Jalandhar Grenade Blast: ജലന്ധറിൽ ബിജെപി നേതാവിന്‍റെ വീടിനുനേരെ ഉണ്ടായ ഗ്രനേഡ് ആക്രമണം; മുഖ്യപ്രതി ഡൽഹിയിൽ അറസ്റ്റിൽ
Jalandhar Grenade Blast Main Accused Arrested in Delhi: ഉത്തർപ്രദേശിലെ അംറോഹ സ്വദേശിയായ സൈദുൽ അമീൻ ആണ് പോലീസ് പിടിയിലായത്. കേന്ദ്ര ഏജൻസികളുടെയും ഡൽഹി പോലീസിന്റെയും സഹായത്തോടെയാണ് പ്രതിയെ പിടികൂടിയതെന്ന് ഡിജിപി ഗൗരവ് യാദവ് പറഞ്ഞു.

ബിജെപി നേതാവ് മനോരഞ്ജൻ കാലിയയുടെ ജലന്ധറിലെ വസതിയിക്ക് നേരെ ഉണ്ടായ ഗ്രനേഡ് ആക്രമണവുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതി ഡൽഹിയിൽ പിടിയിൽ. ശനിയാഴ്ച പഞ്ചാബ് പോലീസാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഉത്തർപ്രദേശിലെ അംറോഹ സ്വദേശിയായ സൈദുൽ അമീൻ ആണ് പോലീസ് പിടിയിലായത്. കേന്ദ്ര ഏജൻസികളുടെയും ഡൽഹി പോലീസിന്റെയും സഹായത്തോടെയാണ് പ്രതിയെ പിടികൂടിയതെന്ന് ഡിജിപി ഗൗരവ് യാദവ് പറഞ്ഞു.
ആക്രമണത്തിന് പിന്നിലുള്ളവർ, സാമ്പത്തികമായി സഹായിച്ചവർ, വിദേശ ബന്ധങ്ങൾ എന്നിവ കണ്ടെത്തുന്നതിനായി കൂടുതൽ അന്വേഷണം ശക്തമായി പുരോഗമിക്കുകയാണെന്ന് ഡിജിപി വ്യക്തമാക്കി. ഏപ്രിൽ 7നാണ് ബിജെപി നേതാവ് മനോരഞ്ജൻ കാലിയയുടെ ജലന്ധറിലെ വസതിക്ക് പുറത്ത് ഗ്രനേഡ് ആക്രമണം ഉണ്ടായത്. പുലർച്ചെ ഒരു മണിയോടെ നടന്ന ആക്രമണത്തിൽ ആർക്കും പരിക്കില്ല. എന്നാൽ, ഗ്രനേഡ് പൊട്ടിത്തെറിച്ച് കാർ പോർച്ചിനും വാഹനങ്ങൾക്കും കേടുപാടുകൾ പറ്റി. വീടിന്റെ ജനാലകളും തകർന്നിരുന്നു.
പഞ്ചാബ് ബിജെപി മുൻ അധ്യക്ഷനും മുൻ മന്ത്രിയുമായ മനോരഞ്ജൻ കാലിയ നിലവിൽ ബിജെപിയുടെ ദേശീയ എക്സിക്യൂട്ടീവ് അംഗമാണ്. കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടെ അമൃത്സറിലും ഗുരുദാസ്പൂരിലും പൊലീസ് ചെക്ക്പോസ്റ്റുകൾ ലക്ഷ്യമിട്ട് നിരവധി ആക്രമണങ്ങൾ നടന്നിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപി നേതാവിന്റെ വീടിന് നേരെ ഉണ്ടായ ആക്രമണം. സ്ഫോടനം നടക്കുന്ന സമയത്ത് കാലിയ വീട്ടിൽ ഉണ്ടായിരുന്നു. സ്ഫോടനം ഉണ്ടായി 12 മണിക്കൂറിനുള്ളിൽ പോലീസ് രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തു. സീഷാൻ, ഷെഹ്‌സാദ് എന്നിവരാണ് പോലീസ് പിടിയിലായത്. കുറ്റകൃത്യത്തിന് ഉപയോഗിച്ച ഇ-റിക്ഷയും കണ്ടെടുത്തിരുന്നു.
മതസ്പർധ ലക്ഷ്യമിട്ടുള്ള പാക്ക് ചാരസംഘടനയായ ഇന്റർ സർവീസസ് ഇന്റലിജൻസിന്ററെയും (ഐഎസ്‌ഐ) ലോറൻസ് ബിഷ്‌ണോയി സംഘത്തിന്റെയും ഗൂഢാലോചനയാണ് ഗ്രനേഡ് ആക്രമണമെന്ന് നേരത്തെ പോലീസ് അറിയിച്ചിരുന്നു. അതേസമയം, ഇന്ത്യ നിരോധിച്ച ഖാലിസ്ഥാൻ സംഘടനയായ ബാബർ ഖൽസ ഇന്റർനാഷനലിന്റെ പങ്കും പോലീസ് അന്വേഷിക്കുന്നുണ്ട്.