Guillain Barre Syndrome: ഗില്ലെയ്ൻ ബാരെ സിൻഡ്രോം: ആന്ധ്രയിൽ ഒരു മരണം കൂടി, പ്രതിരോധ പ്രവർത്തനം ഊർജ്ജിതം
Guillain Barre Syndrome Death: ഗിഡ്ഡലൂർ സർക്കാർ ആശുപത്രിയിൽ നിന്ന് രോഗം മൂർച്ഛിച്ചതിനെ തുടർന്നാണ് കമലമ്മയെ ഗുണ്ടൂരിലെ സർക്കാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റിയത്. രോഗബാധ സ്ഥിരീകരിച്ച കമലമ്മയെ ആദ്യം തീവ്ര പരിചരണ വിഭാഗത്തിലായിരുന്നു പ്രവേശിപ്പിച്ചത്. എന്നാൽ പിന്നീട് ഫെബ്രുവരി 10 മുതൽ വെന്റിലേറ്റർ സഹായത്തോടെയാണ് ഇവർ കഴിഞ്ഞിരുന്നത്.

ഗുണ്ടൂർ: രാജ്യത്ത് ഗില്ലെയ്ൻ ബാരെ സിൻഡ്രോം ബാധിച്ച് ഒരു മരണം കൂടി. ആന്ധ്ര പ്രദേശിലാണ് രോഗം ബാധിച്ച് കമലമ്മ (45) എന്ന സ്ത്രീ മരിച്ചത്. ഗുണ്ടൂർ സർക്കാർ ജനറൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെയാണ് (ഞായറാഴ്ച്ച) ഇവർ മരിക്കുന്നത്. ആന്ധ്രാ പ്രദേശിലെ കൊമറോൾ മണ്ഡൽ സ്വദേശിയാണ് ഇവർ. ഗില്ലെയ്ൻ ബാരെ സിൻഡ്രോം ബാധിച്ച് രാജ്യത്ത് മരിക്കുന്നവരുടെ എണ്ണം ഇതോടെ രണ്ടായി. കഴിഞ്ഞ ആഴ്ച ശ്രീകാകുളം സ്വദേശിയായ 10 വയസുകാരൻ ലക്ഷണങ്ങളോടെ മരിച്ചിരുന്നു.
ഗിഡ്ഡലൂർ സർക്കാർ ആശുപത്രിയിൽ നിന്ന് രോഗം മൂർച്ഛിച്ചതിനെ തുടർന്നാണ് കമലമ്മയെ ഗുണ്ടൂരിലെ സർക്കാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റിയത്. രോഗബാധ സ്ഥിരീകരിച്ച കമലമ്മയെ ആദ്യം തീവ്ര പരിചരണ വിഭാഗത്തിലായിരുന്നു പ്രവേശിപ്പിച്ചത്. എന്നാൽ പിന്നീട് ഫെബ്രുവരി 10 മുതൽ വെന്റിലേറ്റർ സഹായത്തോടെയാണ് ഇവർ കഴിഞ്ഞിരുന്നത്. പിന്നാലെ ഇവരുടെ ആരോഗ്യ സ്ഥിതി മോശമാവുകയും മൂന്ന് തവണ ഹൃദയാഘാതം സംഭവിക്കുകയും ചെയ്തു. ഇതേതുടർന്ന് ഞായറാഴ്ചയാണ് 45കാരിയുടെ അന്ത്യം.
അതേസമയം കമലമ്മയുടെ മരണത്തിന് പിന്നാലെ ഗ്രാമത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. കൂടുതൽ വിശകലനത്തിനായി അധികാരികൾ പ്രാദേശിക കുഴൽക്കിണറുകളിൽ നിന്ന് ജല സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. ജല മലിനീകരണമാണ് രോഗം പടരാനുള്ള പ്രധാന കാരണമായി സംശയിക്കുന്നത്. ചത്തതും അഴുകിയതുമായ ജീവികളുടെ ജഡം കുടിവെള്ളവുമായി സമ്പർക്കം പുലർത്തുന്നതോടെ രോഗവ്യാപനത്തിന് കാരണമാവുകയാണ്.
മഹാരാഷ്ട്രയിലെ പൂനെയിലാണ് ആദ്യം രോഗബാധ സ്ഥിരീകരിച്ചത്. കാംപിലോബാക്റ്റർ ജെജുനി എന്ന ബാക്ടീരിയയാണ് പൂനെയിൽ ഗില്ലെയ്ൻ ബാരെ സിൻഡ്രോമിന് കാരണമായത്. ഫെബ്രുവരി 15 വരെ ആന്ധ്രാപ്രദേശിൽ മാത്രം 17 ജിബിഎസ് കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. പനി, ചുമ, മൂക്കൊലിപ്പ്, വയറുവേദന, ഒഴിച്ചിൽ തുടങ്ങിയവയാണ് ഇതിൻ്റെ ലക്ഷണം. ശരിയായ രീതിയിൽ പാകം ചെയ്യാത്ത ഭക്ഷണം കഴിക്കുക, കൃത്യമായ രീതിയിൽ പാസ്ചറൈസ് ചെയ്യാത്ത പാൽ, പാൽ ഉൽപ്പന്നങ്ങൾ, വൃത്തിയില്ലാത്ത കുടിവെള്ളം തുടങ്ങിയവയാണ് രോഗം പടരുന്നതിന് കാരണമായി കണ്ടെത്തിയിരിക്കുന്നത്.