കേബിള്‍ ടിവി ഓപ്പറേറ്റര്‍മാരുടെ ഹര്‍ജി ഹൈക്കോടതി തള്ളി, ടിവി9 തെലുഗ് ഉള്‍പ്പെടെ നാല് ചാനലുകള്‍ സംപ്രേഷണം ചെയ്യാം
വാര്‍ത്താ ചാനലുകള്‍ ബ്ലാക്ക് ഔട്ട് ചെയ്യുന്നത് നിയമവിരുദ്ധവുമാണെന്ന് കോടതി പറഞ്ഞു. ന്യൂസ് ചാനലുകളുടെ സംഘടനയായ ന്യൂസ് ബ്രോഡ്കാസ്റ്റേഴ്‌സ് ഫെഡറേഷന്‍ (എന്‍ബിഎഫ്) ഡല്‍ഹി ഹൈക്കോടതിയുടെ വിധിയില്‍ നന്ദി അറിയിച്ചു.
കേബിള്‍ ഓപ്പറേറ്റര്‍മാര്‍ വാര്‍ത്താ ചാനലുകള്‍ സംപ്രേഷണം ചെയ്യുന്നത് വിലക്കുന്നത് തെറ്റാണെന്ന് ഡല്‍ഹി ഹൈക്കോടതി. ആന്ധ്രാപ്രദേശിലെ കേബിള്‍ ഓപ്പറേറ്റര്‍മാരാണ് ടിവി9 തെലുഗ് (TV9 Telugu) ഉള്‍പ്പെടെയുള്ള വാര്‍ത്താ ചാനലുകള്‍ക്ക് സംപ്രേഷണം ചെയ്യുന്നതിന് വിലക്കേര്‍പ്പെടുത്തിയത്. ഉടന്‍ തന്നെ ചാനലുകള്‍ സംപ്രേഷണം ചെയ്യണമെന്ന് കേബിള്‍ ഓപ്പറേറ്റര്‍മാരോട് ഹൈക്കോടതി നിര്‍ദേശിച്ചു. വാര്‍ത്താ ചാനലുകള്‍ ബ്ലാക്ക് ഔട്ട് ചെയ്യുന്നത് നിയമവിരുദ്ധവുമാണെന്ന് കോടതി പറഞ്ഞു. ന്യൂസ് ചാനലുകളുടെ സംഘടനയായ ന്യൂസ് ബ്രോഡ്കാസ്റ്റേഴ്‌സ് ഫെഡറേഷന്‍ (എന്‍ബിഎഫ്) ഡല്‍ഹി ഹൈക്കോടതിയുടെ വിധിയില്‍ നന്ദി അറിയിച്ചു.
ഡല്‍ഹി ഹൈക്കോടതിയുടെ തീരുമാനത്തിന് ശേഷം ടിവി9 തെലുഗ് ഉള്‍പ്പെടെയുള്ള നിരവധി വാര്‍ത്താ ചാനലുകള്‍ ആന്ധ്രാപ്രദേശിലെ ജനങ്ങളിലേക്ക് എത്തും. ടിവി9 തെലുഗ് സംസ്ഥാനത്തിലെ തന്നെ ഒന്നാം നമ്പര്‍ വാര്‍ത്താ ചാനലാണ്. അതുകൊണ്ട് തന്നെ കേബിള്‍ ഓപ്പറേറ്റര്‍മാര്‍ സംപ്രേഷണം വിലക്കിയതോടെ നിരവധി പ്രേക്ഷകരാണ് ടിവി9 ഗ്രൂപ്പിലേക്ക് വിളിച്ച് കാര്യം അന്വേഷിച്ചിരുന്നത്.
Also Read: Lok Sabha Speaker Election: ലോക്‌സഭ സ്പീക്കറെ തിരഞ്ഞെടുക്കുന്നത് എങ്ങനെ? അധികാരങ്ങള്‍ എന്തെല്ലാം
ടിവി9 തെലുഗ്, സാക്ഷി ടിവി, 10ടിവി, എന്‍ടിവി ന്യൂസ് എന്നിവയുള്‍പ്പെടെയുള്ള ന്യൂസ് ചാനലുകളുടെ സംപ്രേഷണമാണ് കേബിള്‍ ടിവി ഓപ്പറേറ്റര്‍മാര്‍ തടസപ്പെടുത്തിയിരുന്നത്. 2024 ജൂണ്‍ 6 മുതലാണ് ഈ ചാനലുകള്‍ക്ക് സംപ്രേഷണം തടസപ്പെട്ടത്. ഇത് അവസാനിപ്പിക്കാന്‍ ആന്ധ്രാപ്രദേശിലെ 15 മള്‍ട്ടി സിസ്റ്റം ഓപ്പറേറ്റര്‍മാരോടുള്ള ഹൈക്കോടതി നിര്‍ദേശത്തെ എന്‍ബിഎഫ് സ്വാഗതം ചെയ്തു. ഹൈക്കോടതിയുടെ ചരിത്രപരമായ വിധി അഭിപ്രായ സ്വാതന്ത്ര്യത്തിലേക്കുള്ള വലിയ ചുവടുവെപ്പാണെന്ന് എന്‍ബിഎഫ് അഭിപ്രായപ്പെട്ടു.
62 ലക്ഷം സെറ്റ് ടോപ്പുകളില്‍ നിന്നാണ് ചാനലുകളുടെ സംപ്രേഷണം തടസപ്പെടുത്തിയിരുന്നത്. ഇത് കാഴ്ചക്കാരുടെ വിവരങ്ങള്‍ നേടാനുള്ള അവകാശത്തെ ഇല്ലാതാക്കി. ആരോഗ്യകരമായ ജനാധിപത്യത്തിന് സുതാര്യമായ മാധ്യമം ആവശ്യമാണെന്ന് ഡല്‍ഹി ഹൈക്കോടതിയുടെ ഇടപെടല്‍ തെളിയിച്ചു. കോടതി ഉത്തരവോടെ ആന്ധ്രാപ്രദേശിലെ ജനങ്ങള്‍ക്ക് വലിയ വാര്‍ത്താ പ്ലാറ്റ്ഫോമുകള്‍ വീണ്ടും ആസ്വദിക്കാന്‍ സാധിക്കുമെന്നും എന്‍ബിഎഫ് പറഞ്ഞു.
നിയമവിരുദ്ധം
ബ്ലാക്ക്ഔട്ട് നടപടി പൂര്‍ണമായും നിയമവിരുദ്ധമാണെന്നും ട്രായ് ചട്ടങ്ങള്‍ പ്രകാരം വിതരണ കമ്പനികളുമായി ഉണ്ടാക്കിയ കരാറിന് വിരുദ്ധമാണെന്നും ടിവി9 ഗ്രൂപ്പ് ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഡല്‍ഹി ഹൈക്കോടതിയുടെ വിധി മാധ്യമസ്വാതന്ത്ര്യവും മാധ്യമപ്രവര്‍ത്തകരുടെ അവകാശങ്ങളും സംരക്ഷിച്ചുവെന്ന് ന്യൂസ് ബ്രോഡ്കാസ്റ്റേഴ്‌സ് ഫെഡറേഷന്‍ പറഞ്ഞു. കോടതിയുടെ ഈ തീരുമാനം ജനാധിപത്യത്തിന്റെ വിജയമാണ്, മൗലിക സ്വാതന്ത്ര്യത്തില്‍ ജുഡീഷ്യറിയുടെ പങ്ക് കാണിക്കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ട്രായ് നിയമങ്ങള്‍ക്ക് വിരുദ്ധമായ ഈ നടപടിക്ക് ഒരു വിശദീകരണവും കേബില്‍ ഓപ്പറേറ്റര്‍മാര്‍ നല്‍കിയിരുന്നില്ല. ചില കേബിള്‍ ഓപ്പറേറ്റര്‍മാരുടെ ഈ തീരുമാനത്തിന് മാധ്യമങ്ങളുടെയോ പൊതുജനങ്ങളുടെയോ താല്‍പ്പര്യമില്ല. ചാനലുകള്‍ക്ക് എന്ത് സംപ്രേക്ഷണം ചെയ്യണമെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും അത്തരം എഡിറ്റോറിയല്‍ സ്വാതന്ത്ര്യത്തില്‍ ഇടപെടാന്‍ ആര്‍ക്കും കഴിയില്ലെന്നും മനസിലാക്കണമെന്നും എന്‍ബിഡിഎ പറയുന്നു.
ഇത്തരത്തിലുള്ള നടപടികള്‍ മാധ്യമങ്ങള്‍ക്ക് സ്വാതന്ത്ര്യം നഷ്ടപ്പെടുന്നതിലേക്ക് നയിക്കുകയും ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19(1)(എ), ആര്‍ട്ടിക്കിള്‍ 19(1)(ജി) എന്നിവയുടെ ലംഘനത്തിന് കാരണമാവുകയും ചെയ്യുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.