Google Map Tragedy: പോകേണ്ടത് ഗോവയ്ക്ക് ഗൂഗിൾ മാപ്പ് എത്തിച്ചത് കൊടുംകാട്ടിൽ; കാറിനുള്ളിൽ കഴിഞ്ഞ് കുടുംബം
Google Maps Following Tragedy: ഫോണിലെ നെറ്റ്‌വർക്ക് നഷ്ടമായതോടെയാണ് വഴി തെറ്റിയെന്നുള്ള വിവരം മനസ്സിലാക്കിയത്. കാടിന് പുറത്തെത്താൻ ശ്രമിച്ചെങ്കിലും രാത്രിയായതോടെ യാത്ര ദുഷ്കരമായി മാറി. കഴിഞ്ഞ മാസം, ഉത്തർപ്രദേശിലെ ബറേലി ജില്ലയിൽ ഗൂഗിൾ മാപ് നോക്കി വാഹനമോടിച്ച് പണിതീരാത്ത പാലത്തിൽ നിന്ന് കാർ നദിയിലേക്ക് വീണ് മൂന്ന് പേർ മരിച്ചിരുന്നു.
യാത്ര പോകാൻ ഇഷ്ടപ്പെടുന്നവരാണ് നമ്മൾ. അതിന് വഴികാട്ടിയായി ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് ഗൂഗിൾ മാപ്പാണ്. എന്നാൽ ഈ ഗൂഗിൾ മാപ്പ് നോക്കി അപകടത്തിൽപ്പെട്ടവരുടെ വാർത്തയാണ് അടുത്തിടെയായി ചർച്ചയാവുന്നത്. കഴിഞ്ഞ രണ്ടാഴ്ച്ചയ്ക്കിടെ രണ്ട് അപകടങ്ങളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഇപ്പോഴിതാ വീണ്ടു ഗൂഗിൾ മാപ്പ് നോക്കി അപകടത്തിൽപ്പെട്ട മറ്റൊരു കുടുംബത്തിൻ്റെ വാർത്തയാണ് പുറത്തുവരുന്നത്. മാപ്പ് നോക്കി ഗോവയിലേയ്ക്ക് പോയ കുടുംബം ഒടുവിൽ എത്തിപ്പെട്ടത് കൊടും കാടിനുള്ളിലാണ്. ബീഹാറിൽ നിന്ന് ഗോവയിലേക്ക് പോയ കുടുംബമാണ് വഴിതെറ്റി കാടിനുള്ളിൽ പെട്ടത്.
എന്നാൽ കാടിനുള്ളിൽ പെട്ട ഇവർക്ക് ഒരു രാത്രി മുഴുവൻ കാറിനുള്ളിൽ കഴിയേണ്ടി വന്നു. കർണാടകയിലെ ബെലഗാവി ജില്ലയിലുള്ള ഖാനാപൂരിലെ ഭീംഗഡ് വനമേഖലയിലാണ് സംഭവം. ഏകദേശം എട്ട് കിലോമീറ്ററോളം കുടുംബം വനത്തിനുള്ളിലേക്ക് പോയി. പിന്നീട് ഫോണിലെ നെറ്റ്‌വർക്ക് നഷ്ടമായതോടെയാണ് വഴി തെറ്റിയെന്നുള്ള വിവരം മനസ്സിലാക്കിയത്. കാടിന് പുറത്തെത്താൻ ശ്രമിച്ചെങ്കിലും രാത്രിയായതോടെ യാത്ര ദുഷ്കരമായി മാറി.
കാട്ടിനുള്ളിൽ ഏകദേശം 4 കിലോമീറ്ററോളം സഞ്ചരിച്ചാണ് ഒടുവിൽ അവർ മൊബൈൽ നെറ്റ്‌വർക്ക് കവറേജുള്ള സ്ഥലം കണ്ടെത്തുന്നത്. എമർജൻസി ഹെൽപ്പ്‌ലൈൻ നമ്പരിൽ ലോക്കൽ പോലീസിനെ കുടുംബം വിവരമറിയിച്ചു. പിന്നീട് കാട്ടിൽ ഒറ്റപ്പെട്ടുപോയ കുടുംബത്തെ അധികൃതർ കണ്ടെത്തി സുരക്ഷിതമായി വനത്തിന് പുറത്തെത്തിക്കുകയായിരുന്നു. കഴിഞ്ഞ മാസം, ഉത്തർപ്രദേശിലെ ബറേലി ജില്ലയിൽ ഗൂഗിൾ മാപ് നോക്കി വാഹനമോടിച്ച് പണിതീരാത്ത പാലത്തിൽ നിന്ന് കാർ നദിയിലേക്ക് വീണ് മൂന്ന് പേർ മരിച്ചിരുന്നു.
വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോയവരാണ് അപകടത്തിൽപ്പെട്ടത്. പാലത്തിലൂടെ സഞ്ചരിച്ച കാർ 50 അടി ഉയരത്തിൽ നിന്ന് രാംഗംഗ നദിയിലേക്ക് വീഴുകയായിരുന്നു. പണി തീരാത്ത പാലം അടച്ചിടാത്തതിനാലാണ് അപകടം ഉണ്ടായതെന്നാണ് പോലീസ് ചൂണ്ടികാട്ടിയത്. സംഭവത്തിൽ സംസ്ഥാന പൊതുമരാമത്ത് ഉദ്യോഗസ്ഥർക്കെതിരെ വലിയ വിമർശനങ്ങളും ഉയർന്നുവന്നിരുന്നു. അപകടം നടന്നതിന് പിറ്റേ ദിവസം പ്രദേശവാസികളാണ് അപകടത്തിൽപെട്ട കാർ കണ്ടത്.