പരീക്ഷയിൽ മാർക്ക് കുറഞ്ഞു; രണ്ടു മക്കളെ വെള്ളത്തിൽ മുക്കി കൊന്ന ശേഷം പിതാവ് ജീവനൊടുക്കി
Father Kills Two Children Over Poor Exam Grades: പരീക്ഷയിൽ കുട്ടികൾ പ്രതീക്ഷിച്ച പോലുള്ള പ്രകടനം കാഴ്ചവയ്ക്കാത്തതും മാർക്ക് കുറഞ്ഞതുമാണ് ചന്ദ്രകിഷോറിനെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു.

ആന്ധ്രാപ്രദേശ്: പരീക്ഷയ്ക്ക് മാർക്ക് കുറഞ്ഞതിന്റെ പേരിൽ കുട്ടികളെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയ ശേഷം പിതാവ് ജീവനൊടുക്കി. ആന്ധ്രാപ്രദേശിലെ കാക്കിനടയിലാണ് സംഭവം നടന്നത്. ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷനിലെ തൊഴിലാളിയായ ചന്ദ്രകിഷോർ ആണ് രണ്ടു മക്കളെയും കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്.
പരീക്ഷയിൽ കുട്ടികൾ പ്രതീക്ഷിച്ച പോലുള്ള പ്രകടനം കാഴ്ചവയ്ക്കാത്തതും മാർക്ക് കുറഞ്ഞതുമാണ് ചന്ദ്രകിഷോറിനെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു. പഠനത്തിൽ മികവ് പുലർത്തിയില്ലെങ്കിൽ കുട്ടികൾ ജീവിതത്തിൽ കഷ്ടപ്പെടേണ്ടി വരുമെന്ന് ഇയാൾ ഭയപ്പെട്ടിരുന്നതിയും പോലീസ് പറഞ്ഞു. ഇത് തെളിയിക്കുന്ന ഒരു ആത്മഹത്യാ കുറിപ്പും പോലീസ് സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്.
പുറത്തുപോയി തിരിച്ചു വീട്ടിൽ എത്തിയ മാതാവാണ് കുട്ടികളുടെ മൃതദേഹങ്ങൾ ആദ്യം കണ്ടത്. ഉടൻ തന്നെ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഇതിന് പിന്നാലെ ഭാര്യ ചന്ദ്രകിഷോറിന് എതിരെ പോലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് ഏകദേശം മൂന്ന് കിലോമീറ്റർ അകലെയായി ചന്ദ്രകിഷോറിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
വഡോദരയിൽ മദ്യലഹരിയിൽ ഓടിച്ച കാറിടിച്ച് ഒരു സ്ത്രീ മരിച്ചു
ഗുജറാത്തിലെ വഡോദരയിൽ മദ്യലഹരിയിൽ ഓടിച്ച കാറിടിച്ച് ഒരു സ്ത്രീ മരിച്ചു. അപകടത്തിൽ എട്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ബുധനാഴ്ച രാത്രി കരേലിബാഗിലെ അമ്രപാലി ചാർ രാസ്തിയിൽ നടന്ന അപകടത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. കാർ ഓടിച്ചിരുന്ന എംഎസ് സർവകലാശാലയിലെ നിയമ വിദ്യാർത്ഥിയായ രക്ഷിത് രവീഷ് ചൗരസ്യ എന്ന 23കാരനെ പോലീസ് കസ്റ്റഡിയിലെടുത്തു.
അപകട ശേഷം കാറിൽ നിന്ന് പുറത്തിറങ്ങിയ രക്ഷിതും സുഹൃത്തും പരസ്പര വിരുദ്ധമായി സംസാരിക്കുന്നതും പുറത്തുവന്ന വീഡിയോയിൽ കാണാം. ‘ഒരു റൗണ്ട് കൂടി’, ‘ഓം നമഃശിവായ’ എന്നെല്ലാമാണ് ഇവർ പറയുന്നത്. ഇവർക്കടുത്തേക്ക് ആളുകൾ ഓടിയെത്തുന്നതും ഇവരെ മർദ്ദിക്കുന്നതും വീഡിയോയിൽ ഉണ്ട്. രക്ഷിത് മദ്യലഹരിയിലാണ് കാറോടിച്ചിരുന്നതെന്നും അതാണ് വാഹനത്തിന്റെ നിയന്ത്രണം നഷ്ടമാകാൻ കാരണമായതെന്നും പോലീസ് ജോയിന്റ് കമ്മീഷണർ ലീന പാട്ടീൽ വ്യക്തമാക്കി.
എന്നാൽ, അപകട സമയത്ത് താൻ മദ്യപിച്ചിരുന്നില്ലെന്നും തന്റെ സുഹൃത്തിന്റെ വീട്ടിൽ നിന്ന് മടങ്ങിവരുന്ന വഴിയാണ് അപകടം ഉണ്ടായതെന്നും രക്ഷിതിന്റെ പോലീസിനോട് പറഞ്ഞു. അപ്രതീക്ഷിതമായി എയർബാഗ് പ്രവർത്തിച്ചതിനാൽ തനിക്ക് മുന്നിൽ ഉള്ളതൊന്നും കാണാൻ കഴിഞ്ഞില്ലെന്നും യുവാവ് മൊഴി നൽകി.