Hindenburg Report: അടുത്ത ബോംബ് പൊട്ടിച്ച് ഹിന്‍ഡന്‍ബര്‍ഗ്; അദാനി ഗ്രൂപ്പിന്റെ ഷെല്‍ കമ്പനികളില്‍ സെബി ചെയര്‍പേഴ്‌സണ് നിക്ഷേപം
Hindenburg Report about SEBI Chairperson: 2015ലാണ് ഈ രഹസ്യകമ്പനികളില്‍ മാധബി ബുച്ചും ഭര്‍ത്താവും നിക്ഷേപം ആരംഭിച്ചത്. 2017 മുതല്‍ മാധബി ബുച്ച് സെബിയില്‍ പൂര്‍ണ സമയ അംഗമായതോടെ ആ അക്കൗണ്ട് ഭര്‍ത്താവിന്റെ പേരിലേക്ക് മാറ്റി.
ന്യൂഡല്‍ഹി: സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) ചെയര്‍പേഴ്‌സണ്‍ മാധബി പുരി ബുച്ചിനെതിരെയുള്ള വിവരങ്ങള്‍ പുറത്തുവിട്ട് ഹിന്‍ഡന്‍ബര്‍ഗ്. അദാനി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള രഹസ്യവിദേശ സ്ഥാപനങ്ങളുമായി മാധബി ബുച്ചിനും ഭര്‍ത്താവിനും ബന്ധമുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അദാനി ഗ്രൂപ്പിന്റെ ഷെല്‍ കമ്പനികളില്‍ ഇരുവര്‍ക്കും നിക്ഷേപമുണ്ടെന്നാണ് വെളിപ്പെടുത്തല്‍.
മാധബി ബുച്ചിനും ഭര്‍ത്താവിനും മൗറീഷ്യസിലും ബര്‍മുഡയിലും നിക്ഷേപമുണ്ട്. അദാനിക്കെതിരായ അന്വേഷണത്തില്‍ പുരോഗതി ഇല്ലാതെ തുടരുന്നതും അദ്ദേഹം അന്വേഷണത്തെ ഭയപ്പെടാത്തതും ഈ ബന്ധത്തെ തുടര്‍ന്നാണെന്നും യുഎസ് നിക്ഷേപ-ഗവേഷണ സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗ് പറയുന്നു.
Also Read: Anantnag Encounter: അനന്ത്‌നാഗിൽ ഭീകരരുമായി ഏറ്റുമുട്ടൽ: രണ്ട് സൈനികർക്ക് വീരമൃത്യു
2015ലാണ് ഈ രഹസ്യകമ്പനികളില്‍ മാധവി ബുച്ചും ഭര്‍ത്താവും നിക്ഷേപം ആരംഭിച്ചത്. 2017 മുതല്‍ മാധബി ബുച്ച് സെബിയില്‍ പൂര്‍ണ സമയ അംഗമായതോടെ ആ അക്കൗണ്ട് ഭര്‍ത്താവിന്റെ പേരിലേക്ക് മാറ്റി. ഇതിനായി മാധബി ബുച്ച് സമര്‍പ്പിച്ച കത്തും ഹിന്‍ഡന്‍ബര്‍ഗ് പുറത്തുവിട്ടിട്ടുണ്ട്. ഇന്ത്യയെ കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരം പുറത്തുവിടുമെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് ഹിന്‍ഡന്‍ബര്‍ഗിന്റെ പുതിയ വെളിപ്പെടുത്തല്‍.
അതേസമയം, അദാനി ഗ്രൂപ്പിന് വിദേശ രാജ്യങ്ങളില്‍ രഹസ്യനിക്ഷേപമുണ്ടെന്ന് കഴിഞ്ഞ വര്‍ഷമാണ് ഹിന്‍ഡന്‍ബര്‍ഗ് വെളിപ്പെടുത്തിയിരുന്നത്. പിന്നാലെ സെബി ഗ്രൂപ്പിന് ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് 2024 ജൂണ്‍ 27ന് ഹിന്‍ഡന്‍ബര്‍ഗിന് കാരണം കാണിക്കല്‍ നോട്ടിസും നല്‍കി. ഇതിനുപിന്നാലെയാണ് ഹിന്‍ഡന്‍ബര്‍ഗിന്റെ പുതിയ നീക്കം. ശനിയാഴ്ച രാത്രിയോടെയാണ് രേഖകള്‍ പുറത്തുവിട്ടിരിക്കുന്നത്.
NEW FROM US:
Whistleblower Documents Reveal SEBI’s Chairperson Had Stake In Obscure Offshore Entities Used In Adani Money Siphoning Scandalhttps://t.co/3ULOLxxhkU
— Hindenburg Research (@HindenburgRes) August 10, 2024
അദാനിക്കെതിരെ മുന്‍പ് ഹിന്‍ഡന്‍ ബര്‍ഗ് നടത്തിയ വെളിപ്പെടുത്തല്‍ ഇന്ത്യയില്‍ വലിയ പ്രകടമ്പനങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഓഹരി വിപണിയുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പ് കൃത്രിമത്വം കാട്ടിയെന്നാണ് ഹിന്‍ഡന്‍ബര്‍ഗ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. 2023 ജനുവരി 24നായിരുന്നു അദാനി ഗ്രൂപ്പിനെതിരെയുള്ള വെളിപ്പെടുത്തലുകളുമായി ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഓഹരികള്‍ പെരുപ്പിച്ച് കാട്ടി അദാനി വന്‍ ലാഭം കൊയ്തുവെന്നും അതുവഴി കൂടുതല്‍ വായ്പകള്‍ സംഘടിപ്പിക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ റിപ്പോര്‍ട്ട് വരുന്നതിന് തലേദിവസം അദാനിയുടെ ആകെ ഓഹരി മൂല്യം 19.2 ലക്ഷം കോടി രൂപയായിരുന്നു. അദാനി ഗ്രൂപ്പ് ഓഹരി മൂല്യം ഉയര്‍ത്തി കാട്ടി തട്ടിപ്പ് നടത്തി എന്ന റിപ്പോര്‍ട്ട് പുറത്തുവന്നതോടെ അദാനിയുടെ ഓഹരി മൂല്യം കുത്തനെ ഇടിഞ്ഞു. ഒരു ദശാബ്ദക്കാലമായി ഓഹരി വിപണിയില്‍ കൃത്രിമത്വം കാട്ടിയെന്നും മാത്രമല്ല, അക്കൗണ്ടിംഗ് തട്ടിപ്പുകളിലും ഈ കമ്പനി ഉള്‍പ്പെട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.