5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Collects Cerelac samples: പഞ്ചസാരയുടെ ഉയർന്ന അളവ്; സെർലാക്കിൻ്റെ സാമ്പിളുകൾ ശേഖരിച്ച് ഭക്ഷ്യസുരക്ഷാ അതോറിറ്റി

കമ്പനിയുടെ ലോകത്തെ രണ്ടാമത്തെ വലിയ മാർക്കറ്റായ ബ്രസീലിലും ഇന്ത്യയിലേതിന് സമാനമായി സെർലാക് ഉല്പന്നങ്ങളിൽ മൂന്ന് ഗ്രാം പഞ്ചസാര കണ്ടെത്തിയിട്ടുണ്ട്.

Collects Cerelac samples: പഞ്ചസാരയുടെ ഉയർന്ന അളവ്; സെർലാക്കിൻ്റെ സാമ്പിളുകൾ ശേഖരിച്ച് ഭക്ഷ്യസുരക്ഷാ അതോറിറ്റി
neethu-vijayan
Neethu Vijayan | Published: 25 Apr 2024 18:58 PM

പഞ്ചസാരയുടെ അളവ് ഉയർന്ന നിലയിൽ കണ്ടെത്തിയതിന് പിന്നാലെ പ്രമുഖ ബേബി ഫുഡ് നിർമ്മാതാക്കളായ നെസ്‌ലെ ഇന്ത്യയിൽ വിൽക്കുന്ന സെർലാക്കിന്റെ സാമ്പിളുകൾ ഭക്ഷ്യസുരക്ഷാ അതോറിറ്റി ശേഖരിച്ചതായി എഫ്എസ്എസ്എഐ അറിയിച്ചു. നടപടി ക്രമങ്ങൾ പൂർത്തിയാക്കാൻ 15-20 ദിവസമെടുക്കുമെന്നും ഭക്ഷ്യസുരക്ഷാ സ്റ്റാൻഡേർഡ് അതോറിറ്റി (എഫ്എസ്എസ്എഐ) സിഇഒ ജി കമല വർധന റാവു പറഞ്ഞു.

കുട്ടികൾക്ക് നൽകുന്ന ഭക്ഷണപതാർത്ഥമായ നെസ്ലെയുടെ സെർലാക്കിൽ പഞ്ചസാരയുടെ ഉയർന്ന് അളവ് കണ്ടെത്തിയതായി റിപ്പോർട്ട് പുറത്തുവന്നിരുന്നു. അതേസമയം യൂറോപിലും, യുകെയിലും കമ്പനി വിൽക്കുന്ന കുട്ടികളുടെ ഉല്പന്നങ്ങളിൽ പഞ്ചസാര ചേർക്കുന്നില്ലെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു. സ്വിസ് അന്വേഷണ സംഘടനയായ പബ്ലിക് ഐ, ഐബിഎഫ്എഎൻ (ഇൻ്റർനാഷണൽ ബേബി ഫുഡ് ആക്ഷൻ നെറ്റ്വർക്ക്) എന്നിവയുടെ റിപ്പോർട്ടിലൂടെയാണ് ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്.

ഏഷ്യ, ആഫ്രിക്ക, ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളിൽ വിപണനം ചെയ്യുന്ന കമ്പനിയുടെ ബേബി ഫുഡ് ഉല്പന്നങ്ങളുടെ സാമ്പിളുകൾ ബെൽജിയൻ ലബോറട്ടറിയിൽ പരിശോധിച്ചിരുന്നതായും അതിൽ പഞ്ചസാരയുടെ അളവ് കണ്ടെത്തിയതായും റിപ്പോർട്ടിൽ പറയുന്നു. 2022ൽ ഇന്ത്യൻ വിപണിയിൽ മാത്രം നടന്ന വിൽപ്പനയിൽ 250 മില്യൺ ഡോളറിലധികം വരുമാനമാണ് നെസ്ലെയ്ക്ക് ലഭിച്ചത്. സെർലാക്കിൻ്റെ ബേബി സീരിയൽ വേരിയന്റിലും സപ്ലിമെന്ററി ഷുഗർ അടങ്ങിയിരിക്കുന്നുവെന്നാണ് റിപ്പോർട്ട്.

കുഞ്ഞുങ്ങൾക്ക് നൽകുന്ന പാലിലും ധാന്യ ഉല്പന്നങ്ങളിലും പഞ്ചസാരയും അതുപോലെ തേനും ചേർക്കുന്നത് അമിതവണ്ണവും വിട്ടുമാറാത്ത രോഗങ്ങൾക്കും ഇടയാക്കുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. എന്നാൽ ഇത് തടയാൻ ലക്ഷ്യമിട്ടുള്ള അന്താരാഷ്ട്ര മാർഗ്ഗനിർദ്ദേശങ്ങളുടെ ലംഘനമാണ് നെസ്‌ലെ നടത്തിയിരിക്കുന്നതെന്നും റിപ്പോർട്ടിൽ ചൂണ്ടികാട്ടുന്നു.

കുഞ്ഞിന് ഒരുതവണ നൽകുന്ന സെർലാക്കിൽ മാത്രം ഏകദേശം മൂന്ന് ഗ്രാം പഞ്ചസാര ചേർക്കുന്നതായാണ് കണക്കുകൾ പറയുന്നത്. അതേസമയം ജർമ്മനി, ഫ്രാൻസ്, യുകെ തുടങ്ങിയ രാജ്യങ്ങളിൽ നെസ്ലെ വിൽക്കുന്ന ആറുമാസം പ്രായമുള്ള കുഞ്ഞുങ്ങളുടെ ഉല്പന്നങ്ങളിൽ പഞ്ചസാരയുടെ അളവ് കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്. എന്നാൽ എത്യോപ്യയിൽ വിൽക്കുന്ന ഇതെ ഉൽപ്പന്നങ്ങളിൽ ഓരോ സെർവിലും അഞ്ച് ​ഗ്രാം പഞ്ചസാരയാണ് കണ്ടെത്തിയിരിക്കുന്നത്. കൂടാതെ തായ്ലൻഡിൽ ഇത് ആറ് ​ഗ്രാം വരെയാണെന്നും കണക്കുകൾ പറയുന്നു.

കമ്പനിയുടെ ലോകത്തെ രണ്ടാമത്തെ വലിയ മാർക്കറ്റായ ബ്രസീലിലും ഇന്ത്യയിലേതിന് സമാനമായി സെർലാക് ഉല്പന്നങ്ങളിൽ മൂന്ന് ഗ്രാം പഞ്ചസാര കണ്ടെത്തിയിട്ടുണ്ട്. അതേസമയം, ഫിലിപ്പീൻസിൽ വിൽക്കുന്ന കുഞ്ഞുങ്ങൾക്കായുള്ള ഉത്പന്നങ്ങളിൽ പഞ്ചസാര കണ്ടെത്താനായില്ല. അടുത്തിടെ കുട്ടികൾക്കുള്ള ഭക്ഷ്യവസ്തുക്കളിൽ പഞ്ചസാരയുടെ അളവ് ​ നിരോധിക്കണമെന്ന് ലോകാരോഗ്യ സംഘടന നിർദ്ദേശിച്ചിരുന്നു.

കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ ശിശു ധാന്യങ്ങളുടെ പോർട്ട്ഫോളിയോയിൽ നെസ്ലെ ഇന്ത്യ ചേർത്ത പഞ്ചസാര 30 ശതമാനം വരെ കുറച്ചെന്നും കമ്പനി പതിവായി പോർട്ട്ഫോളിയോ അവലോകനം ചെയ്യുകയും, ഗുണനിലവാരത്തിലും സുരക്ഷയിലും രുചിയിലും വിട്ടുവീഴ്ച ചെയ്യാതെ, ചേർക്കുന്ന പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ ശ്രമിക്കുന്നുണ്ടെന്നുമാണ് അധികൃതർ വ്യക്തമാക്കുന്നത്. നെസ്‌ലയുടെ ബേബി ഫുഡ് ഉല്പന്നങ്ങളിൽ പഞ്ചസാര ചേർക്കുന്നതിന്റെ അളവോ മറ്റ് വിവരങ്ങളോ പായ്ക്കറ്റിൽ പറഞ്ഞിട്ടില്ല. കുഞ്ഞുങ്ങൾക്ക് നൽകുന്ന ഉല്പന്നങ്ങളിൽ ഇത്തരത്തിൽ പഞ്ചസാര ചേർക്കുന്നത് ​ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്നാണ് വി​ദ​ഗ്ധർ ചൂണ്ടികാട്ടുന്നത്.