Guillain-Barre Syndrome: പൂനെയിൽ ജിബിഎസ് രോഗം അതിവേഗം പടരുന്നു; 73 പേർക്ക് കൂടി രോഗബാധ; ആശങ്ക
Guillain-Barré Syndrome: കഴിഞ്ഞ ദിവസം രോഗം ബാധിച്ച് ചികിത്സയിലായിരുന്ന സ്ത്രി മരിച്ചിരുന്നു. ഇതിനു പുറമെ രോഗം ബാധിച്ച രണ്ടു പേരുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്. 12 രോഗികള്‍ തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്.
മുംബൈ: മഹാരാഷ്ട്ര പൂനെയിൽ ഗില്ലെയ്ൻ ബാരെ സിൻഡ്രോം ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം കൂടുന്നു. വെള്ളിയാഴ്ച മാത്രം ആറ് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 73 ആയി. ചികിത്സയിൽ കഴിയുന്നതിൽ 47 പുരുഷന്മാരും 26 സ്ത്രീകളുമാണ്. കഴിഞ്ഞ ദിവസം രോഗം ബാധിച്ച് ചികിത്സയിലായിരുന്ന സ്ത്രി മരിച്ചിരുന്നു. ഇതിനു പുറമെ രോഗം ബാധിച്ച രണ്ടു പേരുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്. 12 രോഗികള്‍ തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്. രണ്ട് രോഗികള്‍ വെന്‍റിലേറ്റർ സഹായത്തോടെയാണ് കഴിയുന്നത്.
ശരീരത്തിന്‍റെ പ്രതിരോധ സംവിധാനമായ പെരിഫറൽ നാഡീവ്യവസ്ഥയെ ആക്രമിക്കുന്ന അപൂർവ ന്യൂറോളജിക്കൽ അവസ്ഥയാണ് ഗില്ലെയ്ൻ-ബാരെ സിൻഡ്രോം. തുടക്കത്തിൽ 24 കേസുകൾ കണ്ടെത്തിയതിനെതുടർന്ന് ഇത് അന്വേഷിക്കുന്നതിനു സംസ്ഥാന ആരോഗ്യ വകുപ്പ് ചൊവ്വാഴ്ച ഒരു റാപ്പിഡ് റെസ്‌പോൺസ് ടീമിനെ (ആർആർടി) രൂപീകരിച്ചിരുന്നു.
Also Read: ഗില്ലന്‍ ബാരി സിന്‍ഡ്രോം; മഹാരാഷ്ട്രയില്‍ ഒരാള്‍ മരിച്ചു
കാംപിലോബാക്റ്റർ ജെജുനി എന്ന ബാക്ടീരിയ വഴിയാണ് രോഗം പടരുന്നത് എന്നാണ് മഹാരാഷ്ട്ര ആരോഗ്യവകുപ്പ് ഇതിനോടകം പറഞ്ഞിട്ടുള്ളത്. സംഭവത്തിൽ അതീവ ജാഗ്രത വേണമെന്ന് മഹാരാഷ്ട്ര സര്‍ക്കാറിന്‍റെ നിര്‍ദ്ദേശം. പനി, ചുമ, മൂക്കൊലിപ്പ്, വയറുവേദന, ഒഴിച്ചിൽ അടക്കമുള്ളവയാണ് രോഗലക്ഷണം.
രണ്ട് ആഴ്ചയിലേറെ രോഗലക്ഷണങ്ങൾ കാണുന്നുണ്ടെങ്കിൽ വൈദ്യ സഹായം തേടണമെന്ന് ആരോഗ്യ വിദഗ്ദർ പറയുന്നു. സാധാരണ ഗതിയിൽ മൃഗങ്ങളുടെ കുടലിൽ കാണുന്ന ബാക്ടീരിയ ആണ് അണുബാധയ്ക്ക് കാരണമാകുന്നത്. ശരിയായ രീതിയിൽ ഭക്ഷണം പാകം ചെയ്യാത്ത ഭക്ഷണം കഴിക്കുന്നതും കൃത്യമായ രീതിയിൽ പാസ്ചറൈസ് ചെയ്യാത്ത പാൽ, പാൽ ഉൽപ്പന്നങ്ങൾ, വൃത്തിയില്ലാത്ത കുടിവെള്ളം എന്നിവയിലൂടെയും രോഗം പടരുമെന്നാണ് ആരോഗ്യ വിദഗ്ധർ വിശദമാക്കുന്നത്.
എന്താണ് ഗില്ലന്‍ ബാരി സിന്‍ഡ്രോം?
ശരീരത്തിന്റെ പ്രതിരോധ സംവിധാനമായ പെരിഫറല്‍ നാഡീവ്യവസ്ഥയെ ബാധിക്കുന്ന അപൂര്‍വ ന്യൂറോളജിക്കല്‍ അവസ്ഥയാണ് ഗില്ലന്‍ ബാരി സിന്‍ഡ്രോം. ഈ രോഗം പിടിപ്പെടുന്ന ആളുകള്‍ക്ക് ബലഹീനത, കൈകാലുകളില്‍ മരവിപ്പ്, പക്ഷാഘാതം എന്നിവ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നാണ് ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
രോഗ ലക്ഷണങ്ങൾ
- ബലക്ഷയം
- വിരല്‍, കണങ്കാല്‍, കൈത്തണ്ട എന്നിവിടങ്ങളില്‍ മരവിപ്പ്
- നടക്കാനോ പടികള്‍ കയറാനോ ഉള്ള പ്രയാസം
- ഹൃദയമിടിപ്പ് ഉയരുക
- ശ്വാസ തടസം അനുഭവപ്പെടല്‍
- ഭക്ഷണം ഇറക്കാനുള്ള ബുദ്ധിമുട്ട്
- വയറിളക്കം
- ഛര്‍ദി