Borewell Accident: 55 മണിക്കൂർ നീണ്ട പരിശ്രമം; കുഴൽക്കിണറിൽ വീണ അഞ്ചു വയസുകാരനെ പുറത്തെടുത്തു
Dausa Borewell Accident: ആദ്യ ദിവസം കുട്ടിയെ പുറത്തെടുക്കാൻ സാധിക്കാതിരുന്നതിനാൽ അടുത്ത ദിവസം കൂടുതൽ ഉപകരണങ്ങൾ സ്ഥലത്തെത്തിച്ച് രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു.
ദൗസ: രാജസ്ഥാനിലെ ദൗസ ജില്ലയിൽ കുഴൽക്കിണറിൽ വീണ അഞ്ച് വയസുകാരനെ പുറത്തെടുത്തു. 55 മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ ആണ് കുട്ടിയെ പുറത്തെടുത്തത്. അബോധാവസ്ഥയിൽ ആയിരുന്ന കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. നിലവിൽ ഡോക്ടമാർ കുട്ടിയുടെ ആരോഗ്യനില നിരീക്ഷിച്ച് വരികയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
രാജസ്ഥാനിലെ ദൗസയിൽ തിങ്കളാഴ്ച ഉച്ച കഴിഞ്ഞാണ് സംഭവം. വയലിൽ കളിച്ചുകൊണ്ട് ഇരിക്കുന്നതിനിടെ ആണ് ആര്യൻ എന്ന അഞ്ച് വയസുകാരൻ കുഴൽക്കിണറിലേക്ക് വീഴുന്നത്. സംഭവം അറിഞ്ഞ് രക്ഷാപ്രവർത്തനം ആരംഭിക്കുമ്പോഴേക്കും ഒരു മണിക്കൂർ പിന്നിട്ടു. ഡ്രില്ലിങ് മെഷീനുകൾ ഉപയോഗിച്ച് ഭൂമി കുഴിച്ച് കുട്ടിക്കടുത്ത് എത്താനുള്ള ശ്രമങ്ങളും എൻഡിആർഎഫ് ഉടൻ ആരംഭിക്കുകയായിരുന്നു. 160 അടിയോളം വെള്ളം കുഴൽക്കിണറിൽ ഉണ്ടായിരുന്നു. കൂടാതെ ഭൂമിക്കടിയിൽ നിന്നുള്ള മൂടലും, കുട്ടിയുടെ ചലനങ്ങളും കാമറയിലൂടെ നിരീക്ഷിച്ചാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഒരേ സമയം ഇവയെല്ലാം കണക്കിലെടുത്ത് വേണം രക്ഷാപ്രവർത്തനം പുരോഗമിക്കാൻ എന്നുള്ളത് കൊണ്ടുതന്നെ ഇത് വലിയ വെല്ലുവിളിയാണ് സൃഷ്ടിച്ചത്.
കുട്ടിക്ക് പൈപ്പ് വഴി ഓക്‌സിജൻ എത്തിച്ചു നൽകിയിരുന്നു. തുടർന്ന്, കുട്ടിയുടെ ഓരോ ചലനങ്ങളും കാമറയിലൂടെ നിരീക്ഷിച്ചു. ആദ്യ ദിവസം കുട്ടിയെ പുറത്തെടുക്കാൻ സാധിച്ചില്ല. അതിനാൽ, അടുത്ത ദിവസം കൂടുതൽ ഉപകരണങ്ങൾ സ്ഥലത്തെത്തിച്ച് രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. അങ്ങനെ അശ്രാന്ത പരിശ്രമങ്ങൾക്കൊടുവിൽ കുട്ടിയെ രക്ഷപ്പെടുത്തി.
അതേസമയം, ഇക്കഴിഞ്ഞ സെപ്റ്റംബറിൽ 35 അടി താഴ്ചയുള്ള കുഴൽക്കിണറിൽ വീണ രണ്ടു വയസുകാരിയെ 18 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനങ്ങൾക്കൊടുവിൽ എൻഡിആർഎഫ് പുറത്തെടുത്തിരുന്നു. ഏകദേശം 28 അടിയോളം താഴ്‍ചയിലായിരുന്നു കുട്ടി ഉണ്ടായിരുന്നത്. അന്നും ഭൂമി കുഴിച്ചെത്തിയായിരുന്നു രക്ഷാപ്രവർത്തനം നടത്തിയത്.