SM Krishna Death : മുൻ കർണാടക മുഖ്യമന്ത്രിയും വിദേശകാര്യ മന്ത്രിയുമായിരുന്ന എസ്.എം.കൃഷ്ണ അന്തരിച്ചു
Former Karnataka CM SM Krishna Passed Away : കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ്.എം. കൃഷ്ണ അന്തരിച്ചു. 92 വയസായിരുന്നു. വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്നാണ് അന്ത്യം.
ബെംഗളൂരു: കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ്.എം. കൃഷ്ണ അന്തരിച്ചു. 93 വയസായിരുന്നു. വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്നാണ് അന്ത്യം. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അദ്ദേഹം മരിച്ചത്. വിദേശകാര്യമന്ത്രി, മഹാരാഷ്ട്ര ഗവര്‍ണര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
കോണ്‍ഗ്രസ് നേതാവായിരുന്ന കൃഷ്ണ 2017 ജനുവരി 30ന് പാര്‍ട്ടിയുടെ പ്രവര്‍ത്തക സമിതിയില്‍ നിന്ന് രാജിവച്ചിരുന്നു. പിന്നീട് ബിജെപിയില്‍ ചേര്‍ന്നു.
1932ലായിരുന്നു ജനനം. കര്‍ണാടകയിലെ മാണ്ഡ്യയിലെ മദ്ദൂരില്‍ സോമനഹള്ളി ഗ്രാമത്തില്‍ എസ്‌സി മല്ലയ്യയുടെയും തായമ്മയുടെയും മകനായി ജനനം. മൈസൂരിലെ മഹാരാജാസ് കോളേജില്‍ നിന്ന് ബിരുദം സ്വന്തമാക്കി. ബെംഗളൂരുവിലെ ലോ കോളേജില്‍ നിന്ന് നിയമബിരുദവും കരസ്ഥമാക്കി. യുഎസിലായിരുന്നു ഉപരിപഠനം നടത്തിയത്.
1962ലാണ് കൃഷ്ണ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. 1962ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ മദ്ദൂരില്‍ നിന്ന് സ്വതന്ത്രനായി നിയമസഭയിലേക്ക് മത്സരിച്ചു. 1967ലും മത്സരിച്ചു. അന്ന് പ്രജ സോഷ്യലിസ്റ്റ് പാര്‍ട്ടി ടിക്കറ്റിലായിരുന്നു മത്സരം. പക്ഷേ, തോറ്റു. 1968ലെ ലോക്‌സഭ ഉപതിരഞ്ഞെടുപ്പിലും പിഎസ്പിയുടെ സ്ഥാനാര്‍ത്ഥിയായി. മാണ്ഡ്യയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട് ആദ്യമായി ലോക്‌സഭാംഗമായി.
1971ല്‍ പിഎസ്പി വിട്ട അദ്ദേഹം കോണ്‍ഗ്രസിലെത്തി. ആ വര്‍ഷം നടന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വീണ്ടും വിജയം സ്വന്തമാക്കി. 1972ലാണ് കര്‍ണാടക നിയമസഭാംഗമായത്. 1972-1977 കാലഘട്ടത്തില്‍ കര്‍ണാടകയില്‍ മന്ത്രിയായിരുന്നു. എന്നാല്‍ 1980ല്‍ വീണ്ടും മാണ്ഡ്യയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട് ലോക്‌സഭയിലെത്തി.
1980-84 കാലഘട്ടത്തിലാണ് കേന്ദ്രമന്ത്രിയായത്. എന്നാല്‍ 1984ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ മാണ്ഡ്യയില്‍ നിന്ന് വിജയിച്ചില്ല. പിന്നീട് 1989ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ മദ്ദൂരില്‍ നിന്ന് മത്സരിക്കുകയും വിജയിക്കുകയും ചെയ്തു. 1993 വരെ കര്‍ണാടക നിയമസഭയുടെ സ്പീക്കറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 1993 മുതല്‍ 1994 വരെ കര്‍ണാടകയുടെ ഉപമുഖ്യമന്ത്രിയുമായി.
1994ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ വീണ്ടും മദ്ദൂരില്‍ നിന്ന് മത്സരിച്ചു. എന്നാല്‍ ആ തിരഞ്ഞെടുപ്പില്‍ കൃഷ്ണയ്ക്ക് പരാജയം നേരിടേണ്ടി വന്നു. തുടര്‍ന്ന് 1996-1999 കാലഘട്ടത്തില്‍ രാജ്യസഭാംഗമായി. 1999ലാണ് അദ്ദേഹം കര്‍ണാടക മുഖ്യമന്ത്രിയാകുന്നത്. 1999ല്‍ മദ്ദൂര്‍ മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് എത്തി. 2004ലെ തിരഞ്ഞെടുപ്പില്‍ ചാമരാജ്‌പേട്ട നിയമസഭ മണ്ഡലത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു.
2004ലാണ് മഹാരാഷ്ട്ര ഗവര്‍ണറായി നിയമിക്കപ്പെടുന്നത്. അതോടെ നിയമസഭാംഗത്വം ഒഴിഞ്ഞു. 2008ല്‍ ഗവര്‍ണര്‍ സ്ഥാനം രാജിവച്ചു. ആ വര്‍ഷം മുതല്‍ 2014 വരെ രാജ്യസഭാംഗമായും പ്രവര്‍ത്തിച്ചു. 2009 മുതല്‍ 2012 വരെ വിദേശകാര്യമന്ത്രിയായും അദ്ദേഹം പ്രവര്‍ത്തിച്ചു.