Budget: നിസാരമല്ല അറിഞ്ഞിരിക്കാം ഈ വസ്തുതകള്‍; എന്താണ് ബജറ്റ്?
What is Budget: ഒരു രാജ്യത്ത് നടക്കേണ്ട മുഴുവന്‍ ആവശ്യങ്ങള്‍ക്കുമുള്ള പണം വകയിരുത്തുക എന്നതാണ് ബജറ്റ് അവതരിപ്പിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്. ഒരു സാമ്പത്തിക വര്‍ഷത്തെ വരവ്, ചെലവ് കണക്കുകള്‍, ഗവണ്‍മെന്റ് നയങ്ങള്‍ക്കായുള്ള ഫണ്ട് വകയിരുത്തല്‍, സമ്പദ് വ്യവസ്ഥയുടെ ശരിയായ വളര്‍ച്ച ഉറപ്പാക്കല്‍ തുടങ്ങി നിരവധി ലക്ഷ്യങ്ങള്‍ ബജറ്റ് അവതരണത്തിനുണ്ട്. സാമൂഹ്യ സുരക്ഷ, അടിസ്ഥാന സൗകര്യ വികസനം എന്നിങ്ങനെയുള്ള ആവശ്യങ്ങള്‍ക്കായുള്ള പണം വകയിരുത്തുന്നതും ബജറ്റ് വഴിയാണ്.
2025-26 സാമ്പത്തിക ബജറ്റുകള്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍. മോദി സര്‍ക്കാരിന്റെ മൂന്നാം ടേമിലെ രണ്ടാമത് സമ്പൂര്‍ണ ബജറ്റാണ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാന്‍ പോകുന്നത്. ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കാന്‍ പോകുന്ന എട്ടാം ബജറ്റ് എന്നൊരു പ്രത്യേകത കൂടി ഈ ബജറ്റിനുണ്ട്. ഈയൊരു സാഹചര്യത്തില്‍ ഇന്ത്യയിലെ ബജറ്റിന്റെ ചരിത്രമൊന്ന് പരിശോധിക്കാം.
ബജറ്റ്
ബോഗറ്റ് എന്ന ഫ്രഞ്ച് വാക്കില്‍ നിന്നാണ് ബജറ്റ് എന്ന വാക്ക് പിറവിയെടുക്കുന്നത്. ചെറിയ ബാഗ്, സഞ്ചി എന്നെല്ലാമാണ് ആ വാക്കിനര്‍ത്ഥം. ഒരു സാമ്പത്തിക വര്‍ഷത്തേക്കുള്ള സര്‍ക്കാരിന്റെ ധനകാര്യ രേഖകളുള്ള ബാഗിനെയാണ് ഈ വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത്.
ബജറ്റിന്റെ ആവശ്യകത
ഒരു രാജ്യത്ത് നടക്കേണ്ട മുഴുവന്‍ ആവശ്യങ്ങള്‍ക്കുമുള്ള പണം വകയിരുത്തുക എന്നതാണ് ബജറ്റ് അവതരിപ്പിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്. ഒരു സാമ്പത്തിക വര്‍ഷത്തെ വരവ്, ചെലവ് കണക്കുകള്‍, ഗവണ്‍മെന്റ് നയങ്ങള്‍ക്കായുള്ള ഫണ്ട് വകയിരുത്തല്‍, സമ്പദ് വ്യവസ്ഥയുടെ ശരിയായ വളര്‍ച്ച ഉറപ്പാക്കല്‍ തുടങ്ങി നിരവധി ലക്ഷ്യങ്ങള്‍ ബജറ്റ് അവതരണത്തിനുണ്ട്. സാമൂഹ്യ സുരക്ഷ, അടിസ്ഥാന സൗകര്യ വികസനം എന്നിങ്ങനെയുള്ള ആവശ്യങ്ങള്‍ക്കായുള്ള പണം വകയിരുത്തുന്നതും ബജറ്റ് വഴിയാണ്. പൊതുമേഖലാ സ്ഥാപനങ്ങളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട തീരുമാനങ്ങളും ബജറ്റില്‍ കൈക്കൊള്ളുന്നു.
ബജറ്റുകള്‍
റെവന്യൂ ബജറ്റ്, ക്യാപിറ്റല്‍ ബജറ്റ് എന്നിവയാണ് ബജറ്റിന്റെ രണ്ട് ഘടകങ്ങള്‍. റെവന്യൂ ബജറ്റില്‍ വരവും ചെലവും പറയുന്നു. നികുതിയിനങ്ങളെല്ലാം ഈ വിഭാഗത്തിലാണ് ഉള്‍പ്പെടുന്നത്. സര്‍ക്കാരിന്റെ മൂലധനച്ചെലവുകളാണ് ക്യാപിറ്റല്‍ ബജറ്റില്‍ പറയുന്നത്. കടം, വിദേശ നിക്ഷേപം എന്നിവയെല്ലാം ഇതില്‍ വരുന്നു. മാത്രമല്ല, റോഡ്, പാലം തുടങ്ങിയ അടിസ്ഥാന സൗകര്യ വികസനവും ക്യാപിറ്റല്‍ ബജറ്റില്‍ ഉള്‍പ്പെടുന്നതാണ്.
ഇന്ത്യയിലെ ആദ്യ ബജറ്റ്
ബ്രിട്ടീഷുകാരാണ് ഇന്ത്യയില്‍ ആദ്യമായി ബജറ്റ് അവതരിപ്പിക്കുന്നത്. 1860 ഏപ്രില്‍ 7നായിരുന്നു ആ ബജറ്റ് അവതരണം. ഈസ്റ്റ് ഇന്ത്യ കമ്പനിയിലെ സ്‌കോട്ടിഷ് സാമ്പത്തിക ശാസ്ത്രജ്ഞനും രാഷ്ട്രതന്ത്രജ്ഞനുമായ ജെയിംസ് വില്‍സണ്‍ ആണ് ആദ്യമായി യൂണിയന്‍ ബജറ്റ് അവതരിപ്പിച്ചത്. ഈ ബജറ്റില്‍ വരുമാന സ്രോതസിന്റെ നാല് ഘടകങ്ങളെ കുറിച്ച് പരാമര്‍ശിക്കപ്പെട്ടു. സ്വത്ത്, തൊഴില്‍ അല്ലെങ്കില്‍ ബിസിനസ്, സെക്യൂരിറ്റികള്‍, ശമ്പളം, പെന്‍ഷന്‍ വരുമാനം എന്നിവയില്‍ നിന്നുള്ള വരുമാനം ബജറ്റിന്റെ ഭാഗമായി.
ഈ ബജറ്റ് അവതരിപ്പിക്കുന്ന സമയത്ത് രണ്ട് നികുതി സ്ലാബുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഒരാളുടെ വാര്‍ഷിക വരുമാനം 500 രൂപയില്‍ താഴെയാണെങ്കില്‍ രണ്ട് ശതമാനം നികുതിയും 500 രൂപയ്ക്ക് മുകളിലാണെങ്കില്‍ 4 ശതമാനം നികുതിയുമാണ് ഉണ്ടായിരുന്നത്. 500 രൂപയില്‍ താഴെ വരുമാനമുള്ളവര്‍ക്ക് 10 രൂപ, അതില്‍ കൂടുതലുള്ളവര്‍ക്ക് 20 രൂപ എന്നതായിരുന്നു നികുതി നിരക്ക്.
സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ബജറ്റ്
1947 നവംബര്‍ 26നായിരുന്നു സ്വതന്ത്ര ഇന്ത്യയിലെ ആദ്യ യൂണിയന്‍ ബജറ്റ് അവതരിപ്പിച്ചത്. അന്നത്തെ ധനമന്ത്രിയായിരുന്ന ആര്‍ കെ ഷണ്‍മുഖം ചെട്ടിയായിരുന്നു ബജറ്റ് അവതരിപ്പിച്ചത്. ഇന്ത്യയില്‍ ബജറ്റ് അവതരിപ്പിച്ച ആദ്യ വനിത മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ്.
ബജറ്റ് അവതരണ സമയം
1999 വരെ ഫെബ്രുവരിയിലെ അവസാന പ്രവൃത്തി ദിവസം അഞ്ച് മണിക്കായിരുന്നു ബജറ്റ് അവതരിപ്പിച്ചിരുന്നത്. ബ്രിട്ടീഷുകാരാണ് ഈ കീഴ്‌വഴക്കത്തിന് തുടക്കമിട്ടത്. പിന്നീട് 1999ല്‍ ധനമന്ത്രി യശ്വന്ത് സിന്‍ഹ ബജറ്റ് അവതരണത്തിന്റെ സമയം 5 മണിയില്‍ നിന്നും രാവിലെ 11 മണിയാക്കി ക്രമീകരിച്ചു. എന്നാല്‍ 2017ല്‍ അരുണ്‍ ജെയ്റ്റ്‌ലി ധമന്ത്രിയായതോടെ മാസത്തിലെ അവസാന ദിവസമുള്ള ബജറ്റ് അവതരണത്തിനും അന്ത്യം കുറിച്ചു. 2017 മുതല്‍ രാജ്യത്ത് ഫെബ്രുവരി ഒന്നിനാണ് ബജറ്റ് അവതരണം.
ബജറ്റില്‍ ചരിത്രം
രാജ്യത്ത് ഏറ്റവും കൂടുതല്‍ ബജറ്റുകള്‍ അവതരിപ്പിച്ചത് മുന്‍ പ്രധാനമന്ത്രിയും ധനമന്ത്രിയുമായിരുന്ന മൊറാര്‍ജി ദേശായിയാണ്. ജവഹര്‍ലാല്‍ നെഹ്‌റു, ഇന്ദിരാഗാന്ധി എന്നിവരുടെ സര്‍ക്കാരുകളില്‍ 10 തവണയാണ് അദ്ദേഹം ബജറ്റ് അവതരിപ്പിച്ചത്.
ദൈര്‍ഘ്യമേറിയ പ്രസംഗം
ഏറ്റവും ദൈര്‍ഘ്യമേറിയ ബജറ്റ് അവതരിപ്പിച്ചൂവെന്ന റെക്കോര്‍ഡ് ഇപ്പോഴത്തെ ധനമന്ത്രിയായ നിര്‍മല സീതാരാമന് സ്വന്തമാണ്. 2020-21 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് അവതരണത്തിനായി 2 മണിക്കൂറും 42 മിനിറ്റുമാണ് അവര്‍ എടുത്തത്.
ദൈര്‍ഘ്യം കുറഞ്ഞ പ്രസംഗം
ഇന്ത്യയിലെ ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ ബജറ്റ് അവതരിപ്പിച്ചത് മഹീരുഭായ് മുല്‍ജിഭായ് പട്ടേലാണ്. 1977 ലെ ഇടക്കാല ബജറ്റ് അവതരണമായിരുന്നു ഇത്. ആകെ 800 വാക്കുകളായിരുന്നു ആ പ്രസംഗത്തിലുണ്ടായിരുന്നത്.
വാക്കുകളുടെ മാജിക്
ഒരു ബജറ്റ് അവതരണത്തില്‍ ഏറ്റവുമധികം വാക്കുകള്‍ ഉപയോഗിച്ചത് മുന്‍ പ്രധാനമന്ത്രിയും ധനമന്ത്രിയുമായിരുന്ന മന്‍മോഹന്‍ സിങ്ങാണ്. 1991ലെ ബജറ്റ് അവതരണത്തില്‍ 18,604 വാക്കുകളാണ് അദ്ദേഹം ഉപയോഗിച്ചത്.
പേപ്പറിനോട് ഗെറ്റ് ഔട്ട്
2021-22 ല്‍ കൊവിഡ് കാലത്ത് നടന്ന ബജറ്റ് അവതരണം മുതലാണ് പേപ്പര്‍ ഒഴിവാക്കിയത്. ഇന്ത്യയില്‍ ആദ്യമായി പേപ്പര്‍ ഒഴിവാക്കി ബജറ്റ് അവതരിപ്പിച്ചത് അപ്പോഴാണ്.