5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

BJP and Congress: ഹരിയാനയില്‍ ബിജെപിക്ക് വീണ്ടും തിരിച്ചടി; മുന്‍ എംപിയും പാര്‍ട്ടി വിട്ടു

കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നത് അബദ്ധമായിരുന്നുവെന്ന് കോണ്‍ഗ്രസില്‍ തിരിച്ചുവന്നതിന് പിന്നാലെ കൈലാഷോ സൈനി പറഞ്ഞു.

BJP and Congress: ഹരിയാനയില്‍ ബിജെപിക്ക് വീണ്ടും തിരിച്ചടി; മുന്‍ എംപിയും പാര്‍ട്ടി വിട്ടു
shiji-mk
Shiji M K | Updated On: 12 May 2024 20:03 PM

ഛണ്ഡീഗഡ്: ഹരിയാനയില്‍ തുടര്‍ച്ചയായി തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുകയാണ് ബിജെപി. ഇപ്പോഴിതാ മുന്‍ എംപിയും ഒബിസി നേതാവുമായ കൈലാഷോ സൈനി ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നിരിക്കുകയാണ്. മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഭൂപീന്ദര്‍ സിങ് ഹൂഡയുടെ സാന്നിധ്യത്തിലാണ് കൈലാഷോ സൈനി കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

നേരത്തെ സംസ്ഥാനത്തെ മൂന്ന് സ്വതന്ത്ര എംഎല്‍എമാര്‍ ബിജെപിക്ക് നല്‍കിയിരുന്ന പിന്തുണ പിന്‍വലിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സൈനിയുടെ പാര്‍ട്ടി മാറ്റം. കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നത് അബദ്ധമായിരുന്നുവെന്ന് കോണ്‍ഗ്രസില്‍ തിരിച്ചുവന്നതിന് പിന്നാലെ കൈലാഷോ സൈനി പറഞ്ഞു.

പൗരന്മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് പോരാടുമ്പോള്‍ ഭരണഘടന മാറ്റാനാണ് ബിജെപി ഗൂഢാലോചന നടത്തുന്നത്. യാതൊരു ഉപാധികളുമില്ലാതെയാണ് താന്‍ പാര്‍ട്ടിയില്‍ ചേര്‍ന്നത്. മെയ് 25ന് നടക്കാനിരിക്കുന്ന വോട്ടെടുപ്പില്‍ കുരുക്ഷേത്രയിലെ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥി സുശീല്‍ ഗുപ്തയ്ക്കായി താന്‍ പ്രചാരണം നടത്തുമെന്നും കൈലാഷോ സൈനി വ്യക്തമാക്കി.

രാജ്യത്തെ കര്‍ഷകര്‍, ഗുസ്തി താരങ്ങള്‍, യുവാക്കള്‍, സര്‍ക്കാര്‍ ജീവനക്കാര്‍ എന്നിവരുടെ ശബ്ദത്തെ അടിച്ചമര്‍ത്താന്‍ ബി.ജെ.പി ബാറ്റണ്‍ പ്രയോഗിച്ചുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഹരിയാനയിലെ കുരുക്ഷേത്ര മണ്ഡലത്തില്‍ നിന്നും രണ്ട് തവണ എം.പിയായ നേതാവാണ് കൈലാഷോ. 1998,1999 വര്‍ഷങ്ങളില്‍ കുരുക്ഷേത്ര മണ്ഡലത്തില്‍ നിന്ന് ഹരിയാന ലോക്ദള്‍ (രാഷ്ട്രീയ), ഇന്ത്യന്‍ നാഷണല്‍ ലോക്ദള്‍ എന്നീ പാര്‍ട്ടികളുടെ ടിക്കറ്റില്‍ തെരഞ്ഞെടുക്കപ്പെട്ടു.

കുരുക്ഷേത്ര ജില്ലാ പരിഷത്തിന്റെ അധ്യക്ഷയായും സൈനി പ്രവര്‍ത്തിച്ചിട്ടുണ്ട്. 2009ല്‍ ഭൂപീന്ദര്‍ സിങ് ഹൂഡ മുഖ്യമന്ത്രിയായിരിക്കെ സൈനി കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. എന്നാല്‍ പിന്നീട് നടന്ന രണ്ട് നിയമസഭ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച കൈലാഷോ സൈനി പരാജയപ്പെടുകയായിരുന്നു. തുടര്‍ന്ന് 2019ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സൈനി ബി.ജെ.പിയില്‍ ചേരുകയുമുണ്ടായി.

അതേസമയം ഹരിയാനയില്‍ കോണ്‍ഗ്രസ് തരംഗമുണ്ടെന്നും കഴിഞ്ഞ രണ്ട് മാസത്തിനിടെ 40ലധികം മുന്‍ എം.എല്‍.എമാരും എം.പിമാരും പാര്‍ട്ടിയില്‍ ചേര്‍ന്നുവെന്ന് ഭൂപീന്ദര്‍ സിങ് ഹൂഡ മാധ്യമങ്ങളോട് പ്രതികരിക്കുകയും ചെയ്തു.

അതേസമയം, മോദിയുടെ ഗ്യാരന്റി വേണോ കെജ്രിവാളിന്റെ ഗ്യാരന്റി വേണോ എന്ന് ജനങ്ങള്‍ക്ക് തീരുമാനിക്കാമെന്ന് ആം ആദ്മി പാര്‍ട്ടി അധ്യക്ഷനും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍വ പറഞ്ഞു. ബിജെപി അവരുടെ വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെടുന്നതു നാം കണ്ടുവെന്നും കെജ്രിവാള്‍ പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇന്‍ഡ്യ മുന്നണി വിജയിച്ചാല്‍ പത്ത് ഗ്യാരന്റികള്‍ നടപ്പാക്കുമെന്ന് കെജ്രിവാള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ചൈനയുടെ നിയന്ത്രണത്തിലുള്ള ഇന്ത്യന്‍ ഭൂമിയുടെ മോചനം, അഗ്‌നിവീര്‍ പദ്ധതി നിര്‍ത്തലാക്കുക, കര്‍ഷകര്‍ക്ക് സ്വാമിനാഥന്‍ കമീഷന്റെ ശുപാര്‍ശ പ്രകാരമുള്ള താങ്ങുവില നല്‍കുക, ഡല്‍ഹിക്ക് സമ്പൂര്‍ണ സംസ്ഥാനപദവി എന്നിങ്ങനെയാണ് കെജ്രിവാളിന്റെ പത്ത് ഗ്യാരന്റികള്‍.

സൗജന്യ വൈദ്യുതി, ആരോഗ്യരംഗത്ത് മെച്ചപ്പെട്ട സേവനം ഉള്‍പ്പെടെയുള്ള ജനക്ഷേമ പദ്ധതികള്‍ നടപ്പാക്കുമെന്നാണ് കെജ്രിവാളിന്റെ പ്രഖ്യാപനം. മോദി സര്‍ക്കാര്‍ ഗ്യാരന്റികള്‍ നടപ്പാക്കുന്നതില്‍ പരാജയപ്പെട്ടു. അധികാരത്തിലെത്തിയാല്‍ ഉടന്‍ ജനങ്ങളുടെ അക്കൗണ്ടില്‍ 15 ലക്ഷം രൂപ എത്തിക്കുമെന്ന് പറഞ്ഞിട്ട് നടപ്പാക്കിയില്ല. മോദി വിരമിച്ചാല്‍ ഗ്യാരന്റികള്‍ ആരു നടപ്പാക്കുമെന്നു ചോദിച്ച കെജ്രിവാള്‍, ആരെ വിശ്വസിക്കണമെന്ന് ജനങ്ങള്‍ക്ക് തീരുമാനിക്കാമെന്നും പറഞ്ഞു.