Hathras Stampede: അനുമതി 80,000 പേർക്ക്; പങ്കെടുത്തത് രണ്ടര ലക്ഷം പേർ; ഹഥ്റസ് ദുരന്തമുണ്ടായത് സംഘാടനപ്പിഴവിൽ
Hathras Stampede Limit Was 80000 : 80,000 പേർക്ക് മാത്രം അനുമതിയുണ്ടായിരുന്ന ഹഥ്റസ് സത്സംഗിൽ പങ്കെടുത്തത് രണ്ടര ലക്ഷം പേരെന്ന് എഫ്ഐആർ. പരിപാടിയുടെ സംഘാടകർക്കെതിരെ മനപൂർവമല്ലാത്ത നരഹത്യ ഉൾപ്പെടെ പൊലീസ് കേസെടുത്തു.
ഹഥ്റസിലെ സത്സംഗ് പരിപാടിയിൽ അപകടമുണ്ടാവാൻ കാരണം അനുവദിച്ചതിനെക്കാൾ വളരെ കൂടുതൽ ആളുകൾ പങ്കെടുത്തതിനാലെന്ന് വിവരം. അനുവദിച്ചതിലും മൂന്നിരട്ടിയിലധികം പേരാണ് പരിപാടിയ്ക്കെത്തിയത് (Hathras Stampede). 80,000 പേർക്ക് അനുമതി നൽകിയപ്പോൾ പരിപാടിയിൽ പങ്കെടുത്തത് രണ്ടര ലക്ഷത്തിലധികം ആളുകളാണ്. ഇതേ തുടർന്ന് സത്സംഗ് സംഘാടകർക്കെതിരെ പൊലീസ് കേസെടുത്തു. പരിപാടിയുടെ മുഖ്യ നടത്തിപ്പുകാരനായ സ്വയം പ്രഖ്യാപിത ആൾ ദൈവം ഭോലെ ബാബ (Bhole Baba) അഥവാ നാരായൺ സാകർ വിശ്വഹരിയ്ക്കെതിരെ പരാതിയുണ്ടെങ്കിലും എഫ്ഐആറിൽ പേര് ഉൾപ്പെടുത്തിയിട്ടില്ല.
പോലീസിനും ജില്ലാ ഭരണകൂടത്തിനും ക്ലീൻ ചിറ്റ് നൽകുന്നതാണ് എഫ്ഐആർ. വയലിനു സമീപത്താണ് പരിപാടിയ്ക്കുള്ള വേദി തയ്യാറാക്കിയിരുന്നത്. തലേദിവസം പെയ്ത മഴ കാരണം പ്രദേശത്ത് വഴുക്കലുണ്ടായിരുന്നു. പരിപാടി അവസാനിപ്പിച്ച് മടങ്ങുകയായിരുന്ന ഭോലെ ബാബയുടെ കാലിനടിയിലെ മണ്ണ് ശേഖരിക്കാൻ ആളുകൾ തിക്കിത്തിരക്കിയതോടെ പലരും നിലത്ത് വീണു. ഇതാണ് വലിയ അപകടത്തിലേക്ക് നയിച്ചത്. ഇത്രയധികം ആളുകൾ പങ്കെടുത്തെന്ന വിവരം സംഘാടകർ മറച്ചുവച്ചതിനാൽ അത്രയും പേരെ നിയന്ത്രിക്കാൻ ആവശ്യമായ പോലീസ് ഇവിടെ ഉണ്ടായിരുന്നില്ല. അപകടം നടന്നതിനു പിന്നാലെ ആളുകളുടെ എണ്ണം കുറച്ചുകാണിക്കാൻ സംഘാടകർ ചെരുപ്പുകൾ സമീപത്തെ പറമ്പിലേക്ക് വലിച്ചെറിഞ്ഞു എന്നും എഫ്ഐആറിൽ പറയുന്നു. ഭാരതീയ ന്യായ സംഹിത സെക്ഷന്‍ 105 (മനഃപൂര്‍വമല്ലാത്ത നരഹത്യ) ഉൾപ്പെടെ വിവിധ വകുപ്പുകൾ ചുമത്തിയാണ് സംഘാടകർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
Also Read : Hathras stampede: ഹഥ്റസ് ദുരന്തത്തിലെ സത്സംഗം നടത്തിയ ഭോലെ ബാബ ആര്?
ഹഥ്റസിൽ തിക്കിലും തിരക്കിലും മരിച്ചവരുടെ എണ്ണം 130 കടന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 116 പേരുടെ മരണമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളത്. സംഭവത്തിൽ പരിക്കേറ്റവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. അപകടസ്ഥലം യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് സന്ദർശിക്കും. സംഭവത്തിൽ യുപി സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോർട്ട്.
ഹഥ്റസിലെ സിക്കന്ദർ റൗവിലെ പാടത്താണ് പരിപാടി സംഘടിപ്പിച്ചത്. താൽക്കാലിക പന്തൽ കെട്ടിയാണ് ഭോലെ ബാബ എന്ന് വിളിക്കുന്ന സാകർ വിശ്വഹരിയുടെ നേതൃത്വത്തിൽ ഇവിടെ പ്രാർത്ഥനാ പരിപാടി നടന്നത്. ദുരന്തത്തിന് പിന്നാലെ പരിപാടിയുടെ ഭോലെ ബാബ ഒളിവിൽ പോയെന്നാണ് സൂചന. ഇയാളെ കണ്ടെത്തുന്നതിനായി അന്വേഷണം തുടരുകയാണ്.
അപകടം നടന്ന സ്ഥലത്ത് ആളുകളുടെ ചെരുപ്പുകൾ, ബാഗുകൾ അടക്കം ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. അപകടത്തിൽ മരിച്ചവരിൽ ഏറെയും സ്ത്രീകളും കുട്ടികളുമാണ്. പരിക്കേറ്റവർ ആറിലധികം ആശുപത്രികളിലായി ചികിത്സയിലാണ്. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു. പരിക്കേറ്റവരുടെ കുടുംബാംഗങ്ങൾക്ക് 50,000 രൂപ വീതവും നൽകും.
അപകടത്തിൽ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, രാഷ്ട്രപതി ദ്രൗപതി മുർമു, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രധാനമന്ത്രി നരേന്ദ്രമോദി തുടങ്ങിയവർ അനുശോചനം അറിയിച്ചു. സംഭവത്തിൽ അന്വേഷണം നടത്താൻ സമിതി രൂപീകരിക്കാൻ യോഗ്യ ആദിത്യനാഥ് നിർദേശം നൽകി.