Hathras stampede: ഹാഥ്‌റസ് ദുരന്തം: മുഖ്യപ്രതി ദേവ് പ്രകാശ് മധുകറിനെ പോലീസ് അറസ്റ്റ് ചെയ്തു
Hathras stampede Main Accused Arrested: പ്രകാശ് മധുകറിനെക്കുറിച്ച് വിവരം നൽകുന്നവർക്ക് ഒരുലക്ഷം രൂപ ഇനാം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഉത്തർപ്രദേശ്, രാജസ്ഥാൻ, ഹരിയാന എന്നീ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചാണ് ഇയാൾക്കെതിരേ അന്വേഷണം നടത്തിവന്നിരുന്നത്.
ഹാഥ്റസ്: ഉത്തർപ്രദേശിലെ ഹാഥ്‌റസിൽ പ്രാർഥനാസമ്മേളനത്തിനിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് (Hathras stampede) 121 പേർ മരിച്ച സംഭവത്തിലെ മുഖ്യപ്രതി ഡൽഹി പോലീസിന് മുന്നിൽ കീഴടങ്ങി. മുഖ്യപ്രതിയായ ദേവ് പ്രകാശ് മധുകറാണ് (dev prakash madhukar) വെള്ളിയാഴ്ച രാത്രിയോടെ ഡൽഹി പോലീസിന് മുന്നിൽ കീഴടങ്ങിയത്. പിന്നീട് ഇയാളെ ഉത്തർപ്രദേശ് പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ സമ്മേളനത്തിന്റെ സംഘാടകരായ ആറുപേരെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. രണ്ട് സ്ത്രീകൾ ഉൾപ്പെടെയുള്ളവരെയാണ് അറസ്റ്റ് ചെയ്തത്.
പ്രകാശ് മധുകറിനെക്കുറിച്ച് വിവരം നൽകുന്നവർക്ക് ഒരുലക്ഷം രൂപ ഇനാം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഉത്തർപ്രദേശ്, രാജസ്ഥാൻ, ഹരിയാന എന്നീ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചാണ് ഇയാൾക്കെതിരേ അന്വേഷണം നടത്തിവന്നിരുന്നത്. ആൾദൈവം ഭോലെ ബാബ എന്ന സൂരജ്പാൽ നാരായൺ ഹരിയെ ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് അന്വേഷണസംഘം. എന്നാൽ എഫ്ഐആറിൽ ഭോലെ ബാബയുടെ പേര് ഉൾപ്പെടുത്തിയിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് 24 പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്. ആവശ്യമെങ്കിൽ ഭോലെ ബാബയുടെ താമസസ്ഥലത്ത് അന്വേഷണം നടത്തുമെന്ന് അന്വേഷണസംഘം അറിയിച്ചു.
ALSO READ: അനുമതി 80,000 പേർക്ക്; പങ്കെടുത്തത് രണ്ടര ലക്ഷം പേർ; ഹഥ്റസ് ദുരന്തമുണ്ടായത് സംഘാടനപ്പിഴവിൽ
അറസ്റ്റ് ചെയ്ത പ്രതികൾക്കെതിരെ ഐപിസി 105, 110, 126 (2), 223, 238 വകുപ്പുകൾ പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഐജി ശലഭ് മാത്തൂർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അറസ്‌റ്റിലായ ആറുപേരും സംഘാടക സമിതി അംഗങ്ങളാണ്. അവർ സംഭാവനകൾ ശേഖരിച്ചതായും ആളുകളെ പരിപാടിയിലേക്ക് ക്ഷണിച്ചതായും കണ്ടെത്തിയിട്ടുണ്ട്. പരിപാടിക്കുള്ള എല്ലാവിധ സജ്ജീകരണങ്ങളും അവരാണ് ഒരുക്കിയത്.
സംഭവം വലിയ ഗൂഢാലോചനയുടെ ഭാഗമാണോ എന്നറിയാൻ അന്വേഷണം നടക്കുകയാണെന്നും ഐജി പറഞ്ഞിരുന്നു. പരിപാടിക്കുശേഷം ഭോലെ ബാബയെ കാണാൻ ആളുകൾ തിരക്കുകൂട്ടിയതും ബാബയുടെ കാൽപ്പാദത്തിനരികിൽ നിന്ന് മണ്ണ് ശേഖരിക്കാൻ ശ്രമിച്ചതുമാണ് തിക്കും തിരക്കുമുണ്ടാവാൻ കാരണമായി പറയുന്നത്.
സംഭവത്തിൽ മരിച്ചത് 121 പേർ
ഉത്തർപ്രദേശിലെ ഹാഥ്‌റസിൽ തിക്കിലും തിരക്കിലും പെട്ട് ഇതുവരെ മരിച്ചത് 121 പേരാണ്. മരിച്ച എല്ലാവരെയും തിരിച്ചറിയികയും ചെയ്തിട്ടുണ്ട്. ഉത്തർപ്രദേശിലെ ബഹദൂർ നഗരി ഗ്രാമത്തിൽ കർഷക കുടുംബത്തിലാണ് സ്വയം പ്രഖ്യാപിത ആൾദൈവമായ ഭോലെ ബാബയുടെ ജനനം. സൂരജ് പാൽ എന്നാണ് ഇയാളുടെ യഥാർത്ഥ പേര്. ഗ്രാമത്തിൽ തന്നെ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ഇയാൾ ഉത്തർപ്രദേശ് പോലീസിലെ ലോക്കൽ ഇന്റലിജൻസ് യൂണിറ്റിൽ പ്രവർത്തിച്ചിട്ടുണ്ടെന്നാണ് പറയുന്നത്. കോളേജ് പഠനത്തിന് ശേഷമാണ് ഈ ജോലിയിലെത്തിയത്. പിന്നീട് ആത്മീയതയിലേക്ക് തിരിയുകയായിരുന്നുവെന്നാണ് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നത്.