Indian Army: സിക്കിമിൽ സൈനിക വാഹനം അപകടത്തിൽപ്പെട്ടു; നാല് സൈനികർക്ക് വീരമൃത്യു
Indian Army: 800 അടിയോളം താഴ്ചയുള്ള കൊക്കയിലേക്കാണ് സെെനികവാഹനം മറിഞ്ഞത്. മരിച്ച എല്ലാ സൈനികരും പശ്ചിമ ബംഗാളിലെ ബിനാഗുരിയിലെ യൂണിറ്റിൽ നിന്നുള്ളവരാണെന്നാണ് റിപ്പോർട്ടുകൾ.
ഗാംഗ്ടോക്ക്: സിക്കിമിൽ വാഹനാപകടത്തിൽ നാല് സെെനികർക്ക് വീരമൃത്യു. കിഴക്കൻ സിക്കിമിലെ പക്യോങ്ങിലാണ് സെെനിക വാഹനം അപകടത്തിൽപ്പെട്ടത്. അഞ്ച് സെെനികരായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്. മധ്യപ്രദേശ് സ്വദേശി പ്രദീപ് പട്ടേൽ, മണിപ്പൂർ സ്വദേശി ഡബ്ല്യു പീറ്റർ, ഹരിയാന സ്വദേശി ഗുർസേവ് സിംഗ്, തമിഴ്‌നാട് സ്വദേശി കെ തങ്കപാണ്ടി എന്നീ ഉദ്യോഗസ്ഥരാണ് വീരമൃത്യുവരിച്ചത്.
അപകടത്തിൽ ഗുരുതര പരിക്കേറ്റ സെെനികൻ രംഗ്ലി ആർമി ആശുപത്രിയിൽ ചികിത്സയിലാണ്. അപകടനില തരണം ചെയ്തിട്ടില്ലെന്നാണ് സെെനികവൃത്തങ്ങൾ നൽകുന്ന സൂചന. ജലൂക്ക് ആർമി ക്യാമ്പിൽ നിന്ന് ദലപ്ചന്ദിലേക്ക് റോഡ് മാർഗം പോകുകയായിരുന്ന സൈനിക വാഹനമാണ് 800 അടിയോളം താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞത്. വാഹനത്തിലെ ഡ്രൈവർ ഉൾപ്പെടെ മരിച്ച എല്ലാ സൈനികരും പശ്ചിമ ബംഗാളിലെ ബിനാഗുരിയിലെ യൂണിറ്റിൽ നിന്നുള്ളവരാണെന്നാണ് റിപ്പോർട്ടുകൾ.
അപകടകാരണം കണ്ടെത്തിയിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും സിക്കിം പൊലീസ് അറിയിച്ചു. മരിച്ചവരുടെ മൃതദേഹങ്ങൾ സൈന്യത്തിന് കൈമാറിയതായും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.