OYO New Policy: ഒയോയിൽ നിർത്തി, അവിവാഹിതർക്ക് ഇനി ഹോട്ടലിൽ മുറി എടുക്കാനാവില്ലേ?
OYO Check In New Policy For Unmarried Couples: ഇനിമുതൽ ഹോട്ടലുകളിൽ മുറിയെടുക്കാൻ ചെല്ലുന്നവർ ബന്ധം തെളിയിക്കുന്ന രേഖകൾ സമർപ്പിക്കേണ്ടതാണ്. ഓൺലൈൻ വഴിയായാലും നേരിട്ടായാലും ഏത് ബുക്കിങ്ങുകൾക്കും ഈ നിയമം ബാധകമാണ്. ഇതെല്ലാം കൂടാതെ ഹോട്ടൽ സ്ഥിതി ചെയ്യുന്ന സ്ഥലത്തെ സാമൂഹിക അന്തരീക്ഷം കണക്കിലെടുത്ത് അവിവാഹിതരായ പങ്കാളികൾക്ക് ബുക്കിങ് നിരസിക്കാനുള്ള അധികാരവും ഹോട്ടലുകൾക്ക് ഓയോ നൽകിയിട്ടുണ്ട്.
അവിവാഹിതരായ പങ്കാളികളെ വിലക്കി പുതിയ നിയമവുമായി ഹോട്ടൽ ബുക്കിംഗ് പ്ലാറ്റ്‌ഫോമായ ഓയോ രംഗത്തെത്തിയതാണ് ഇപ്പോഴത്തെ ചർച്ചാവിഷയം. ബന്ധം തെളിയിക്കുന്ന രേഖകൾ ഹാജരാക്കണമെന്നാണ് നിലവിലെ ഓയോയുടെ വ്യവസ്ഥ. നിലവിൽ ഉത്തർപ്രദേശിലെ മീററ്റിൽ പ്രവർത്തിക്കുന്ന ഹോട്ടലുകളിലാണ് പുതിയ നിയമം ആദ്യമായി പ്രാബല്യത്തിൽ കൊണ്ടുവരാൻ ഓയോ തീരുമാനിച്ചിരിക്കുന്നത്. പുതിയ വ്യവസ്ഥ പ്രകാരം അവിവാഹിതരായ പങ്കാളികൾക്കും കാമുകി-കാമുകൻമാർക്കും ഓയോയിൽ റൂമുകൾ ലഭിക്കുകയില്ല.
ഇനിമുതൽ ഹോട്ടലുകളിൽ മുറിയെടുക്കാൻ ചെല്ലുന്നവർ ബന്ധം തെളിയിക്കുന്ന രേഖകൾ സമർപ്പിക്കേണ്ടതാണ്. ഓൺലൈൻ വഴിയായാലും നേരിട്ടായാലും ഏത് ബുക്കിങ്ങുകൾക്കും ഈ നിയമം ബാധകമാണ്. ഇതെല്ലാം കൂടാതെ ഹോട്ടൽ സ്ഥിതി ചെയ്യുന്ന സ്ഥലത്തെ സാമൂഹിക അന്തരീക്ഷം കണക്കിലെടുത്ത് അവിവാഹിതരായ പങ്കാളികൾക്ക് ബുക്കിങ് നിരസിക്കാനുള്ള അധികാരവും ഹോട്ടലുകൾക്ക് ഓയോ നൽകിയിട്ടുണ്ട്.
ആദ്യഘട്ടമെന്നോണം ഉത്തർപ്രദേശിലെ മീറ്ററ്റിലാണ് ഈ ചെക്ക്-ഇൻ നിയമ നടപ്പാക്കാൻ തീരുമാനിച്ചിരിക്കുന്നത്. എന്നാൽ ഇത് ഭാവിയിൽ മറ്റ് സ്ഥലങ്ങളിലേക്കും വ്യാപിപ്പിക്കാൻ സാധ്യതയുണ്ട്. അവിവാഹിതരായ പങ്കാളികൾക്ക് ഹോട്ടലുകളിൽ ബുക്കിംഗ് സൗകര്യം നൽകുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നതോടെയാണ് ഓയോ പുതിയ നിയമവുമായി രംഗത്തെത്തിയതെന്നാണ് റിപ്പോർട്ട്. എന്നാൽ അവിവാഹിതർക്ക് ഇനി ഒരിടത്തും ഹോട്ടലിൽ മുറി എടുക്കാനാവില്ലേ എന്ന ചോദ്യവും ഇതിനോടൊപ്പം ഉയരുന്നുണ്ട്. പ്രായപൂർത്തിയായ അവിവാഹിതർ ഹോട്ടലുകളിൽ ഒന്നിച്ച് താമസിക്കുന്നത് ഇന്ത്യയിലെ നിയമങ്ങൾ എതിർക്കുന്നില്ല. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 21 അവിവാഹിതരായ ദമ്പതികൾക്ക് സ്വകാര്യതയ്ക്കുള്ള അവകാശം നൽകുന്നു.
അതേസമയം 18 വയസിന് താഴെ പ്രായമുള്ള രണ്ട്പേർക്ക് ഒരുമിച്ച് താമസിക്കുന്നതിന് ഇന്ത്യയിലെ നിയമം അനുവദിക്കുകയില്ല. ഇന്ത്യയിലെ ഒരു ഹോട്ടലിൽ ചെക്ക് ഇൻ ചെയ്യാനുള്ള കുറഞ്ഞ പ്രായം 18 വയസ്സാണ്. ഒരുമിച്ച് താമസിക്കാൻ പോകുന്ന രണ്ട് പങ്കാളികളും ആധാർ കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, പാസ്‌പോർട്ട് അല്ലെങ്കിൽ വോട്ടേഴ്‌സ് ഐഡി പോലുള്ള സാധുവായ രേഖകൾ സമർപ്പിച്ചാൽ ഒരുമിച്ച് താമസിക്കാൻ സാധിക്കും. അതേസമയം അവിവാഹിതരായ ദമ്പതികൾ ഹോട്ടലുകളിൽ താമസിക്കുന്നത് വിലക്കുന്ന നിയമമൊന്നുമില്ലെങ്കിലും, ദമ്പതികളെ താമസിപ്പിക്കണമോ എന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ ഹോട്ടൽ ഉടമകൾക്കും അതിൻ്റെ മാനേജർമാർക്കും ഇന്ത്യയിലെ നിയമം വിവേചനാധികാരം നൽകുന്നുണ്ട്.
അവിവാഹിതരായ ദമ്പതികൾക്ക് വീട് വാടകയ്‌ക്കെടുക്കാനും ഒരുമിച്ച് താമസിക്കാനും അവകാശമുണ്ട്. എന്നാൽ വീട് വാടകയ്ക്ക് നൽകുന്ന വ്യക്തിക്ക് ഇതിൽ തീരുമാനമെടുക്കാനുള്ള അവകാശമുണ്ട്. 1955 ലെ പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്സ് ആക്ട് പ്രകാരം ഇത്തരത്തിൽ താമസിക്കുന്നവർ അക്രമങ്ങളിൽ നിന്നും ഉപദ്രവങ്ങളിൽ നിന്നും സംരക്ഷിക്കപ്പെടുന്നു. ലൈവ് ഇൻ റിലേഷൻഷിപ്പുകളും വിവാഹത്തിന് മുമ്പുള്ള ലൈംഗികതയും നിയമപരമായി ഇന്ത്യയിൽ അംഗീകരിച്ചിട്ടുള്ളവയാണ്.
ഓയോ ഇനി കുടുംബസൗഹൃദം
ഇന്ത്യയിൽ മാത്രമല്ല, ലോകത്തിലെ 30 ലധികം രാജ്യങ്ങളിൽ വളർന്നുകിടക്കുന്ന ബിസിനസ്സ് സംരംഭമാണ് ഓയോ. ഇത് 30-ലധികം രാജ്യങ്ങളിൽ ഹോട്ടലുകളിലൂടെയും ഹോം സ്റ്റേയിലൂടെയും ആളുകൾക്ക് താമസ സൗകര്യം ഒരുക്കുന്നു. ഏകദേശം 1.50 ലക്ഷത്തിലധികം ഹോട്ടലുകളാണ് ഓയോയുടെ പങ്കാളിത്തതോടെ താമസ സൈകര്യം ഒരുക്കുന്നത്. ഇന്തോനേഷ്യ, മലേഷ്യ, ഡെൻമാർക്ക്, അമേരിക്ക (യുഎസ്), ബ്രിട്ടൻ (യുകെ), നെതർലാൻഡ്‌സ്, ജപ്പാൻ, മെക്സിക്കോ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിലും ഓയോയുടെ സേവനങ്ങൾ ലഭ്യമാണ്.
എന്നാൽ ഇനി മുതൽ അവിവാഹിതർക്ക് ഓയോ റൂം ലഭിക്കില്ല. റൂം ലഭിക്കണമെങ്കിൽ കൂടെയുള്ള പങ്കാളിയുമായിട്ടുള്ള ബന്ധം തെളിയിക്കുന്ന രേഖകൾ സമർപ്പിക്കേണ്ടതുണ്ട്. തുടക്കത്തിൽ ഓയോയുടെ പരസ്യങ്ങളിലും ദമ്പതിമാരെ മാത്രം ലക്ഷ്യംവച്ചായിരുന്നു.
എന്നാൽ അടുത്തിടെ പുറത്തിറങ്ങിയ ചില പരസ്യങ്ങളിൽ നിന്നും ഓയോ കുടുംബസൗഹൃദമാകാൻ പോകുന്നു എന്ന സൂചനകൾ പുറത്തുവന്നിരുന്നു. കുടുംബങ്ങൾക്ക് ഏറ്റവും അനുയോജ്യമായ രീതിയിൽ ഹോട്ടലുകളെ സജീവമാക്കാനാണ് കമ്പനിയുടെ തീരുമാനം. കുടുംബങ്ങളോടൊപ്പവും ഒറ്റക്കും യാത്ര ചെയ്യുന്ന എല്ലാവർക്കും സുരക്ഷിതമായ അന്തരീക്ഷം വാഗ്ദാനം ചെയ്യാൻ കഴിവുള്ള ബ്രാൻഡായി മാറുക എന്നതാണ് പുതിയ നീക്കത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് നിയമ മാറ്റത്തിന് പിന്നാലെ കമ്പനി ചൂണ്ടിക്കാട്ടിയിരുന്നു.