Terrorists open fire in J&K: ജമ്മു കശ്മീരിൽ ഭീകരാക്രമണം; സൈനിക വാഹനങ്ങൾക്കു നേരെയുണ്ടായ ആക്രമണത്തിൽ 5 സൈനികർക്ക് പരിക്ക്
സൈനിക വാഹനങ്ങളിൽ പലയിടത്തും വെടിയുണ്ടകൾ പതിച്ച അടയാളങ്ങൾ ഉണ്ട്. ഇതുവരെ ആളപായമോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല.
ന്യൂഡൽഹി: ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ സുരൻകോട്ട് മേഖലയിൽ ഇന്ത്യൻ വ്യോമസേനയുടെ വാഹനവ്യൂഹത്തിലെ രണ്ട് വാഹനങ്ങൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിൽ അഞ്ച് സൈനികർക്ക് പരിക്കേറ്റതായി റിപ്പോർട്ട്.
ആക്രമണത്തെ തുടർന്ന് കൂടുതൽ സേനയെ സംഭവ സ്ഥലത്തേക്ക് വേഗത്തിൽ അയച്ചു. സംഭവത്തെ തുടർന്ന് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി തുടരുകയാണ്. കഴിഞ്ഞ വർഷവും സൈന്യത്തിന് നേരെ സമാനമായ ഭീകരാക്രമണം ഉണ്ടായിരുന്നു. ഇതിനു ശേഷം ഈ വർഷം ഈ മേഖലയിൽ സായുധ സേനയ്ക്ക് നേരെ നടക്കുന്ന ആദ്യത്തെ സുപ്രധാന ആക്രമണമാണിത്.
ആക്രമണത്തിന് ശേഷം പകർത്തിയ ഫൂട്ടേജിൽ ടാർഗെറ്റുചെയ്‌ത വാഹനത്തിൻ്റെ വിൻഡ്‌ഷീൽഡിൽ നിരവധി ബുള്ളറ്റ് പതിച്ചതായി കണ്ടെത്തി. സംഭവത്തെ തുടർന്ന് റൈഫിൾസ് യൂണിറ്റ് പ്രദേശത്ത് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ഷാസിതാറിന് സമീപമുള്ള ജനറൽ ഏരിയയിലെ എയർ ബേസിനുള്ളിൽ വാഹനങ്ങൾ സുരക്ഷിതമാക്കിയിട്ടുണ്ട്.
സൈനികർക്ക് പരിക്കേറ്റിട്ടുണ്ട് എന്ന് സുരക്ഷാ സേനയിലെ വൃത്തങ്ങൾ അറിയിച്ചു. ആക്രമണത്തിന് ശേഷം ഭീകരർ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പടുകയായിരുന്നു. അതിനാൽ ഇവരെ പിടികൂടാനായില്ല.
എങ്കിലും ഇവർക്കു വേണ്ടി തിരച്ചിൽ തുടരുകയാണ്. എത്ര ഇന്ത്യൻ സൈനികർക്ക് പരിക്കേറ്റിട്ടുണ്ടെന്ന കൃത്യമായ കണക്കുകൾ ഇതുവരെ പുറത്തു വന്നിട്ടില്ല. ഭീകരർ പല തവണ വെടിയുതിർത്തതായാണ് വിവരം.
സൈനിക വാഹനങ്ങളിൽ പലയിടത്തും വെടിയുണ്ടകൾ പതിച്ച അടയാളങ്ങൾ ഉണ്ട്. ഇതുവരെ ആളപായമോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല. പരിക്കേറ്റ എല്ലാവരെയും അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിരച്ചിൽ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ കരസേനയുടെയും പോലീസിൻ്റെയും മറ്റ് സംഘങ്ങളെ ഈ പ്രദേശത്തേക്ക് അയച്ചിട്ടുണ്ട്. വൈകിട്ട് ആറരയോടെ സുനാർകോട്ടിലെ സെനായി ഗ്രാമത്തിലാണ് ആക്രമണം നടന്നത്.