10 രൂപ മാംഗോ ജ്യൂസ് 5 വയസ്സുകാരിയുടെ ജീവനെടുത്തോ? അന്വേഷണം
Tamilnadu Five Year Old Girl Death: കുട്ടി കഴിച്ച ജ്യൂസിൻ്റെ സാമ്പിളുകളും വാങ്ങിയ കടയിൽ നിന്നുള്ള മുഴുവൻ സാധനങ്ങളും പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ടെന്ന് ജില്ലാ ഭക്ഷ്യസുരക്ഷാ ഓഫീസർ എ.രാമകൃഷ്ണൻ പറഞ്ഞു
ചെന്നൈ: തമിഴ്നാട്ടിൽ അഞ്ച് വയസ്സുകാരി മരിച്ചത് കൂൾ ഡ്രിംഗ് കുടിച്ച ശേഷമെന്ന് ആരോപണം. തമിഴ്നാട്ടിലെ തിരുവണ്ണാമലയിലാണ് സംഭവം. ചെയ്യാർ പട്ടണത്തിനടുത്തുള്ള കനിക ഇലുപ്പായി ഗ്രാമത്തിലെ ആർ. കാവ്യശ്രീ (10) ആണ് മരിച്ചത്. പിതാവ് രാജ്കുമാർ വാങ്ങിയ മാംഗോ ജ്യൂസാണ് കുട്ടി കുടിച്ചത്. തൊട്ട് പിന്നാലെ കുട്ടിക്ക് ശ്വാസം മുട്ടൽ അനുഭവപ്പെടുകയായിരുന്നു. ഉടൻ കാഞ്ചീപുരത്തെ സർക്കാർ ആശുപത്രിയിൽ കുട്ടിയെ പ്രവേശിപ്പിച്ചു. തുടർന്ന് ചെങ്കൽപേട്ടിലെ സർക്കാർ മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തെങ്കിലും മരണം സംഭവിച്ചിരുന്നു. ആഗസ്റ്റ് 10-നാണ് സംഭവം. സംഭവത്തിന് പിന്നാലെ ആരോഗ്യ വകുപ്പ് അധികൃതർ പ്രദേശത്ത് പരിശോധന ആരംഭിച്ചിട്ടുണ്ട്.
മരണകാരണം കണ്ടെത്താൻ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും. ജില്ലയിൽ ഭക്ഷ്യസുരക്ഷാ പരിശോധന ശക്തമാക്കിയിട്ടുണ്ടെന്നും ജില്ലാ കലക്ടർ ഡി.ഭാസ്‌കര പാണ്ഡ്യൻ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം വീടുകൾ തോറുമുള്ള പരിശോധന നടത്താൻ ആരോഗ്യ സംഘങ്ങൾ പ്രദേശത്തുണ്ട്. ഓരോ ടീമിലും ഡോക്ടർമാരും വില്ലേജ് ഹെൽത്ത് നഴ്‌സും (വിഎച്ച്എൻ) വിവിധ ആരോഗ്യപ്രവർത്തകരും ഉൾപ്പെടുന്നു. പ്രദേശത്തെ പ്രധാന ശുദ്ധ ജല പൈപ്പ് ലൈനുകളിൽ നിന്നും ഓവർഹെഡ് ടാങ്കുകളിൽ നിന്നും സാമ്പിളുകളും മാലിന്യങ്ങളും പരിശോധിക്കുന്നതിനായി എടുത്തിട്ടുണ്ട്.
കുട്ടി കഴിച്ച ജ്യൂസിൻ്റെ സാമ്പിളുകളും വാങ്ങിയ കടയിൽ നിന്നുള്ള മുഴുവൻ സാധനങ്ങളും പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ടെന്ന് ജില്ലാ ഭക്ഷ്യസുരക്ഷാ ഓഫീസർ എ.രാമകൃഷ്ണൻ പറഞ്ഞു. ജില്ലയിലെ ഭക്ഷ്യസുരക്ഷാ ഓഫീസർമാരുടെ നേതൃത്വത്തിൽ കമ്പനിയുടെ നാമക്കലിലെ ഗോഡൗണിൽ നിന്നുള്ള സാമ്പിളുകൾ പരിശോധനയ്ക്കായി എടുത്തതായും അധികൃതർ അറിയിച്ചു.