Haryana Election 2024 : ഹരിയാന തിരഞ്ഞെടുപ്പ് ഗോദയിലേക്ക് രണ്ടും കൽപ്പിച്ച് കോൺഗ്രസ്; വിനേഷ് ഫോഗട്ടും ബജറംഗ് പൂനിയയും പാർട്ടിയിൽ ചേർന്നു
Vinesh Phogat and Bajarang Punia Join Congress : ഹരിയാന തിരഞ്ഞെടുപ്പിൽ വിനേഷ് ഫോഗട്ടും ബജറംഗ് പൂനിയയും മത്സരിച്ചേക്കും. നേരത്തെ ലൈംഗികാരോപണ വിധേയനായ മുൻ ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബിജെപി എംപിയുമായിരുന്ന ബ്രിജ് ഭൂഷൺ സിങ്ങിനെതിരെ ഇരുവരും സമരം നടത്തിയിരുന്നു.
ന്യൂ ഡൽഹി : ഹരിയാന തിരഞ്ഞെടുപ്പ് (Haryana Election 2024) ഗോദയിലേക്കിറങ്ങി കോൺഗ്രസ്. ഹരിയാന നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഒളിമ്പിക്സിൽ ഗുസ്തിയിൽ ഇന്ത്യയെ പ്രതിനിധീകരിച്ച വിനേഷ് ഫോഗട്ടും (Vinesh Phogat) ബജറംഗ് പൂനിയയും (Bajarang Punia) കോൺഗ്രസിൽ ചേർന്നു. ഡൽഹിയിൽ കോൺഗ്രസ് ആസ്ഥാനത്ത് ദേശീയ അധ്യക്ഷൻ മല്ലികാർജ്ജു ഖാർഗെയിൽ നിന്നുമാണ് ഇരുവരും കോൺഗ്രസ് അംഗത്വം സ്വന്തമാക്കിയത്. പാർട്ടിയിൽ ചേരുന്നതിന് മുമ്പ് ഇരുവരും കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ലൈംഗികാരോപണ വിധേയനായ അഖിലേന്ത്യ ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷൻ ബ്രിജ് ഭൂഷണിനെതിരെ വിനേഷിൻ്റെയും പൂനിയുടെയും നേതൃത്വത്തിലായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്.
അതേസമയം ഇരുവരും ഹരിയാന നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്നതിൽ കോൺഗ്രസ് വ്യക്തമാക്കിട്ടില്ല. റിപ്പോർട്ടുകൾ പ്രകാരം വിനേഷ് ജുലാന മണ്ഡലത്തിൽ നിന്നും പൂനിയ ബാദ്ലി മണ്ഡലത്തിൽ നിന്നും കോൺഗ്രസിനായി മത്സരിച്ചേക്കും. ഇത് കൂടാതെ ഇത്തവണ വിനേഷ് മാത്രം മത്സരിക്കാനും പൂനിയയ്ക്ക് പാർട്ടി നേതൃത്വത്തിന് ചുമതല നൽകാനും സാധ്യയുണ്ടെന്നും മറ്റ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. കോൺഗ്രസിൽ ചേരുന്നതിന് തൊട്ട് മുന്നോടിയായി വിനേഷ് ഇന്ത്യൻ റെയിൽവെയിലെ തൻ്റെ ജോലി രാജിവെക്കുകയും ചെയ്തിരുന്നു. ഉത്തര റെയിൽവെയിൽ സ്പെഷ്യൽ ഡ്യൂട്ടി ഓഫീസറായിട്ടായിരുന്നു വിനേഷ് പ്രവർത്തിച്ചിരുന്നത്.
चक दे इंडिया, चक दे हरियाणा!
दुनिया में भारत का नाम रौशन करने वाले हमारे प्रतिभाशाली चैंपियन विनेश फोगाट और बजरंग पुनिया से 10 राजाजी मार्ग पर मुलाक़ात।
हमें आप दोनों पर गर्व है। pic.twitter.com/aFRwfFeeo1
— Mallikarjun Kharge (@kharge) September 6, 2024
ഈ കഴിഞ്ഞ പാരിസ് ഒളിമ്പിക്സിൽ 50 കിലോ ഗുസ്തിയിൽ ഫൈനലിൽ പ്രവേശിച്ച വിനേഷ് അമിതഭാരത്തെ തുടർന്ന് അയോഗ്യയാക്കപ്പെട്ടിരുന്നു. നിശ്ചിത ഭാരത്തിൽ നിന്നും 100 ഗ്രാം അമിതമായി രേഖപ്പെടുത്തിയതിനെ തുടർന്നാണ് ഇന്ത്യൻ കായിക താരത്തെ അയോഗ്യയാക്കിയത്. ഫൈനലിലേക്ക് പ്രവേശിച്ചെങ്കിലും മെഡൽ പോലും നൽകാതെയായിരുന്നു വിനേഷ് നേരിട്ട അയോഗ്യത. കായിക കോടതിയെ സമീപിച്ചെങ്കിലും വിനേഷിന് അനുകൂലമായ വിധി ലഭിച്ചില്ല. പിന്നാലെ താരം കായിക ലോകത്തിൽ നിന്നും വിട പറയുകയായിരുന്നു. തുടർന്നാണ് 30കാരിയായ താരം രാഷ്ട്രീയത്തിലേക്ക് ചുവടുവെക്കുന്നത്. 2020 ടോക്കിയോ ഒളിമ്പിക്സിൽ ഗുസ്തിയിൽ ഇന്ത്യക്കായി വെങ്കല മെഡൽ നേടിയ താരമാണ് ബജറംഗ് പൂനിയ.
ഇരു ഗുസ്തി താരങ്ങളുടെ രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനം വലിയതോതിലാണ് കോൺഗ്രസിന് ഗുണഫലമായി മാറുക. ഇതിലൂടെ ഹരിയാനയിൽ കോൺഗ്രസിന് കർഷക വോട്ട് ഏകീകരിക്കാൻ സാധിക്കുമെന്ന് പ്രതീക്ഷയാണ് കോൺഗ്രിനുള്ളത്. ഒളിമ്പിക്സിന് ശേഷം വിനേഷ് ആദ്യം പങ്കെടുത്ത പൊതുപരിപാടി ഹരിയാന-പഞ്ചാബ് അതിർത്തിയായ ശംഭുവിൽ കർഷകർ സമരവേദിയിലായിരുന്നു. ബിജെപിക്കെതിരെ സമരം നടത്തുന്ന കർഷകരുടെ പിന്തുണയിൽ കോൺഗ്രസിന് 2014ന് ശേഷം വീണ്ടും ഹരിയാനയിലെ ഭരണം തിരിച്ചുപിടിക്കാനാകുമെന്നാണ് പ്രതീക്ഷ.
ഹരിയാനയിൽ കേന്ദ്രം ഭരിക്കുന്ന പാർട്ടിക്കുള്ള വെല്ലുവിളി കോൺഗ്രസും ആം ആദ്മി പാർട്ടിയും തമ്മിലുള്ള സഖ്യമാണ്. സീറ്റ് വിഭജനത്തിൽ ധാരണയായില്ലെങ്കിലും ലോക്സഭ തിരഞ്ഞെടുപ്പ് പോലെ വോട്ടകൾ ഏകീകരിക്കാനാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്. ഹരിയാനയിൽ പത്ത് സീറ്റുകളാണ് എഎപി ആവശ്യപ്പെടുന്നത്. ഏഴ് സീറ്റ് കൂടുതൽ നൽകാനാകില്ലയെന്ന നിലപാടിലാണ് കോൺഗ്രസ്. അതേസമയം ഗുസ്തി താരങ്ങൾ കോൺഗ്രസിൽ ചേർന്നതോടെ എഎപി തങ്ങളുടെ പത്ത് സീറ്റെന്ന് ആവശ്യം ഏഴിലേക്ക് ചുരുക്കിയേക്കും.