HMPV Case India: മുഖം ടിഷ്യൂ പേപ്പര്‍ വെച്ച് മറയ്ക്കണം; ചര്‍ച്ചയായി കര്‍ണാടക സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍
Karnataka Government HMPV Press Release: എന്തെല്ലാം ചെയ്യാം എന്തെല്ലാം ചെയ്യാന്‍ പാടില്ല എന്ന് കാണിച്ച് പത്രക്കുറിപ്പില്‍ പരമാര്‍ശിച്ചിരിക്കുന്ന കാര്യങ്ങളാണ് വിമര്‍ശനത്തിന് കാരണമായിരിക്കുന്നത്. ചുമ, തുമ്മല്‍ തുടങ്ങിയ അസുഖങ്ങള്‍ ഉള്ളവര്‍ ടിഷ്യൂ പേപ്പര്‍ ഉപയോഗിച്ചോ അല്ലെങ്കില്‍ തൂവാല ഉപയോഗിച്ചോ മുഖം മറയ്ക്കണമെന്നാണ് നിര്‍ദേശത്തില്‍ പറയുന്നത്. മാസ്‌ക് സ്വീകരിക്കാന്‍ നിര്‍ദേശിക്കുന്നതിന് പകരം ടിഷ്യൂ പേപ്പര്‍ ഉപയോഗിക്കാന്‍ പറഞ്ഞതാണ് വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയത്.
ബെംഗളൂരു: കര്‍ണാടകയില്‍ ഹ്യൂമന്‍ മെറ്റാന്യൂമോവൈറസ് (എച്ച്എംപിവി) റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് പിന്നാലെ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കി സര്‍ക്കാര്‍ പുറത്തുവിട്ട മാര്‍ഗനിര്‍ദേശങ്ങള്‍. ജനുവരി നാലിനാണ് ഈ പത്രക്കുറിപ്പ് സംസ്ഥാന ആരോഗ്യവകുപ്പ് പുറത്തുപ്പെടുവിച്ചത്. കര്‍ണാടകയില്‍ ഇതുവരെ എച്ച്എംപിവി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും പനിയും ജലദോഷവും പോലുള്ള ലക്ഷണങ്ങളുള്ള അസുഖമാണിതെന്നും കുറിപ്പില്‍ പറയുന്നു.
ശ്വാസകോശത്തെ ബാധിക്കുന്ന അസുഖമാണ് എച്ച്എംപിവി. പനി, ജലദോഷം തുടങ്ങിയ ലക്ഷണങ്ങള്‍ തന്നെയാണ് ഈ അസുഖത്തിനും ഉണ്ടായിരിക്കുക. കുട്ടികളെയും പ്രായമായവരെയുമാണ് രോഗം കൂടുതലായി ബാധിക്കുന്നത്. ഇതുവരെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചിട്ടില്ല. സംസ്ഥാനത്ത് ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന എല്ലാ കേസുകളും ആരോഗ്യവിഭാഗം സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണ്. 2024 ഡിസംബര്‍ വരെ സംസ്ഥാനത്ത് ശ്വാസകോശ അസുഖങ്ങള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും കുറിപ്പ് ചൂണ്ടിക്കാട്ടുന്നു.
എന്നാല്‍ എന്തെല്ലാം ചെയ്യാം എന്തെല്ലാം ചെയ്യാന്‍ പാടില്ല എന്ന് കാണിച്ച് പത്രക്കുറിപ്പില്‍ പരമാര്‍ശിച്ചിരിക്കുന്ന കാര്യങ്ങളാണ് വിമര്‍ശനത്തിന് കാരണമായിരിക്കുന്നത്. ചുമ, തുമ്മല്‍ തുടങ്ങിയ അസുഖങ്ങള്‍ ഉള്ളവര്‍ ടിഷ്യൂ പേപ്പര്‍ ഉപയോഗിച്ചോ അല്ലെങ്കില്‍ തൂവാല ഉപയോഗിച്ചോ മുഖം മറയ്ക്കണമെന്നാണ് നിര്‍ദേശത്തില്‍ പറയുന്നത്. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ടിഷ്യൂ പേപ്പര്‍ അല്ലെങ്കില്‍ തൂവാല കൊണ്ട് മറയ്ക്കണമെന്ന് നിര്‍ദേശത്തില്‍ പറയുന്നു. മാസ്‌ക് സ്വീകരിക്കാന്‍ നിര്‍ദേശിക്കുന്നതിന് പകരം ടിഷ്യൂ പേപ്പര്‍ ഉപയോഗിക്കാന്‍ പറഞ്ഞതാണ് വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയത്.
കൈകള്‍ ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകണമെന്നും സാനിറ്റൈസറുകള്‍ ഉപയോഗിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. ആള്‍ക്കൂട്ടത്തിലേക്ക് പോകുന്നത് ഒഴിവാക്കുക. പനി, ചുമ, തുമ്മല്‍ തുടങ്ങിയ രോഗങ്ങള്‍ ഉണ്ടെങ്കില്‍ ആളുകള്‍ക്കിടയിലേക്ക് പോകുന്നത് ഒഴിവാക്കുക. അസുഖമുണ്ടെങ്കില്‍ പുറത്തുപോകുന്നതും ആളുകളെ കാണുന്നതും ഒഴിവാക്കുക. ധാരാളം വെള്ളം കുടിക്കുകയും പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.
ഉപയോഗിച്ച ടിഷ്യൂ പേപ്പര്‍ തൂവാല എന്നിവ വീണ്ടും ഉപയോഗിക്കരുത്. അസുഖമുള്ളവരുമായി തുണിത്തരങ്ങളോ മറ്റ് വസ്തുക്കളോ കൈമാറരുത്. കണ്ണ്, മൂക്ക്, വായ എന്നിവിടങ്ങളില്‍ ഇടയ്ക്കിടെ സ്പര്‍ശിക്കുന്നത് ഒഴിവാക്കുക. പൊതുയിടങ്ങളില്‍ തുപ്പരുത്. ഡോക്ടറെ കണ്ട് രോഗം നിര്‍ണയിക്കാതെയുള്ള മരുന്ന് കഴിക്കുന്ന ശീലം ഒഴിവാക്കണമെന്നും ആരോഗ്യവകുപ്പ് പുറത്തുവിട്ട മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.
അതേസമയം, രാജ്യത്ത് എച്ച്എംപിവി) കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ആശുപത്രി ക്രമീകരണങ്ങള്‍ക്ക് മാര്‍ഗ നിര്‍ദേശം പുറത്തിറക്കുന്നതിനും മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്. കര്‍ണാടകയിലെ വൈറസ് സാന്നിധ്യവും ആരോഗ്യമന്ത്രാലയം സ്ഥിരീകരിക്കുകയും ചെയ്തു.
എട്ട് മാസം പ്രായമുള്ള കുഞ്ഞിലാണ് വൈറസ് ബാധ കണ്ടെത്തിയിരിക്കുന്നത്. കുട്ടിക്ക് രോഗം ബാധിച്ചത് എങ്ങനെയാണെന്ന കാര്യം വ്യക്തമായിട്ടില്ല. കുഞ്ഞിന് വിദേശയാത്രാ പശ്ചാത്തലമില്ലെന്നും ചൈനയില്‍ വ്യാപിച്ച വൈറസിന്റെ വകഭേദമാണോ ഇതെന്ന കാര്യവും വ്യക്തമല്ലെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കുഞ്ഞിന് എവിടെ നിന്നാണ് രോഗം പിടിപ്പെട്ടതെന്ന് പരിശോധിക്കുകയാണെന്ന് കര്‍ണാടക ആരോഗ്യവകുപ്പും അറിയിച്ചു.