Police Posco Case: 16കാരനൊപ്പം ജീവിക്കാനായി വീട് വിട്ടിറങ്ങിയ 13കാരിയെ പീഡിപ്പിച്ച് പോലീസുകാരൻ
Girl Assaulted by Traffic Cop in Chennai: ജനുവരി 25-ാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കാമുകനായ 16കാരനൊപ്പം ജീവിക്കാനായി പെൺകുട്ടി സ്വന്തം വീടുവിട്ട് ഇറങ്ങുകയായിരുന്നു.

ചെന്നൈ: 16കാരനായ കാമുകനൊപ്പം ജീവിക്കാനായി വീട് വിട്ട് ഇറങ്ങിയ 13 വയസുകാരിയെ ട്രാഫിക് പോലീസുകാരൻ ലൈംഗികമായി പീഡിപ്പിച്ചു. ജനുവരി 26ന് മൈലാപ്പൂരിൽ വെച്ചാണ് സംഭവം. ചെന്നൈ മൈലാപ്പൂരിലെ ട്രാഫിക് പോലീസ് കോൺസ്റ്റബിൾ ആയ രാമൻ ആണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. സംഭവത്തിൽ പോലീസ് രാമനെ അറസ്റ്റ് ചെയ്തു. പെൺകുട്ടിയെ പീഡിപ്പിച്ചതിന് 16കാരനായ കാമുകനെതിരെയും പോലീസ് കേസെടുത്തു.
ജനുവരി 25-ാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കാമുകനായ 16കാരനൊപ്പം ജീവിക്കാനായി പെൺകുട്ടി സ്വന്തം വീട് വിട്ട് ഇറങ്ങുകയായിരുന്നു. ഇരുവരും കാമുകന്റെ വീട്ടിൽ എത്തി എങ്കിലും, 16 കാരന്റെ അമ്മ പെൺകുട്ടിയെ വീട്ടിൽ പ്രവേശിപ്പിക്കാൻ തയ്യാറായില്ല. ഇതോടെ അവിടെ നിന്നും തിരികെ മടങ്ങിയ പെൺകുട്ടി മൈലാപ്പൂരിൽ എത്തി നടപ്പാതയിൽ കിടന്ന് ഉറങ്ങുകയായിരുന്നു.
ആ സമയത്താണ് ട്രാഫിക് പൊലീസുകാരനായ രാമൻ പെൺകുട്ടിയെ സഹായിക്കാമെന്ന് പറഞ്ഞ് സമീപിച്ചത്. വീട്ടിൽ കൊണ്ട് വിടാം എന്ന് പറഞ്ഞ് പെൺകുട്ടിയെ വാഹനത്തിൽ കയറ്റിയ ശേഷം ഇയാൾ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് പരാതി. പെൺകുട്ടി ബഹളം വെക്കാൻ ആരംഭിച്ചതോടെ ഇയാൾ ഉപദ്രവം അവസാനിപ്പിച്ചു.
ഇതിന് ശേഷവും പെൺകുട്ടി കാമുകനൊപ്പം ജീവിക്കാനായി വീട്ടിൽ നിന്നും ഒളിച്ചോടി. കാമുകന്റെ കടലൂരിലെ വീട്ടിലേക്കാണ് ഇരുവരും പോയത്. അവിടെ വെച്ച് 16കാരനായ കാമുകനും പെൺകുട്ടിയെ പീഡിപ്പിച്ചതായാണ് പരാതി. സംഭവത്തിൽ ട്രാഫിക് പൊലീസുകാരനായ രാമനെയും കാമുകനെയും പോക്സോ നിയമ പ്രകാരം പോലീസ് അറസ്റ്റ് ചെയ്തു.