5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Baba Siddique Murder: മുൻമന്ത്രി ബാബ സിദ്ധിഖിയുടെ കൊലപാതകം; ഉത്തരവാദിത്തം ഏറ്റെടുത്ത് ലോറൻസ് ബിഷ്‌ണോയി സംഘം

Lawrence Bishnois Gang Claims the Responsibility of Baba Siddique Murder: ബാബ സിദ്ദിഖിയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ലോറൻസ് ബിഷ്‌ണോയി സംഘം. സമൂഹ മാധ്യമങ്ങളിലൂടെയാണ് ഉത്തരവാദിത്തം ഏറ്റെടുത്തത്.

Baba Siddique Murder: മുൻമന്ത്രി ബാബ സിദ്ധിഖിയുടെ കൊലപാതകം; ഉത്തരവാദിത്തം ഏറ്റെടുത്ത് ലോറൻസ് ബിഷ്‌ണോയി സംഘം
ലോറൻസ് ബിഷ്‌ണോയി, നടൻ സൽമാൻ ഖാൻ, മുൻ മന്ത്രി ബാബ സിദ്ദിഖി (Social Media Image)
nandha-das
Nandha Das | Updated On: 13 Oct 2024 17:33 PM

മുംബൈ: മഹാരാഷ്ട്ര മുൻ മന്ത്രിയും എൻസിപി മുതിർന്ന നേതാവുമായ ബാബ സിദ്ദിഖിയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് അധോലോക നായകൻ ലോറൻസ് ബിഷ്‌ണോയി സംഘം. സമൂഹ മാധ്യമങ്ങളിലൂടെയാണ് ഉത്തരവാദിത്തം ഏറ്റെടുത്തത്. ബിഷ്‌ണോയിക്കും സംഘത്തിനും സംഭവത്തിൽ പങ്കുണ്ടോയെന്ന സംശയത്തിലായിരുന്നു പോലീസ്. അതിനിടെയാണ്, സംഘം കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നത്. ബോളിവുഡ് താരം സൽമാൻ ഖാന് നേരെയുണ്ടായ വധശ്രമക്കേസിലെയും പ്രതി ലോറൻസ് ബിഷ്‌ണോയി തന്നെയായിരുന്നു. ബാബ സിദ്ദിഖിയുടെ അടുത്ത സുഹൃത്ത് കൂടിയായ സൽമാൻഖാന്റെ വധശ്രമവുമായി ഈ കേസിന് ബന്ധമുണ്ടോയെന്നതടക്കം പോലീസ് പരിശോധിച്ചുവരുന്നു.

ഷിബു ലോങ്കർ എന്ന അക്കൗണ്ടിലൂടെയായിരുന്നു സംഘത്തിന്റെ വെളിപ്പെടുത്തൽ. ആ അക്കൗണ്ട് കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് കേന്ദ്ര ഏജൻസികൾ. ബിഷ്‌ണോയി സംഘത്തിലെ അസ്സോസിയേറ്റായ ശുഭം രാമേശ്വർ ലോങ്കർ എന്നയാളുടെ അക്കൗണ്ടായിരിക്കും ഇതെന്നാണ് സംശയിക്കുന്നത്. ബിഷ്‌ണോയി സംഘവുമായി അടുത്ത ബന്ധം പുലർത്തുന്ന ഇയാളെ, മുമ്പ് അനധികൃതമായി ആയുധം കൈവശം വെച്ചതിന്റെ പേരിൽ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അന്ന് നടത്തിയ ചോദ്യം ചെയ്യലിൽ, ലോറൻസ് ബിഷ്‌ണോയിയുടെ സഹോദരനായ അൻമോൾ ബിഷ്‌ണോയിമുമായി ബന്ധപ്പെടാറുണ്ടെന്ന് ശുഭം വെളിപ്പെടുത്തിയിട്ടുമുണ്ട്.

ALSO READ: മഹാരാഷ്ട്ര മുൻമന്ത്രിയുടെ മരണം, രണ്ട് പേർ അറസ്റ്റിൽ; പിന്നിൽ ലോറൻസ് ബിഷ്ണോയ് സംഘം?

അതേസമയം, അടുത്തിടെയാണ് ബോളിവുഡ് നടൻ സൽമാൻ ഖാന്റെ വീടിന് നേരെയും വെടിവെപ്പുണ്ടായത്. സംഭവം നടന്ന് മാസങ്ങൾ മാത്രം പിന്നിടുമ്പോഴേക്കും സിദ്ധിഖി കൊല്ലപ്പെട്ടത് വിഷയത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. ബാബ സിദ്ധിഖി ബോളിവുഡ് താരങ്ങളെ ഉൾപ്പെടുത്തിക്കൊണ്ട് വലിയ ഇഫ്താർ പാർട്ടികൾ നടത്താറുണ്ട്. സൽമാൻ ഖാൻ, ഷാരൂഖ് ഖാൻ തുടങ്ങിയ പ്രമുഖ താരങ്ങൾ അതിൽ പങ്കെടുക്കാറുമുണ്ട്. ഇവരുമായി അടുത്ത ബന്ധം പുലർത്തിയിരുന്നയാളാണ് ബാബ സിദ്ധിഖി. സൽമാൻ ഖാനും ഷാരൂഖ് ഖാനും തമ്മിൽ മുമ്പുണ്ടായിരുന്ന പ്രശ്നങ്ങൾ പരിഹരിച്ചതും ഇദ്ദേഹമാണെന്ന് വാർത്തകൾ ഉണ്ടായിരുന്നു. 2013-ൽ സിദ്ധിഖി നടത്തിയ ഇഫ്താർ വിരുന്നിൽ വെച്ച്, അദ്ദേഹം തന്നെ മുൻകൈയെടുത്താണ് ഇവർ തമ്മിലുള്ള പ്രശ്നം പരിഹരിച്ചതെന്ന് പറയപ്പെടുന്നു. സൽമാൻ ഖാന് നേരെയുണ്ടായ വധശ്രമവുമായി ഈ കേസിന് ബന്ധമുണ്ടോയെന്ന കാര്യമാണ് പോലീസ് ഇപ്പോൾ പരിശോധിക്കുന്നത്.

മുംബൈ ബാന്ദ്ര ഈസ്റ്റിലെ സീഷൻ സിദ്ധിഖിയുടെ ഓഫീസിന് സമീപത്ത് വെച്ച് രാത്രി 9.30-ഓടെയാണ് സിദ്ധിഖിക്ക് നേരെ ആക്രമണമുണ്ടായത്. മുഖം മറച്ചെത്തിയ മൂന്ന് അക്രമികളാണ് വെടിയുതിർത്തത്. നെഞ്ചിലും വയറിലും വെടിയേറ്റ സിദ്ധിഖിയെ ഉടൻ തന്നെ ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ ശനിയാഴ്ച രാത്രി തന്നെ രണ്ട് പേരെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശ് ഹരിയാന സ്വദേശികളാണ് പിടിലായത്. സിദ്ധിഖിയെ വധിച്ചത് ഇവർ തന്നെയാണെന്നാണ് സൂചന. പ്രതികളിൽ ഒരാൾ രക്ഷപ്പെട്ടതായും വാർത്തയുണ്ട്.