Tahawwur Rana’s Extradition: മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവൂർ റാണയെ ഇന്ത്യയ്ക്ക് കൈമാറി; പ്രത്യേക വിമാനത്തില്‍ ഇന്ന് ഡല്‍ഹിയിലെത്തിക്കും
Tahawwur Rana Extradited: ഇന്ത്യയിലെത്തിക്കുന്ന പ്രതിയെ ചോദ്യംചെയ്യാന്‍ എൻഐഎ കസ്റ്റഡിയില്‍ വാങ്ങും. ഇതിനായി ഡല്‍ഹിയിലെയും മുംബൈയിലെയും രണ്ട് ജയിലുകളില്‍ ഉയര്‍ന്ന സുരക്ഷാക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

വാഷിങ്ടൺ: 2008-ലെ മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവുര്‍ റാണയെ ഇന്ത്യയ്ക്ക് കൈമാറി. ഇന്ന് വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ യുഎസിൽ നിന്ന് ഡൽഹിയിലെത്തിക്കുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇവിടെയെത്തിയാൽ ഉടൻ റാണയെ ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്യും.
ഫെബ്രുവരിയിൽ യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് റാണയെ ഇന്ത്യയ്ക്ക് കൈമാറാൻ അനുമതി നൽകിയിരുന്നു. എന്നാൽ ഇന്ത്യയ്ക്ക് കൈമാറുന്നതിനെതിരെനൽകിയ ഹർജി യുഎസ് സുപ്രീം കോടതി കഴിഞ്ഞ തിങ്കളാഴ്ച തള്ളിയിരുന്നു. ഇതോടെ തടസ്സങ്ങൾ നീങ്ങിയതോടെയാണ് റാണയെ ഇന്ത്യയിലെത്തിക്കുന്നത്. എന്‍ഐഎ സംഘവും റിസര്‍ച്ച് അനാലിസിസ് വിങും സംയുക്തമായിട്ടാണ് റാണയെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നത്.
ഇന്ത്യയിലെത്തിക്കുന്ന പ്രതിയെ ചോദ്യംചെയ്യാന്‍ എൻഐഎ കസ്റ്റഡിയില്‍ വാങ്ങും. ഇതിനായി ഡല്‍ഹിയിലെയും മുംബൈയിലെയും രണ്ട് ജയിലുകളില്‍ ഉയര്‍ന്ന സുരക്ഷാക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.
Also Read:ഇന്ത്യയ്ക്ക് കൈമാറരുതെന്ന് ആവശ്യം; തഹാവൂർ റാണയുടെ ഹർജി തള്ളി യുഎസ് സുപ്രീംകോടതി
2009-ലാണ് ഭീകരബന്ധക്കേസിൽ ഷിക്കാഗോയിൽ വച്ച് റാണ അറസ്റ്റിലായത്. തുടർന്ന് യുഎസിലെ ലൊസാഞ്ചലസ് ജയിലിലായിരുന്നു. റാണയ്ക്ക് പാക്ക് ഭീകരസംഘടനയായ ലഷ്കറെ തയിബയുമായും പാക്ക് ചാരസംഘടന ഐഎസ്ഐയുമായും ബന്ധമുണ്ടായിരുന്നു. 2008-ൽ നടന്ന മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യപ്രതിയും സൂത്രധാരനുമായ ഡേവിഡ് കോൾമാൻ ഹെഡ്ലിയുടെ അടുത്ത അനുയായിയാണ് ഇയാൾ. ഹെഡ്ലിക്ക് വേണ്ട സംവിധാനങ്ങൾ എല്ലാം ഒരുക്കി കൊടുത്തത് റാണയായിരുന്നുവെന്ന് കണ്ടെത്തിയിരുന്നു.
2008 നവംബർ 26നാണ് ഇവർ മുംബൈയിൽ ആക്രമണം നടത്തിയത്. ഛത്രപതി ശിവാജി ടെർമിനസ് റെയിൽവേ സ്റ്റേഷൻ, താജ്– ഒബ്റോയ് ഹോട്ടലുകൾ, നരിമാൻ ഹൗസ് തുടങ്ങി 8 സ്ഥലങ്ങളിലാണ് ആക്രമണം നടത്തിയത്. 60 മണിക്കൂറോളം നീണ്ട ആക്രമണത്തിൽ വിദേശികളടക്കം 166 പേർ കൊല്ലപ്പെട്ടു.