Gyanesh Kumar: ഗ്യാനേഷ് കുമാർ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ; കേരള കേഡർ ഉദ്യോഗസ്ഥനെത്തുക രാജീവ് കുമാറിൻ്റെ ഒഴിവിലേക്ക്
Gyanesh Kumar New Chief Election Commissioner: കേരള കേഡർ ഐഎഎസ് ഉദ്യോഗസ്ഥൻ ഗ്യാനേഷ് കുമാറിനെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചു. രാഹുൽ ഗാന്ധിയുടെ എതിർപ്പ് മറികടന്നാണ് സെലക്ഷൻ കമ്മറ്റി ഗ്യാനേഷ് കുമാറിനെ തിരഞ്ഞെടുത്തത്.

തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചു. നിലവിലെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാറിൻ്റെ ഒഴിവിലേക്കാണ് ഗ്യാനേഷ് കുമാർ എത്തുക. കഴിഞ്ഞ മാർച്ചിലാണ് ഗ്യാനേഷ് കുമാർ തിരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റത്. ചൊവ്വാഴ്ച സ്ഥാനമൊഴിയുന്ന രാജീവ് കുമാറിന് പകരക്കാരനായി ഗ്യാനേഷ് കുമാർ സ്ഥാനമേൽക്കും. പുതിയ തിരഞ്ഞെടുപ്പ് കമ്മീഷണറായി വിവേക് ജോഷിയെയും തിരഞ്ഞെടുത്തു.
1988 ബാച്ച് കേരള കേഡർ ഐഎഎസ് ഉദ്യോഗസ്ഥനാണ് ഗ്യാനേഷ് കുമാർ. ഇദ്ദേഹം ആഗ്ര സ്വദേശിയാണ്. ഈ വർഷം ബീഹാറിൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പാവും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെന്ന നിലയിൽ ഗ്യാനേഷ് കുമാറിൻ്റെ ആദ്യ ചുമതല. ബംഗാൾ, തമിഴ്നാട്, അസം, കേരളം എന്നിവിടങ്ങളിൽ അടുത്ത വർഷം നടക്കുന്ന തിരഞ്ഞെടുപ്പും ഗ്യാനേഷ് കുമാർ തന്നെ നിയന്ത്രിക്കും.
പ്രധാനമന്ത്രിയും ലോക്സഭാ പ്രതിപക്ഷ നേതാവും ആഭ്യന്തര മന്ത്രിയും ചേർന്ന കമ്മറ്റിയാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ നിയമിക്കുന്നത്. ഈ കമ്മറ്റിയിൽ നിന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ കേന്ദ്രം ഒഴിവാക്കിയത് വലിയ വിവാദങ്ങൾക്കിടയാക്കിയിരുന്നു. ഇതിനെതിരായ ഹർജി സുപ്രീം കോടതിയുടെ പരിഗണനയിലുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഗ്യാനേഷ് കുമാറിൻ്റെ നിയമനത്തിൽ രാഹുൽ ഗാന്ധി വിയോജിപ്പ് രേഖപ്പെടുത്തി. 22ന് ഈ ഹർജി പരിഗണിച്ചേക്കുമെന്നാണ് സൂചന. അതിന് മുൻപ് തിടുക്കത്തിൽ ഇങ്ങനെയൊരു തീരുമാനമെടുക്കുന്നത് ബിജെപിയ്ക്ക് മേൽക്കൈ നേടാനാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. എന്നാൽ, അദ്ദേഹത്തിൻ്റെ വിയോജിപ്പ് വിലപ്പോയില്ല.
നേരത്തെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ ഭാഗമായിരുന്നു ഗ്യാനേഷ് കുമാർ. ആർട്ടിക്കിൾ 370 റദ്ദാക്കി ജമ്മു കശ്മീരിനെ രണ്ട് കേന്ദ്രഭരണപ്രദേശങ്ങളായി വിഭജിച്ച ബിൽ തയ്യാറാക്കുന്നതിൽ ഇദ്ദേഹം സുപ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയത്തിൻ്റെ ജോയിൻ്റ് സെക്രട്ടറിയായിരിക്കെയാണ് അദ്ദേഹം ഇത് ചെയ്തത്. പിന്നീട് ആഭ്യന്തരമന്ത്രാലയത്തില്‍ അഡീഷണല്‍ സെക്രട്ടറി ആയിരിക്കെ അയോധ്യ രാമക്ഷേത്രവുമായി ബന്ധപ്പെട്ട സുപ്രീം കോടതി രേഖകളും ഇദ്ദേഹമാണ് കൈകാര്യം ചെയ്തത്. ആഭ്യന്തര മന്ത്രി അമിത് ഷായുമായി ഏറെ അടുപ്പമുള്ളയാളാണ് ഗ്യാനേഷ് കുമാറെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.