HMPV Case India: എച്ച്എംപിവി കേസ്: ജാഗ്രത കൈവിടരുത്, സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രാലയം
HMPV Case India Updates: ബെംഗളൂരുവില്‍ എട്ട് മാസം പ്രായമുള്ള കുഞ്ഞിലാണ് നിലവില്‍ വൈറസ് ബാധ കണ്ടെത്തിയിരിക്കുന്നത്. ബാപ്റ്റിസ്റ്റ് ആശുപത്രിയാണ് രോഗം സ്ഥിരീകരിച്ചത്. എന്നാല്‍ തങ്ങളുടെ ലാബില്‍ വെച്ചല്ല പരിശോധന നടത്തിയിരിക്കുന്നതെന്നും സ്വകാര്യ ആശുപത്രിയില്‍ നിന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നതെന്നും ആരോഗ്യവകുപ്പ് വൃത്തങ്ങള്‍ അറിയിച്ചതായാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ന്യൂഡല്‍ഹി: രാജ്യത്ത് ഹ്യൂമൻ മെറ്റാന്യൂമോവൈറസ് (എച്ച്എംപിവി) കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ച് ആരോഗ്യമന്ത്രാലയം. ആശുപത്രി ക്രമീകരണങ്ങള്‍ക്ക് മാര്‍ഗ നിര്‍ദേശം പുറത്തിറക്കുന്നതിന് മന്ത്രാലയം നിര്‍ദേശിച്ചു. കൂടാതെ കര്‍ണാടകയിലെ വൈറസ് സാന്നിധ്യവും ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു.
വിദഗ്ധ സംഘം കഴിഞ്ഞ ദിവസവും ചൈനയിലെ സാഹചര്യങ്ങള്‍ വിലയിരുത്തിയതായും ലോകാരോഗ്യ സംഘടനയുമായി നിരന്തരം സമ്പര്‍ക്കത്തിലാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
ബെംഗളൂരുവില്‍ എട്ട് മാസം പ്രായമുള്ള കുഞ്ഞിലാണ് നിലവില്‍ വൈറസ് ബാധ കണ്ടെത്തിയിരിക്കുന്നത്. ബാപ്റ്റിസ്റ്റ് ആശുപത്രിയാണ് രോഗം സ്ഥിരീകരിച്ചത്. എന്നാല്‍ തങ്ങളുടെ ലാബില്‍ വെച്ചല്ല പരിശോധന നടത്തിയിരിക്കുന്നതെന്നും സ്വകാര്യ ആശുപത്രിയില്‍ നിന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നതെന്നും ആരോഗ്യവകുപ്പ് വൃത്തങ്ങള്‍ അറിയിച്ചതായാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
കുട്ടിക്ക് രോഗം ബാധിച്ചത് എങ്ങനെയാണെന്ന കാര്യം വ്യക്തമല്ല. കുട്ടിക്ക് വിദേശയാത്രാ പശ്ചാത്തലമില്ലെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്. ചൈനയില്‍ വ്യാപിച്ച വൈറസിന്റെ വകഭേദമാണോ ഇതെന്ന കാര്യവും വ്യക്തമല്ല. കുഞ്ഞിന് എവിടെ നിന്നാണ് രോഗം പിടിപ്പെട്ടതെന്ന് പരിശോധിക്കുകയാണെന്ന് കര്‍ണാടക ആരോഗ്യവകുപ്പും അറിയിച്ചിട്ടുണ്ട്.
പനി അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. കുഞ്ഞിന്റെ ആരോഗ്യനില ഗുരുതരമല്ലെന്നാണ് വിവരം.
അതേസമയം, ശ്വാസകോശ സംബന്ധമായ അണുബാധകള്‍ ബാധിക്കുന്നത് തടയാന്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും ചുമയോ ജലദോഷമോ ഉള്ളവരുമായി അടുത്ത സമ്പര്‍ക്കം പാടില്ലെന്നും ഹെല്‍ത്ത് സര്‍വീസ് ഡയറക്ടര്‍ ജനറല്‍ അതുല്‍ ഗോയല്‍ നേരത്തെ നിര്‍ദേശിച്ചിരുന്നു.
അതേസമയം, ചൈനയിലെ സ്ഥിതി അസാധാരണമായി കണക്കാക്കാനാവില്ലെന്നും നിലവിലെ രോഗികളുടെ നിരക്കിന് പിന്നില്‍ ഇന്‍ഫ്‌ളുവന്‍സ വൈറസ്, ആര്‍എസ്‌വി, എച്ച്എംപിവി തുടങ്ങിയവയാണെന്നും കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. സീസണലായി കണ്ടുവരുന്ന സാധാരണ രോഗകാരികള്‍ തന്നെയാണ് ഇവയുടെ വര്‍ധനവിന് പിന്നിലെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഇന്ത്യയുള്‍പ്പെടെ ആഗോളതലത്തില്‍ ഇതിനകം പ്രചാരത്തിലുള്ള വൈറസുകളാണ് ഇവയെന്നും പ്രസ്താവനയില്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ), ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് (ഡിഎം) സെല്‍, ഇന്റഗ്രേറ്റഡ് ഡിസീസ് സര്‍വൈലന്‍സ് പ്രോഗ്രാം (ഐഡിഎസ്പി), നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ (എന്‍സിഡിസി), എമര്‍ജന്‍സി മെഡിക്കല്‍ റിലീഫ് (ഇഎംആര്‍) എന്നിവിടങ്ങളില്‍ നിന്നുള്ള വിദഗ്ധര്‍ ഡിവിഷനും എയിംസ്-ഡല്‍ഹി ഉള്‍പ്പെടെയുള്ള ആശുപത്രികളില്‍ നിന്നുള്ളവരും, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും (ഐസിഎംആര്‍) സംയുക്തമായി ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യം പറഞ്ഞത്. സീസണലായ സാഹചര്യങ്ങളാണ് നിലവില്‍ ഇന്‍ഫ്ളുവന്‍സ വൈറസ്, ആര്‍എസ്‌വി, എച്ച്എംപിവി എന്നിവയുടെ വര്‍ധനയ്ക്ക് കാരണമായി യോഗം വിലയിരുത്തി.