5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

EY Employee Death : ഒരു കോടി ശമ്പളമുണ്ടായിരുന്നെങ്കിലും ഒറ്റ ദിവസം കൊണ്ട് ജോലി രാജിവച്ചു; ടോക്സിസിറ്റിയുള്ളതാണ് നല്ല ഓഫീസുകൾ: ഇവൈയിലെ അന്തരീക്ഷത്തെപ്പറ്റി അഷ്നീർ ഗ്രോവർ

EY Employee Death Ashneer Grover : ഭാരത് പേ സഹസ്ഥാപകനായ അഷ്നീർ ഗ്രോവറിൻ്റെ പഴയ വിഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. ഏണസ്റ്റ് ആൻഡ് യങ് കമ്പനിയിലെ തൊഴിൽ സാഹചര്യത്തെപ്പറ്റിയുള്ള പരാമർശമാണ് മലയാളിയായ അന്ന സെബാസ്റ്റ്യൻ്റെ മരണത്തോടെ വീണ്ടും ചർച്ചയാവുന്നത്.

EY Employee Death : ഒരു കോടി ശമ്പളമുണ്ടായിരുന്നെങ്കിലും ഒറ്റ ദിവസം കൊണ്ട് ജോലി രാജിവച്ചു; ടോക്സിസിറ്റിയുള്ളതാണ് നല്ല ഓഫീസുകൾ: ഇവൈയിലെ അന്തരീക്ഷത്തെപ്പറ്റി അഷ്നീർ ഗ്രോവർ
അഷ്നീർ ഗ്രോവർ (Image Courtesy - Social Media)
abdul-basith
Abdul Basith | Published: 21 Sep 2024 15:45 PM

ബഹുരാഷ്ട്രക്കമ്പനിയായ ഏണസ്റ്റ് ആൻഡ് യങിലെ തൊഴിൽ സാഹചര്യത്തെപ്പറ്റി മുൻപ് ഭാരത് പേ സഹസ്ഥാപകൻ അഷ്നീർ ഗ്രോവർ തുറന്നുപറഞ്ഞ് വീണ്ടും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. ഒരു കോടി രൂപ ശമ്പളമുണ്ടായിരുന്നിട്ടും ആദ്യ ദിവസം തന്നെ ജോലി രാജിവച്ചു എന്നാണ് അഷ്നീറിൻ്റെ വെളിപ്പെടുത്തൽ. ഇവൈ കമ്പനിയിലെ ജീവനക്കാരിയുടെ മരണവുമായി ബന്ധപ്പെട്ടാണ് അഷ്നീറിൻ്റെ പഴയ വിഡിയോ ഇപ്പോൾ വീണ്ടും പ്രചരിക്കുന്നത്. ടോക്സിക് സംസ്കാരമാണുള്ളതെന്ന് ആളുകൾ കുറ്റം പറയുന്ന ഓഫീസുകളാണ് നല്ല ഓഫീസുകളെന്നും വിഡിയോയിൽ അഷ്നീർ പറയുന്നുണ്ട്. ഇതിനെതിരെ വിമർശനവും ശക്തമാണ്.

Also Read : EY Employee Death: ‘തൊഴിൽ സമ്മർദ്ദം ഇവൈയിൽ നിരന്തര സംഭവം’; യുവതിയുടെ മരണത്തിന് പിന്നാലെ ജീവനക്കാരിയുടെ ഇമെയിൽ പുറത്ത്

ജോലിയിൽ ചേർന്ന അന്ന് തന്നെ നെഞ്ചുവേദന അഭിനയിച്ച് പുറത്തുകടന്നു. പിന്നീട് തിരികെപോയില്ല എന്നായിരുന്നു അഷ്നീറിൻ്റെ വെളിപ്പെടുത്തൽ. ജോലിയിൽ പ്രവേശിച്ച് ഓഫീസിലേക്ക് നടന്നപ്പോൾ ചുറ്റും നോക്കി. അന്തരീക്ഷം നിർജീവമായിരുന്നു. ജീവനക്കാർ മൃതദേഹങ്ങളെപ്പോലെയായിരുന്നു. അവർക്കൊന്നും ഉന്മേഷമോ ഉത്സാഹമോ ഉണ്ടായിരുന്നില്ല. ഒരു ഓഫീസിലുള്ളത് ടോക്സിക് സംസ്കാരമാണെന്ന് ആളുകൾ പറയുന്നെങ്കിൽ അതാണ് നല്ല ഓഫീസ്. അത്തരം ഓഫീസുകളിൽ കാര്യങ്ങൾ വേഗത്തിൽ നടക്കുമെന്നും അഷ്നീർ ഗ്രോവർ പറഞ്ഞിരുന്നു. അന്ന്, ശതകോടീശ്വരനും വ്യവസായിയുമായിരുന്ന ഹർഷ് ഗോയങ്ക അഷ്നീറിനെതിരെ രംഗത്തുവന്നിരുന്നു. മോശം തൊഴില്‍ അന്തരീക്ഷമുള്ള ഓഫിസുകളെ ഗ്രോവർ പ്രോത്സാഹിപ്പിക്കുകയാണെന്ന് ഗോയങ്ക തുറന്നടിച്ചിരുന്നു.

ഇവൈയിൽ ജോലി ചെയ്തിരുന്ന 26 വയസുകാരിയായ എറണാകുളം സ്വദേശിനി അന്ന സെബാസ്റ്റ്യൻ പേരയിൽ മരണപ്പെട്ടതിന് പിന്നാലെയാണ് കമ്പനിക്കെതിരെ വിമർശനങ്ങളുയർന്നത്. ഇവൈയുടെ പൂനെ ഓഫീസിൽ ജോലി ചെയ്തിരുന്ന അന്ന മരിച്ചത് ജോലി ഭാരം കാരണമാണെന്ന് മാതാവ് അനിറ്റ അഗസ്റ്റിൻ ആരോപിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇവൈ ഇന്ത്യ ചെയർമാൻ രാജീവ് മേമാനിക്ക് അനിറ്റ തുറന്ന കത്തയയ്ക്കുകയും ചെയ്തു. ഈ കത്ത് തൊഴിലിടങ്ങളിലെ സമ്മർദ്ദത്തെപ്പറ്റിയുള്ള ചർച്ചകൾക്ക് വഴിയൊരുക്കുകയും ചെയ്തു.

അന്ന സെബാസ്റ്റ്യൻ്റെ മരണം ദുഖകരവും തീരാനഷ്ടവുമാണെന്നായിരുന്നു ഇവൈ കമ്പനിയുടെ പ്രതികരണം. കമ്പനിയിൽ ആരോഗ്യകരമായ തൊഴിലിടം ഒരുക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും ജീവനക്കാർക്കയച്ച കത്തിൽ കമ്പനി അറിയിച്ചിരുന്നു. ആരോപണവിധേയനായ അന്നയുടെ ടീം ലീഡിനെ ആഭ്യന്തര അന്വേഷണം അവസാനിക്കുന്നത് വരെ മാറ്റിനിർത്താനും കമ്പനി തീരുമാനിച്ചു.

ഇവൈ ഗ്ലോബലിന്റെ സഹസ്ഥാപനമായ എസ്ആർ ബാറ്റ്ലിബോയിയിലെ ഓഡിറ്റ് ടീമിലായിരുന്നു അന്നയുടെ ജോലി. ഈ വർഷം മാർച്ചിലാണ് അന്ന പൂനെയിലെ ഓഫീസിൽ ജോലിക്ക് കയറിയത്. എന്നാൽ ഇക്കൊല്ലം ജൂലൈ 20ന് പൂനെയിലെ താമസസ്ഥലത്ത് അന്നയെ മരണപ്പെട്ട നിലയിൽ കണ്ടെത്തി. ഹൃദയാഘാതമായിരുന്നു കൊച്ചി കങ്ങരപ്പടി സ്വദേശിയായ അന്നയുടെ മരണകാരണം. ഇതിനു പിന്നാലെയാണ് മകളുടെ മരണത്തിൽ കമ്പനിയെ കുറ്റപ്പെടുത്തി അന്നയുടെ മാതാവ് കത്തയച്ചത്. അമിതമായ ജോലിഭാരവും അനാരോഗ്യകരവുമായ തൊഴിൽ അന്തരീക്ഷവുമാണ് അന്നയുടെ മരണത്തിലേക്ക് നയിച്ചതെന്ന് കത്തിൽ അനിറ്റ ആരോപിച്ചിരുന്നു. പകലെന്നോ രാത്രിയെന്നോ ഇല്ലാതെ ഞായറാഴ്ചകളിൽ പോലും മകളെക്കൊണ്ട് പണിയെടുപ്പിക്കുമായിരുന്നു.ഔദ്യോഗിക ജോലികള്‍ക്കപ്പുറം മറ്റ് നിരവധി ചുമതലകള്‍ അന്നയെ ഏല്‍പ്പിച്ചിരുന്നു. മകൾ മരിച്ചിട്ട് കമ്പനിയിൽനിന്ന് ഒരാൾ പോലും സംസ്‌കാര ചടങ്ങുകളിൽ പങ്കെടുത്തില്ലെന്നും അനിറ്റ കുറ്റപ്പെടുത്തി.

Also Read : EY Employee Death : ‘അതിയായ ദുഃഖം; ആരോഗ്യകരമായ തൊഴിൽ അന്തരീക്ഷം ഉറപ്പുവരുത്തും’; അന്നയുടെ മരണത്തിൽ പ്രതികരിച്ച് കമ്പനി

ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം മറ്റൊരു ജീവനക്കാരിയുടെ ഇമെയിൽ കമ്പനിയെ കൂടുതൽ സമ്മർദ്ദത്തിലാക്കി. കമ്പനിയിലെ ജീവനക്കാരി നസീറ കാസി കമ്പനി ചെയർമാന് അയച്ച ഇമെയിലിൽ തൊഴിൽ സമ്മർദ്ദം നിരന്തര സംഭവമാണെന്ന് ആരോപിച്ചിരുന്നു. ആഭ്യന്തര സമിതിക്ക് മുന്നിൽ പരാതി പറഞ്ഞാൽ പ്രതികാര നടപടികൾ ഉണ്ടാകും. ഇനിയൊരു അന്ന ഉണ്ടാകുന്നതിന് മുമ്പ് ഇക്കാര്യത്തിൽ നടപടി വേണമെന്നും ജീവനക്കാരി മെയിലിൽ ആവശ്യപ്പെട്ടിരുന്നു. അന്നയുടെ മരണത്തിന് പിന്നാലെ കമ്പനി ചെയർമാൻ അയച്ച ഇമെയിലിന് മറുപടി ആയിട്ടായിരുന്നു നസീറ കാസിയുടെ മെയിൽ. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് കേന്ദ്ര തൊഴിൽ വകുപ്പ് സഹമന്ത്രി ശോഭ കരന്തലജ അറിയിച്ചിരുന്നു.