കൊവിഡ് മഹാമാരിയുടെ അനുഭവമറിയാവുന്നതുകൊണ്ട് തന്നെ പലരും ആശങ്കയിലാണ്. ‘ലോക്ക്ഡൗണ്‍’ ഉള്‍പ്പെടെയുള്ളവയുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ വരെ സമൂഹമാധ്യമങ്ങളില്‍ സജീവമായി. ലോക്ക്ഡൗണ്‍ ഹാഷ്ടാഗ് ട്വിറ്ററിലും ട്രെന്‍ഡിംഗാണ്. യഥാര്‍ത്ഥത്തില്‍ എച്ച്എംപിവിയില്‍ ആശങ്ക വേണോ? എന്തൊക്കെയാണ് ഇതിനെക്കുറിച്ച് അറിയേണ്ടത്? നമുക്ക് നോക്കാം.

എന്താണ് എച്ച്എംപിവി ?

ന്യൂമോവിരിഡേ മെറ്റാപ്ന്യൂമോവൈറസ് ജനുസ്സിൽ പെടുന്ന എച്ച്എംപിവി വൈറൽ അണുബാധകൾക്കും ശ്വാസകോശ രോഗങ്ങൾക്കും കാരണമാകുന്നു. ‘എന്‍വലപ്ഡ് സിംഗിള്‍ സ്ട്രാന്‍ഡഡ് നെഗറ്റീവ് സെന്‍സ് ആര്‍എന്‍എ വൈറസാ’ണിത്. എന്നാല്‍ അടുത്തിടെ കണ്ടുപിടിക്കപ്പെട്ട പുതിയ വൈറസല്ല എച്ച്എംപിവി. 2001ല്‍ ഡച്ച് വിദഗ്ധരാണ് ഇത് ആദ്യം കണ്ടെത്തുന്നത്. കുറഞ്ഞത് 60 വര്‍ഷമായി ഈ വൈറസ് നിലവിലുണ്ടെന്നാണ്‌ ചൈനീസ് സെൻ്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) പറയുന്നത്.

പനി, ചുമ, ശ്വാസതടസ്സം, മൂക്കൊലിപ്പ്, ക്ഷീണം, ശരീരവേദന, തൊണ്ടവേദന തുടങ്ങിയവയാണ് ലക്ഷണങ്ങള്‍. ചിലപ്പോള്‍ ബ്രോങ്കൈറ്റിസ്, ന്യുമോണിയ, ആസ്ത്മ തുടങ്ങിവയിലേക്കും നയിക്കാം. കുട്ടികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, രോഗപ്രതിരോധശേഷി കുറഞ്ഞവര്‍ തുടങ്ങിയവര്‍ക്കാണ് ഈ രോഗം കൂടുതല്‍ ഭീഷണി ഉയര്‍ത്തുന്നത്.

രോഗം ആര്‍ക്കൊക്കെ സങ്കീര്‍ണമാകാം?

കൊച്ചുകുട്ടികളില്‍ ഇത്‌ ബ്രോങ്കിയോളൈറ്റിസ്, ന്യുമോണിയ തുടങ്ങിയവയ്ക്ക് കാരണമായേക്കാം. 65 വയസോ അതിൽ കൂടുതലോ പ്രായമുള്ളവർക്കും ആസ്ത്മ അല്ലെങ്കിൽ സിഒപിഡി പോലുള്ള ആരോഗ്യ പ്രശ്‌നങ്ങളുള്ളവർക്കും എച്ച്എംപിവി സങ്കീര്‍ണമാകാം. ഗര്‍ഭിണികളില്‍ എച്ച്എംപിവി ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് കാരണമാകാം. ഇത് അമ്മയ്ക്കും കുഞ്ഞിനും ആരോഗ്യഭീഷണിയാകാം. കീമോതെറാപ്പി പോലുള്ള ചികിത്സകള്‍ക്ക് വിധേയമാകുന്നവര്‍ക്കും, പ്രതിരോധശേഷി കുറഞ്ഞവര്‍ക്കും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കാനും സാധ്യതയുണ്ട്.

എച്ച്എംപിവിയും ഒരു സീസണല്‍ രോഗമാണ്. സമ്പര്‍ക്കത്തിലൂടെയും, വായുവിലൂടെയും ഇത് പകരാം. ചുമ, തുമ്മല്‍ എന്നിവ രോഗം പകരുന്നതിന് കാരണമാണ്. രോഗബാധിതനായ വ്യക്തിയുമായുള്ള സമ്പര്‍ക്കം, വൈറസ് ബാധിച്ച വസ്തുക്കളിലോ പ്രതലങ്ങളിലോ സ്പര്‍ശിക്കുന്നത് തുടങ്ങിയവ രോഗം പകരുന്നതിന് സാധ്യത വര്‍ധിപ്പിക്കും.

എച്ച്എംപിവിക്ക് ഇതുവരെ വാക്‌സിന്‍ വികസിപ്പിച്ചിട്ടില്ല. പ്രത്യേക ആന്റിവൈറല്‍ തെറാപ്പിയുമില്ല. ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നതാണ് രോഗപ്രതിരോധത്തില്‍ പ്രധാനം. തിരക്കേറിയ സ്ഥലങ്ങളിൽ പോകുമ്പോൾ മാസ്ക് ധരിക്കുന്നത് ഉചിതമാണ്. കൈ കഴുകുന്നതും, അണുനശീകരണവും പ്രധാനമാണ്.

Read Also : എച്ച്എംപിവി കേസ്: ജാഗ്രത കൈവിടരുത്, സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രാലയം

യുഎസ് സിഡിസി ശുപാർശ ചെയ്യുന്ന നിര്‍ദ്ദേശങ്ങള്‍

  1. കുറഞ്ഞത് 20 സെക്കൻഡ് നേരത്തേക്ക് സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ ഇടയ്ക്കിടെ കഴുകണം
  2. കണ്ണ്, മൂക്ക്, വാ എന്നിവയില്‍ കഴുകാത്ത കൈ കൊണ്ട് തൊടാതിരിക്കാന്‍ ശ്രമിക്കണം
  3. രോഗബാധിതരുമായുള്ള സമ്പര്‍ക്കം ഒഴിവാക്കണം
  4. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായും മൂക്കും മൂടണം
  5. പാത്രം, കപ്പ് എന്നിവ മറ്റുള്ളവരുമായി പങ്കിടാതിരിക്കാന്‍ ശ്രമിക്കുക

രോഗലക്ഷണങ്ങള്‍ എത്ര ദിവസത്തിനുള്ളില്‍

അണുബാധയ്ക്ക് ശേഷം മൂന്ന് മുതല്‍ 10 ദിവസം കൊണ്ട് ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാം. രോഗലക്ഷണങ്ങള്‍ അനുഭവപ്പെട്ടാല്‍ മറച്ചുവയ്ക്കരുത്. ഉടന്‍ ചികിത്സ തേടണം. നിലവില്‍ ഇന്ത്യയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ഹെൽത്ത് സർവീസസ് ഡയറക്ടർ ജനറൽ ഡോ. അതുൽ ഗോയൽ ഇക്കാര്യം വ്യക്തമാക്കിയിരുന്നു.