Bail Conditions In India: കയ്യിൽ കിട്ടിയ ജാമ്യം കളഞ്ഞുകുളിക്കാൻ ‘കയ്യിലിരിപ്പ്’ ധാരാളം; കുട്ടിക്കളിയല്ല ജാമ്യ വ്യവസ്ഥകൾ
Different Types Of Bails In India And Its Condition: എപ്പോൾ വേണമെങ്കിലും ജാമ്യം റദ്ദാക്കാൻ കോടതിക്ക് അധികാരമുണ്ട്. 437(5), 439(2) എന്നീ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകൾ പ്രയോഗിച്ചാണ് വേണ്ടിവന്നാൽ കോടതി ജാമ്യം റദ്ദാക്കുക. ജാമ്യത്തിനായി നിങ്ങൾ കോടതിയെ സമീപിക്കുമ്പോൾ, നിങ്ങൾ ഒളിച്ചോടുകയില്ല എന്ന് ഉറപ്പാക്കാൻ കോടതി ചിലപ്പോൾ ഒരു ജാമ്യക്കാരനെ ആവശ്യപ്പെട്ടേക്കാം. എന്നാൽ ജാമ്യക്കാരൻ എല്ലായ്പ്പോഴും പ്രതിയുടെ ജാമ്യമായി തുടരേണ്ടതില്ല.
കോടതി വ്യവഹാരങ്ങളിൽ നാം എപ്പോഴും കേൾക്കാറുള്ള വാക്കാണ് ജാമ്യം (bail). ഉപാധികളോടെയോ അല്ലാതെയോ ഒരാൾക്ക് വ്യക്തിഗതമായി അനുവദിക്കപ്പെടുന്ന മോചനത്തെയാണ് ജാമ്യം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. എന്നാൽ കുറ്റവാളിയെ സ്വതന്ത്രനാക്കുക എന്നതല്ല ജാമ്യം കൊണ്ടുദ്ദേശിക്കുന്നത്. മറിച്ച് പോലീസ് കസ്റ്റഡിയിൽ നിന്നോ ജയിലിൽ നിന്നോ ഉള്ള താൽക്കാലിക മോചനമാണ്. കുറ്റം ചെയ്ത വ്യക്തി കോടതി വിചാരണ വരെ ജയിലിൽ തുടരാതെ തന്നെ ആ വ്യക്തി നിയമ നടപടികളുമായി സഹകരിക്കുന്നെങ്കിൽ, അയാളുടെ സ്വാതന്ത്ര്യം ലംഘിക്കേണ്ടതില്ല എന്ന ഉദ്ദേശത്തോടെയാണ് ജാമ്യം അനുവദിക്കുന്നത്.
ഇപ്പോൾ വാർത്തയിൽ നിറഞ്ഞു നിൽക്കുന്നതാണ് വ്യവസായി ബോബി ചെമ്മണ്ണൂരിൻ്റെ ജാമ്യം. ജയിലിൽ നിന്ന് പുറത്തിറങ്ങാൻ അനുവാദം ലഭിച്ചിട്ടും അവിടെ തന്നെ തുടർന്നതും പിന്നീടെ ഹൈക്കോടതിയുടെ ഇടപെടലിലൂടെ പുറത്തേക്ക് വന്നതുമെല്ലാം വാർത്തകളിൽ നിറഞ്ഞുനിന്ന് സംഭവങ്ങളാണ്. കിട്ടിയ ജാമ്യം വേണ്ടെന്ന് വെച്ച് ഇത്തരത്തിലുള്ള നീക്കങ്ങൾ നടത്തിയാൽ ജാമ്യം അനുവദിച്ച കോടതിക്ക് അത് റദ്ദാക്കാനുള്ള അനുവാദമുണ്ട്. അതിനാൽ ജാമ്യ വ്യവസ്ഥകൾ കുട്ടിക്കളിയല്ല എന്നു തന്നെ പറയാം. ഇന്ത്യയിൽ വ്യത്യസ്ത തരം ജാമ്യങ്ങളാണുള്ളത്. സ്ഥിരം ജാമ്യം, മുൻകൂർ ജാമ്യം, ഇടക്കാലം ജാമ്യം എന്നിങ്ങനെ മൂന്ന് തരം ജാമ്യങ്ങളാണ് ഉള്ളത്. ഈ ജാമ്യങ്ങളെ കുറിച്ചും അതിന്റെ പ്രയോഗ രീതികളും എന്തെല്ലാമാണെന്ന് നോക്കാം.
മുൻകൂർ ജാമ്യം?
എന്തെങ്കിലും കുറ്റം ചെയ്ത് പോലീസ് അറസ്റ്റ് ചെയ്യുമെന്ന് മനസ്സിലാക്കുന്ന ഒരാൾ മുൻകൂട്ടി ജാമ്യത്തിനായി അപേക്ഷക്കുന്ന രീതിയാണ് മുൻകൂർ ജാമ്യം. ഇതിനായി സെഷൻ കോടതിയെയോ ഹൈക്കോടതിയെയോ സമീപിക്കാവുന്നതാണ്. കോടതി ജാമ്യം അനുവദിച്ചിട്ടുണ്ടെങ്കിൽ അയാളെ പോലീസ് അറസ്റ്റ് ചെയ്താലും ജാമ്യം ലഭിക്കുന്നതാണ്. പക്ഷെ ആ പ്രതിക്ക് മുൻകൂർ ജാമ്യം അനുവദിക്കണോ വേണ്ടയോ എന്ന കാര്യത്തിൽ തീരുമാനമെടുക്കാനുള്ള അവകാശം കോടതിയുടെ അധികാരത്തിൽ പെടുന്നതാണ്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 438 ആണ് മുൻകൂർ ജാമ്യത്തിന് അവസരം നൽകുന്നത്.
മുൻകൂർ ജാമ്യവും ആവശ്യമെങ്കിൽ കോടതിക്ക് റദ്ദാക്കാവുന്നതാണ്. ജാമ്യം അനുവദിക്കുന്ന അവസരത്തിൽ കോടതി ചില ഉപാധികളും നിബന്ധനകളും മുന്നോട്ട് വെയ്ക്കാറുണ്ട്. ഈ നിബന്ധനകൾ ഏതെങ്കിലും അവസരത്തിൽ പ്രതിയെന്ന് സംശയിക്കുന്ന വ്യക്തി ലംഘിച്ചാൽ കോടതിക്ക് മുൻകൂർ ജാമ്യം റദ്ദാക്കാൻ കഴിയും. അതുടത്തതായി, പരാതിക്കാരനിൽ നിന്നോ പ്രോസിക്യൂഷനിൽ നിന്നോ മുൻകൂർ ജാമ്യം റദ്ദാക്കാനുള്ള അപേക്ഷ കോടതിക്ക് നൽകാവുന്നതാണ്. ഈ അവസരത്തിൽ അപേക്ഷയിൽ എന്തെങ്കിലും അടിസ്ഥാനമുള്ളതായി കണ്ടെത്തിയാൽ കോടതി മുൻകൂർ ജാമ്യം റദ്ദ് ചെയ്യപ്പെടും.
മുൻകൂർ ജാമ്യം ഉള്ള പക്ഷം സ്ഥിര ജാമ്യത്തിനായി അപേക്ഷിക്കേണ്ടതില്ല. കോടതി റദ്ദാക്കാത്ത പക്ഷം വിചാരണ കഴിയുന്നത് വരെ മുൻകൂർ ജാമ്യം നില നിൽക്കും. അതിനാൽ സ്ഥിര ജാമ്യം നേടേണ്ടതില്ല. ഇത്തരം സാഹചര്യങ്ങളിൽ മുൻകൂർ ജാമ്യം സ്ഥിര ജാമ്യമായി മാറുകയാണ് ചെയ്യുന്നത്.
വ്യവസ്ഥകൾ എന്തെല്ലാം?
കോടതിയുടെ അനുമതിയില്ലാതെ പ്രതി രാജ്യം വിടാൻ പാടുള്ളതല്ല.
ജാമ്യ കാലയളവിൽ പ്രതി സമാനമായ ഒരു കുറ്റകൃത്യത്തിലേർപ്പെട്ടാൽ ജാമ്യം റദ്ദാക്കുന്നതാണ്.
പോലീസ് ആവശ്യപ്പെടുന്ന സമയങ്ങളിൽ ചോദ്യം ചെയ്യലിന് ഹാജരാവണം. അല്ലാത്തപക്ഷം, ജാമ്യം റദ്ദാക്കും.
എന്താണ് ഇടക്കാല ജാമ്യം?
ഇന്ത്യൻ സെക്ഷൻ 439 Cr പ്രകാരം കസ്റ്റഡിയിൽ നിന്ന് ഒരു പ്രതിക്ക് അനുവദിച്ച താൽകാലിക മോചനത്തെയാണ് ഇടക്കാല ജാമ്യം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. മെഡിക്കൽ ആവശ്യങ്ങൾ, കുടുംബ പ്രതിസന്ധികൾ അല്ലെങ്കിൽ മറ്റ് പ്രധാനപ്പെട്ട വ്യക്തിപരമായ പ്രശ്നങ്ങൾ എന്നിവ പോലുള്ള അടിയന്തിര സാഹചര്യങ്ങളിലാണ് കോടതി ജയിലിൽ കഴിയുന്ന പ്രതിക്ക് ഇടക്കാല ജാമ്യം അനുവദിക്കുന്നത്. ഇതൊരു നിശ്ചിത കാലത്തേക്ക് മാത്രമുള്ളതാണ്. സിആർപിസിയിൽ ഇടക്കാല ജാമ്യത്തിന് വ്യക്തമായ വ്യവസ്ഥകളെക്കുറിച്ച് പറയുന്നില്ല.
സ്ഥില ജാമ്യത്തിനോ മുൻകൂർ ജാമ്യത്തിനോ ഉള്ള അതേ വ്യവസ്ഥകളോടെയാണ് ഇടക്കാല ജാമ്യവും സാധാരണയായി അനുവദിക്കാറുള്ളത്. ഇത് ഹ്രസ്വകാലത്തേക്ക് മാത്രം പ്രതിക്ക് ആശ്വാസം നൽക്കുന്നതാണ്. കൂടാതെ കോടതിയുടെ വ്യവസ്ഥകൾ ലംഘിച്ചാൽ അറസ്റ്റ് ചെയ്യാനുള്ള അനുവാദവും കോടതി നൽകുന്നു. പ്രതിക്ക് അനുവദിച്ച ഇടക്കാല ജാമ്യത്തിന്റെ കാലാവധി കോടതിയുടെ അടുത്ത വാദം കേൾക്കൽ തീയതി വരെ തുടരുന്നതാണ്.
എന്താണ് സ്ഥിര ജാമ്യം?
ഒരു വ്യക്തിയെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയിൽ വച്ചിരിക്കുകയാണെങ്കിൽ, സിആർപിസിയിലെ സെക്ഷൻ 437, സെക്ഷൻ 439 എന്നിവ പ്രകാരം ആ വ്യക്തിയെ സ്ഥിര ജാമ്യത്തിൽ വിട്ടയക്കാവുന്നതാണ്. ജാമ്യമില്ലാത്ത കുറ്റകൃത്യം ചെയ്തതിന് വാറണ്ട് ഇല്ലാതെ ഒരു വ്യക്തി കസ്റ്റഡിയിലാണെങ്കിൽ, അല്ലെങ്കിൽ ആ വ്യക്തി കുറ്റക്കാരനാണെന്ന് കാണിക്കാൻ മതിയായ കാരണങ്ങളില്ലെങ്കിൽ, സെക്ഷൻ 437 പ്രകാരം സ്ഥിര ജാമ്യം നൽകാവുന്നതാണ്. സെക്ഷൻ 439 ഹൈക്കോടതിക്കും സെഷൻസ് കോടതിക്കും ഇക്കാര്യത്തിൽ പ്രത്യേക അധികാരം നൽകുന്നു.
കോടതി നിർദ്ദേശിക്കുന്ന ജാമ്യവ്യവസ്ഥകളും നിബന്ധനകളും പ്രതികൾ സമർപ്പിക്കേണ്ടതുണ്ട്. പ്രതികൾ തെളിവുകൾ നശിപ്പിക്കുകയോ സാക്ഷികളെ സ്വാധീനിക്കുകയോ ചെയ്യരുത്, ഇത് ലംഘിച്ചാൽ ജാമ്യം റദ്ദാക്കുന്നതിലേക്ക് നയിച്ചേക്കാം. ഹൈക്കോടതിയുടെ മുൻകൂർ അനുമതിയില്ലാതെ പ്രതികൾ രാജ്യം വിടാൻ പാടുള്ളതല്ല.
ജാമ്യ ബോണ്ട്
ഒരാൾക്ക് ജാമ്യം ലഭിക്കുമ്പോൾ കോടതിയുമായി ഉണ്ടാക്കുന്ന ഉടമ്പടിയെയാണ് ജാമ്യ ബോണ്ട് എന്ന് പറയുന്നത്. ഈ ഉടമ്പടിയുടെ വ്യവസ്ഥയിൽ പണമോ വസ്തുവകകളോ ഈടായി വെക്കാറുണ്ട്. എന്നാൽ പ്രതിയിൽ നിന്ന് എന്താണ് ഈടായി സ്വീകരിക്കേണ്ടതെന്ന് തീരുമാനിക്കുന്നത് കോടതിയാണ്. പ്രതിയായ വ്യക്തി ഓടിപോകില്ലെന്ന് ഉറപ്പാക്കുന്നതിനാണ് ഇത്തരമൊരു ഈട് വാങ്ങുന്നത്. കൂടാതെ കുറ്റകൃത്യത്തിന്റെ സ്വഭാവമനുസരിച്ചാണ് ഈട് നിശ്ചയിക്കുന്നത്.
ചില കേസുകളിൽ ഒരാൾക്ക് ജാമ്യം അനുവദിക്കുമ്പോൾ, ജാമ്യ ബോണ്ട് സമർപ്പിക്കാൻ കോടതി അവരോട് ആവശ്യപ്പെടാറില്ല. പകരം അവരുടെ സ്വന്തം ഉറപ്പിന്മേൽ അവരെ വിട്ടയക്കുന്നു. കോടതികൾക്ക് ഇത്തരത്തിൽ ജാമ്യം അനുവദിക്കുന്നതിന് വിവേചനാധികാരമുണ്ട്.
ജാമ്യക്കാരൻ
ജാമ്യത്തിനായി നിങ്ങൾ കോടതിയെ സമീപിക്കുമ്പോൾ, നിങ്ങൾ ഒളിച്ചോടുകയില്ല എന്ന് ഉറപ്പാക്കാൻ കോടതി ചിലപ്പോൾ ഒരു ജാമ്യക്കാരനെ ആവശ്യപ്പെട്ടേക്കാം. ഈ ഉത്തരവാദിത്തം ഏറ്റെടുക്കാൻ മറ്റാരെയെങ്കിലും ഹാജരാക്കാൻ കോടതി നിങ്ങളോട് ആവശ്യപ്പെട്ടേക്കാം. എന്നാൽ ജാമ്യക്കാരൻ എല്ലായ്പ്പോഴും പ്രതിയുടെ ജാമ്യമായി തുടരേണ്ടതില്ല. ജാമ്യക്കാരനായ വ്യക്തിക്ക് ജാമ്യ സ്ഥാനത്ത് നിന്ന് ‘ഡിസ്ചാർജ്’ ചെയ്യാൻ അപേക്ഷ നൽകാവുന്നതാണ്. അത്തരമൊരു സാഹചര്യമുണ്ടായാൽ, പ്രതി ജാമ്യം മാറ്റിസ്ഥാപിക്കേണ്ടത് നിർബന്ധമാണ്. ഈ സാഹചര്യത്തിൽ പ്രതി പുതിയ ജാമ്യക്കാരനെ കോടതിയിൽ ഹാജരാക്കേുകയാണ് വേണ്ടത്. ഇനി പ്രതിക്ക് ജാമ്യം മാറ്റിസ്ഥാപിക്കാൻ കഴിയാതെ വന്നാൽ, പ്രതിയെ കസ്റ്റഡിയിലെടുക്കാനുള്ള അധികാരമുണ്ട്.
എപ്പോൾ വേണമെങ്കിലും ജാമ്യം റദ്ദാക്കാൻ കോടതിക്ക് അധികാരമുണ്ട്. 437(5), 439(2) എന്നീ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകൾ പ്രയോഗിച്ചാണ് വേണ്ടിവന്നാൽ കോടതി ജാമ്യം റദ്ദാക്കുക. ചില സാഹചര്യങ്ങളിൽ പ്രതികൾക്ക് കോടതി ജാമ്യം നൽകാറില്ല. കാരണം വധശിക്ഷയോ ജീവപര്യന്തം തടവോ ലഭിക്കാവുന്ന കുറ്റം പ്രതി ചെയ്തിട്ടുണ്ടെന്ന് വിശ്വസിക്കത്തക്ക കാരണങ്ങളുണ്ടെങ്കിൽ ജാമ്യം ലഭിക്കുന്നതല്ല.