Firewalking : ക്ഷേത്രച്ചടങ്ങിൽ തീക്കനലിലൂടെ നടക്കുന്നതിനിടെ കാലിടറി വീണു; ഏഴുവയസുകാരന് ഗുരുതര പരിക്ക്
Firewalking Tamilnadu Temple : തമിഴ്നാട്ടിൽ തീക്കനലിലൂടെ നടക്കുന്ന ക്ഷേത്രച്ചടങ്ങിനിടെ കാലിടറി വീണ് ഏഴ് വയസുകാരന് ഗുരുതര പരിക്ക്. 41 ശതമാനം പൊള്ളലേറ്റ് ഗുരുതരാവസ്ഥയിലായ രണ്ടാം ക്ലാസുകാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ക്ഷേത്രച്ചടങ്ങിൽ തീക്കനലിലൂടെ നടക്കുന്നതിനിടെ കാലിടറി വീണ ഏഴ് വയസുകാരന് ഗുരുതര പരിക്ക്. ഈ മാസം 11ന് തിരുവള്ളൂര്‍ ജില്ലയിലെ ആറമ്പാക്കം ഗ്രാമത്തിലുള്ള മാരിയമ്മൻ ക്ഷേത്രത്തില്‍ വച്ചാണ് സംഭവം നടന്നത്. 41 ശതമാനം പൊള്ളലേറ്റ് ഗുരുതരാവസ്ഥയിലായ രണ്ടാം ക്ലാസുകാരനെ കീഴ്പ്പാക്കം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. കനലിലൂടെ നടക്കാൻ പേടിച്ച് മോനിഷ് മാറിനിൽക്കുന്നതും മറ്റുള്ളവർ നിർബന്ധിച്ച് കുട്ടിയെ കനലിൽ ഇറക്കുന്നതുമായ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുകയാണ്.
അമ്പലത്തിൽ എല്ലാ വർഷവും നടക്കുന്ന ആടി ഉത്സവത്തോടനുബന്ധിച്ചായിരുന്നു സംഭവം. ക്ഷേത്രച്ചടങ്ങിൽ പങ്കെടുക്കാൻ പിതാവ് മണികണ്ഠനൊപ്പമാണ് ഏഴ് വയസുകാരൻ എം മോനിഷ് പോയത്. നൂറിലധികം വിശ്വാസികൾ തീക്കനലിലൂടെ നടക്കുന്ന ചടങ്ങിൽ പങ്കെടുക്കാനെത്തിയിരുന്നു. ഓരോരുത്തരായി ചടങ്ങ് പൂർത്തിയാക്കുകയും ചെയ്തു. എന്നാൽ, മോനിഷ് മടിച്ച് മാറിനിന്നു. ഇതോടെ അടുത്ത് നിന്ന മറ്റുള്ളവർ നിർബന്ധിക്കുകയായിരുന്നു. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വിഡിയോയിൽ ഒരു പോലീസ് ഓഫീസറും കുട്ടിയെ നിർബന്ധിക്കുന്നതായി കാണാം. എന്നാൽ, അപ്പോഴും കനലിലിറങ്ങാൻ കുട്ടി മടികാണിക്കുകയാണ്. ഇതോടെ അവിടെ നിന്ന ഒരാൾ കുട്ടിയുടെ കൈപിടിച്ച് കനലിലേക്ക് ഇറക്കുകയാണെന്നും വിഡിയോയിലുണ്ട്.
Also Read : Bihar Temple Stampede : ബീഹാറിൽ ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഏഴ് മരണം; 9 പേർക്ക് പരിക്ക്
ചടങ്ങിൻ്റെ ഭാഗമായി തീക്കനലിലൂടെ നടക്കുന്നതിനിടെ ബാലൻ കാലിടറി കനലിലേക്ക് വീണു. ഉടൻ തന്നെ കനലിൽ നിന്ന് എടുത്തെങ്കിലും അപ്പോഴേക്കും കുട്ടിയുടെ ശരീരത്തിൽ ഗുരുതരമായി പൊള്ളലേറ്റിരുന്നു. കുട്ടിയെ പ്രാഥമിക ചികിത്സയ്ക്കായി സർക്കാർ ആശുപത്രിയിലെത്തിച്ചു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കുട്ടിയെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കുട്ടി അപകടനില തരണം ചെയ്തെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ വർഷവും സമാനമായ ഒരു സംഭവം തിരുവള്ളൂരിൽ നടന്നിരുന്നു. തിരുവള്ളൂരിലെ ഉതുക്കോട്ടൈ ക്ഷേത്രോത്സവത്തിനിടെയായിരുന്നു സംഭവം. 2023 ഓഗസ്റ്റിൽ 14 മാസം പ്രായമായ പെൺകുഞ്ഞിനാണ് പൊള്ളലേറ്റത്. കുഞ്ഞിനെ എടുത്തുകൊണ്ട് തീയിലൂടെ നടക്കുന്നതിനിടെ മുത്തച്ഛൻ കാലിടറിവീഴുകയായിരുന്നു. അന്ന് കുഞ്ഞിന് 36 ശതമാനം പൊള്ളലാണ് ഏറ്റത്. അന്ന് തന്നെ കുഞ്ഞുങ്ങളെ ഇത്തരം ആചാരങ്ങളിൽ പങ്കെടുപ്പിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. പുതിയ സംഭവത്തോടെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം കനക്കുകയാണ്.