Crime News: ഭാര്യയുമായുള്ള വഴക്കിനെ തുടര്‍ന്ന് രണ്ട് മക്കളെ വെട്ടിക്കൊന്നു; പിതാവ് പിടിയില്‍
Father Killed Children: തവമണിയുടെയും അശോകിന്റെയും 13 വയസുള്ള മകള്‍ വിദ്യാധരണി, അഞ്ച് വയസുകാരനായ മകന്‍ അരുള്‍ പ്രകാശ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഇരുവരുടെയും മൃതദേഹം അട്ടൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ വെച്ച് പോസ്റ്റുമോര്‍ട്ടം ചെയ്തു.

പ്രതീകാത്മക ചിത്രം
സേലം: ഭാര്യയുമായുള്ള വഴക്കിനെ തുടര്‍ന്ന് പിതാവ് മക്കളെ വെട്ടിക്കൊലപ്പെടുത്തി. അരിവാള്‍ ഉപയോഗിച്ചാണ് 40 കാരനായ പിതാവ് രണ്ട് മക്കളെ കൊലപ്പെടുത്തിയത്. തമിഴ്‌നാട്ടിലെ സേലത്തിന് സമീപമുള്ള ഗംഗാവള്ളിയിലെ കൃഷ്ണപുരത്ത് ബുധനാഴ്ച (ഫെബ്രുവരി 19) പുലര്‍ച്ചെയാണ് സംഭവം നടന്നത്.
സംഭവത്തില്‍ എം അശോക് കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. ദിവസ വേതന ജോലിക്കാരനായ അശോക് ഭാര്യ തവമണിയെയും മക്കളെയും വാക്കേറ്റത്തിനിടെ അരിവാള്‍ ഉപയോഗിച്ച് വെട്ടുകയായിരുന്നു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ തവമണിയും പത്ത് വയസുകാരിയായ മകള്‍ അരുള്‍ കുമാരിയും ചികിത്സയില്‍ കഴിയുകയാണ്.
തവമണിയുടെയും അശോകിന്റെയും 13 വയസുള്ള മകള്‍ വിദ്യാധരണി, അഞ്ച് വയസുകാരനായ മകന്‍ അരുള്‍ പ്രകാശ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഇരുവരുടെയും മൃതദേഹം അട്ടൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ വെച്ച് പോസ്റ്റുമോര്‍ട്ടം ചെയ്തു.



കുടുംബം താമസിച്ചിരുന്ന വീട്ടിലേക്ക് വ്യാഴാഴ്ച രാവിലെ അശോക് കുമാറിന്റെ ബന്ധുക്കള്‍ എത്തിയപ്പോഴാണ് രക്തത്തില്‍ കുളിച്ച് കിടക്കുകയായിരുന്ന തവമണിയെയും കുട്ടികളെയും കണ്ടത്. ഉടന്‍ തന്നെ ഇവര്‍ പോലീസില്‍ വിവരമറിയിച്ചു.
പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് തവമണിക്കും അരുള്‍ കുമാരിക്കും ജീവനുള്ളതായി കണ്ടെത്തിയത്. ഇരുവരെയും ഉടന്‍ തന്നെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. പരിക്കേറ്റവരുടെ നില അതീവ ഗുരുതരമായി തന്നെ തുടരുകയാണെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
Also Read: Telangana Bird Flu: മൂന്ന് ദിവസത്തിൽ ചത്തു വീണത് 2500 കോഴികൾ; തെലങ്കാനയിൽ ആശങ്കയായി പക്ഷിപ്പനി
കേസില്‍ അശോക് കുമാറിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണെന്നാണ് വിവരം. തവമണിയും അശോകും തമ്മില്‍ പതിവായി വാക്കുതര്‍ക്കം ഉണ്ടാകാറുണ്ടായിരുന്നു എന്നാണ് പോലീസ് പറയുന്നത്.