Buddhadeb Bhattacharya : പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ അന്തരിച്ചു; വിടവാങ്ങിയത് ബംഗാളിലെ അവസാനത്തെ ഇടത് മുഖ്യമന്ത്രി
CPM Leader Buddhadeb Bhattacharya Passes Away : പശ്ചിമ ബംഗാളിലെ 34 വർഷത്തെ നീണ്ട ഇടത് ഭരണത്തിലെ അവസാനത്തെയും രണ്ടാമത്തെയും മുഖ്യമന്ത്രിയാണ് ബുദ്ധേവ് ഭട്ടാചാര്യ.
കൊൽക്കത്ത : പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ (Buddhadeb Bhattacharya-80) അന്തരിച്ചു. ഇന്ത്യയിലെ തന്നെ മുതിർന്ന സിപിഎം നേതാക്കളിലൊരാളാണ്. ഏറെ നാളായി ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സിയിലായിരുന്നു അദ്ദേഹം. വ്യാഴാഴ്ച രാവിലെ 8.20-ന് കൊൽക്കത്തയിലെ പാം അവന്യൂവിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. 34 വർഷം ബംഗാൾ ഭരിച്ച ഇടത് പക്ഷ സർക്കാരിൻ്റെ രണ്ടാമത്തെയും അവസാനത്തെയും മുഖ്യമന്ത്രിയായിരുന്നു ഭട്ടാചാര്യ. 2000 മുതൽ 2011 വരെയുള്ള 11 വർഷ കാലയളവിലാണ് ഭട്ടാചാര്യ പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയായിരുന്നത്.
ജ്യോതി ബസു സർക്കാരിന് ശേഷം ബംഗാൾ ഭരിച്ച ഏക സിപിഎം മുഖ്യമന്ത്രിയാണ് ബുദ്ധദേവ് ഭട്ടാചാര്യ. കഴിഞ്ഞ ഒരു വർഷമായി ശ്വാസകോശ സംബന്ധമായ അസുഖങ്ങളിൽ അദ്ദേഹം വിശ്രമത്തിലായിരുന്നു . 2011-ൽ മമത ബാനർജിയുടെ ത്രിണമൂൽ കോൺഗ്രസ് അധികാരത്തിലെത്തിയ തിരഞ്ഞെടുപ്പിൽ തോൽവി നേരിട്ട ഭട്ടാചാര്യ 2015-ൽ സിപിഎം പോളിറ്റ് ബ്യൂറോയിൽ നിന്നും കേന്ദ്ര കമ്മറ്റിയിൽ നിന്നും പടിയിറങ്ങി. പിന്നാലെ 2018ൽ സംസ്ഥാന സെക്രട്ടറിയേറ്റിൽ നിന്നും ഭട്ടാചാര്യ മാറി.
കഴിഞ്ഞ കുറെ വർഷങ്ങളായി പൊതുപരിപാടികളിൽ നിന്നും ഭട്ടാചാര്യ വിട്ടു നിൽക്കുകയായിരുന്നു. കോവിഡിനെ തുടർന്ന് അദ്ദേഹത്തിന് ശ്വാസകോശ സംബന്ധമായ അസുഖം പിടിപ്പെടുന്നത്. ഭാര്യയും ഒരു മകളും അടങ്ങുന്നതാണ് കുടുംബം.