5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Fake Currency: ഗാന്ധിജിക്ക് പകരം അനുപം ഖേർ; ഗുജറാത്തിൽ 1.60 കോടിയുടെ വ്യാജ കറൻസി പിടികൂടി

Fake Currency Notes: അഹമ്മദാബാദ് പോലീസാണ് 1.60 കോടിയുടെ വ്യാജ കറൻസികൾ പിടിച്ചെടുത്തത്. കൂടാതെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ എന്നതിന് പകരം റിസോൾ ബാങ്ക് ഓഫ് ഇന്ത് എന്നാണ് കറൻസിയിൽ രേഖപ്പെടുത്തിയിട്ടുള്ളത്. സംഭവത്തിന്റെ ദൃശ്യങ്ങൾ അനുപം ഖേറും സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചു.

Fake Currency: ഗാന്ധിജിക്ക് പകരം അനുപം ഖേർ; ഗുജറാത്തിൽ 1.60 കോടിയുടെ വ്യാജ കറൻസി പിടികൂടി
പിടിച്ചെടുത്ത വ്യാജ നോട്ടുകൾ. (​Image Credits: X)
neethu-vijayan
Neethu Vijayan | Published: 30 Sep 2024 19:45 PM

അഹമ്മദാബാദ്: ഗാന്ധിജിയുടെ ചിത്രത്തിനു പകരം ബോളിവുഡ് താരം അനുപം ഖേറിന്റെ ചിത്രം പതിപ്പിച്ച കള്ളനോട്ട് പിടികൂടി. ഗുജറാത്തിൽ നിന്നാണ് ഇത്തരത്തിൽ 1.60 കോടിയുടെ വ്യാജ കറൻസി പിടികൂടിയത്. 500 രൂപയുടെ നോട്ടുകെട്ടുകളാണ് പിടിച്ചെടുത്തിരിക്കുന്നത്. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നുണ്ട്.

അഹമ്മദാബാദ് പോലീസാണ് 1.60 കോടിയുടെ വ്യാജ കറൻസികൾ പിടിച്ചെടുത്തത്. കൂടാതെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ എന്നതിന് പകരം റിസോൾ ബാങ്ക് ഓഫ് ഇന്ത് എന്നാണ് കറൻസിയിൽ രേഖപ്പെടുത്തിയിട്ടുള്ളത്. സംഭവത്തിന്റെ ദൃശ്യങ്ങൾ അനുപം ഖേറും സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചു. ‘500 രൂപയുടെ കറൻസിയിൽ ഗാന്ധിജിയുടെ ചിത്രത്തിന് പകരം എന്റെ ചിത്രം. എന്തും സംഭവിക്കാം’ എന്ന അടിക്കുറിപ്പോടെയാണ് അനുപം ഖേർ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.

മെഹുൽ തക്കർ എന്ന സ്വർണവ്യാപാരിയാണ് നവ്രംഗപുര പോലീസ് സ്റ്റേഷനിൽ സെപ്റ്റംബർ 24-ന് ഇതുമായി ബന്ധപ്പെട്ട പരാതി നൽകിയത്. 1.6 കോടിയോളം വിലവരുന്ന 2100 ഗ്രാം സ്വർണ വില്പനയുമായി ബന്ധപ്പെട്ട ഇടപാടിലാണ് വ്യാജ കറൻസികൾ ലഭിച്ചതെന്നാണ് പരാതിയിൽ വ്യക്തമാക്കുന്നത്. സ്വർണം വാങ്ങിച്ചവർ 1.3 കോടി രൂപ പണമായി നൽകിയെന്നും ബാക്കി 30 ലക്ഷം രൂപ വരും ദിവസങ്ങളിൽ തരാമെന്ന് അറിയിക്കുകയുമായിരുന്നു.

തുടർന്ന് സ്വർണം ഇവർക്ക് കൈമാറുകയും പിന്നീട് ഇവർ മുങ്ങുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. പരിശോധിച്ചപ്പോഴാണ് കറൻസികൾ വ്യാജമെന്ന് കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചുവരികയാണെന്നും പ്രതികൾക്കുവേണ്ടി അന്വേഷണം ശക്തമാക്കിയതായും പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി.

Latest News