Ramoji Rao Passed Away: റാമോജി ഫിലിം സിറ്റി സ്ഥാപകനും നിർമ്മാതാവുമായ റാമോജി റാവു അന്തരിച്ചു
Ramoji Rao Passed Away: 1983ൽ സ്ഥാപിതമായ ചലച്ചിത്ര നിർമ്മാണ കമ്പനിയായ ഉഷാകിരൻ മൂവീസിന്റെ ബാനറിൽ നിരവധി സൂപ്പർ ഹിറ്റുകളാണ് അദ്ദേഹം സിനിമാലോകത്തിന് സമ്മാനിച്ചത്.
ഹൈദരാബാദ്: പ്രശസ്ത നിർമ്മാതാവും വ്യവസായിയുമായ റാമോജി റാവു (87) അന്തരിച്ചു. ശ്വാസ തടസ്സത്തെ തുടർന്ന് ബുധനാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രണ്ട് ദിവസമായി നില ഗുരുതരമായതിനെ തുടർന്ന് വെൻ്റിലേറ്ററിൽ ചികിത്സയിലിയാരുന്നു. ചികിത്സയിലിരിക്കേ ഇന്ന് പുലർച്ചെ അഞ്ചു മണിയോടെയായിരുന്നു അന്ത്യം.
87 കാരനായ റാമോജി റാവു ഏതാനും വർഷങ്ങൾക്ക് മുമ്പാണ് അർബുദത്തെ അതിജീവിച്ചത്. ആന്ധ്രയിലെ ഏറ്റവും വലിയ വ്യവസായ ശൃംഖലയാണ് റാമോജി റാവു പടുത്തുയർത്തിയത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ചലച്ചിത്ര സ്റ്റുഡിയോ സമുച്ചയമായ റാമോജി ഫിലിം സിറ്റിയുടെ സ്ഥാപകനും കൂടിയാണ് അദ്ദേഹം.
ഈനാട് പത്രം, ഇടിവി നെ്‌വർക്ക്, രാമദേവി പബ്ലിക് സ്‌കൂൾ, പ്രിയ ഫുഡ്‌സ്, ഉഷാകിരൺ മൂവീസ്, മയൂരി ഫിലിം ഡിസ്ട്രിബ്യൂഷൻ, മാർഗദർസി ചിറ്റ് ഫണ്ട്, ഡോൾഫിൻ ഗ്രൂപ്പ് ഓഫ് ഹോട്ടൽസ്, കലാഞ്ജലി എന്നിങ്ങനെ വിവിധ വ്യവസായ സംരംഭങ്ങളുടെ ഉടമയായിരുന്നു റാമോജി റാവു. ഏറെക്കാലം ആന്ധ്ര രാഷ്ട്രീയത്തെ പോലും നിയന്ത്രിക്കുന്നവരിൽ പ്രധാനിയായിരുന്നു.
1983ൽ സ്ഥാപിതമായ ചലച്ചിത്ര നിർമ്മാണ കമ്പനിയായ ഉഷാകിരൻ മൂവീസിന്റെ ബാനറിൽ നിരവധി സൂപ്പർ ഹിറ്റുകളാണ് അദ്ദേഹം സിനിമാലോകത്തിന് സമ്മാനിച്ചത്. ഹിന്ദി, മലയാളം, തെലുഗു, തമിഴ്, കന്നട, മറാത്തി, ബംഗാളി തുടങ്ങിയ ഭാഷകളിലായി ഏതാണ്ട് 80 സിനിമകൾ അദ്ദേഹം നിർമ്മിച്ചിട്ടുണ്ട്.
ദേശീയ ചലച്ചിത്ര പുരസ്‌കാരവും നാലു ഫിലിംഫെയർ അവാർഡുകളും നേടിയിട്ടുണ്ട്. പത്രപ്രവർത്തനം, സാഹിത്യം, വിദ്യാഭ്യാസം എന്നിവയിൽ നൽകിയ സംഭാവനകൾക്ക് 2016ൽ ഇന്ത്യയിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു. ഈടിവി, ഈനാട് അടക്കമുള്ള വൻകിട മാധ്യമസ്ഥാപനങ്ങളുടെ ഉടമയാണ്.
വെങ്കടസുബ്ബ റാവുവിൻ്റെയും വെങ്കിടസുബ്ബമ്മയുടെയും മകനായി 1936 നവംബർ 16നാണ് അദ്ദേഹം ജനിച്ചത്. ഒരു ചെറുകിട കർഷക കുടുംബത്തിലാണ് അദ്ദേഹത്തിൻ്റെ ജനനം. ഗുഡിവാഡയിൽ നിന്നാണ് ബിഎസ്‌സി ബിരുദം പൂർത്തിയാക്കിയത്.