Hathras stampede: ഹഥ്റസ് ദുരന്തം : സത്സംഗിൽ 15-16 പേർ വിഷം തളിച്ചുവെന്ന് ഭോലെ ബാബയുടെ അഭിഭാഷകൻ
Bhole Baba’s lawyer AP Singh about Hathras stampede: പരമാവധി 80,000 പേർക്ക് പങ്കെടുക്കാൻ അനുമതി ലഭിച്ച പരിപാടിയിൽ 2.5 ലക്ഷത്തിലധികം പേർ പങ്കെടുത്തിരുന്നു.
ലഖ്‌നൗ: ഉത്തർ പ്രദേശിലെ ഹാഥ്‌റസിൽ ആൾദൈവം ഭോലെ ബാബയുടെ സത്സംഗത്തിനിടെ ഉണ്ടായ ദുരന്തം ആസൂത്രിതമെന്ന ആരോപണവുമായി ഭോലെ ബാബയുടെ അഭിഭാഷകൻ രംഗത്ത്. തിക്കിലും തിരക്കിലുംപെട്ട് നൂറിലേറെ പേർ മരിച്ച സംഭവത്തിൽ, 15-16 പേർ പരിപാടിക്കിടെ വിഷം സ്പ്രേ ചെയ്തെന്നും ഇതാണ് ദുരന്തത്തിലേക്ക് നയിച്ചതെന്നുമാണ് അഭിഭാഷകന്റെ ആരോപണം. തിക്കും തിരക്കും ഉണ്ടായതിന് പിന്നാലെ ഇവർ സംഭവ സ്ഥലത്തു നിന്ന് മാറിയെന്നും അഭിഭാഷകൻ എ.പി. സിങ് ആരോപിച്ചു.
പരിപാടിക്ക് നേരത്തെ തന്നെ അനുവാദം വാങ്ങിയതാണെന്നും പ്രദേശത്തിന്റെ മാപ്പും അനുമതിക്കൊപ്പം നൽകിയതാണെന്നും അഭിഭാഷകൻ കൂട്ടിച്ചേർത്തു. പരിപാടി നടക്കുന്ന സ്ഥലത്ത് സംശയാസ്പദകരമായ രീതിയിൽ ചില വാഹനങ്ങൾ കണ്ടുവെന്നും സി.സി.ടി.വി. അടക്കം കണ്ടെത്തണമെന്നും വാഹനങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. വിഷവാതകം ശ്വസിച്ച് ശ്വാസമെടുക്കാൻ പ്രയാസപ്പെട്ട് മരിച്ചു വീഴുന്ന പല സ്ത്രീകളേയും തങ്ങൾ കണ്ടതായി ദൃക്സാക്ഷികൾ വ്യക്തമാക്കിയതായും അദ്ദേഹം പറയുന്നു.
ALSO READ : തകർന്നുവീണ കെട്ടിടത്തിനടിയിൽ പെട്ട് മരിച്ചവർ ഏഴായി; കെട്ടിടം അനധികൃതമായി നിർമ്മിച്ചതെന്ന് കണ്ടെത്തൽ
പരമാവധി 80,000 പേർക്ക് പങ്കെടുക്കാൻ അനുമതി ലഭിച്ച പരിപാടിയിൽ 2.5 ലക്ഷത്തിലധികം പേർ പങ്കെടുത്തിരുന്നു. സംഭവത്തിൽ ദുഖം പ്രകടിപ്പിച്ച് ഭോലെ ബാബ ശനിയാഴ്ച രംഗത്തെത്തിയിരുന്നു. മുഖ്യപ്രതി ദേവപ്രകാശ് മധുകർ ജൂലൈ അഞ്ചിന് പ്രത്യേക അന്വേഷണ സംഘത്തിന് (എസ്ഐടി) കീഴടങ്ങിയിരുന്നു.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ജസ്റ്റിസ് (റിട്ട) ബ്രിജേഷ് കുമാർ ശ്രീവാസ്തവയുടെ നേതൃത്വത്തിലുള്ള മൂന്നംഗ അന്വേഷണ സമിതിയെ ഉത്തർപ്രദേശ് സർക്കാർ രൂപീകരിച്ചു. പരിപാടിയുടെ വീഡിയോ റെക്കോർഡിംഗുകൾ അയയ്ക്കാൻ പാനൽ പൊതുജനങ്ങളോട് അഭ്യർത്ഥിക്കുകയും അന്വേഷണം പൂർത്തിയാക്കാൻ രണ്ട് മാസത്തെ സമയം നൽകുകയും ചെയ്തിട്ടുണ്ട്.