EVM Machine: ഇന്ത്യയിലെ ഇവിഎം മെഷീനുകള്‍ ഹാക്ക് ചെയ്യാന്‍ സാധിക്കുമോ?
EVM Machine Hacked or Not: ഏതൊരു ഇലക്ട്രോണിക് ഉപകരണമായാലും അതില്‍ എന്തെങ്കിലും തരത്തിലുള്ള ക്രമക്കേട് വരുത്താന്‍ സാധിക്കും. ഇവിഎം മെഷീനുകളുടെ കാര്യം പരിശോധിക്കുമ്പോള്‍ ഇത്തരത്തിലൊരു ഹാക്കിങ് നടക്കില്ല എന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.
ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെ ഉപയോഗം നിര്‍ത്തലാക്കണമെന്ന് ടെസ്ല സ്ഥാപകനും എക്‌സ് സിഇഒയുമായ ഇലോണ്‍ മസ്‌ക് കഴിഞ്ഞ ദിവസമാണ് പറഞ്ഞത്. ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ ഒഴിവാക്കണം. ഇവ ചെറുതാണെങ്കിലും മനുഷ്യരോ എഐയോ മെഷീനുകള്‍ ഹാക്ക് ചെയ്യാനുള്ള സാധ്യതയുണ്ടെന്നുമാണ് അദ്ദേഹം പറഞ്ഞത്. ഇതിന് പിന്നാലെ അതിന് സാധ്യതയില്ലെന്ന് പറഞ്ഞ് ബിജെപി നേതൃത്വവും ഇവിഎം നിര്‍ത്തലാക്കണമെന്ന് പറഞ്ഞ് കോണ്‍ഗ്രസും രംഗത്തെത്തി കഴിഞ്ഞു. യഥാര്‍ത്ഥത്തില്‍ ഇവിഎം മെഷീനുകള്‍ ഹാക്ക് ചെയ്യാന്‍ സാധിക്കുമോ? പരിശോധിക്കാം…
ഏതൊരു ഇലക്ട്രോണിക് ഉപകരണമായാലും അതില്‍ എന്തെങ്കിലും തരത്തിലുള്ള ക്രമക്കേട് വരുത്താന്‍ സാധിക്കും. ഇവിഎം മെഷീനുകളുടെ കാര്യം പരിശോധിക്കുമ്പോള്‍ ഇത്തരത്തിലൊരു ഹാക്കിങ് നടക്കില്ല എന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. ഇന്ത്യയില്‍ ഉപയോഗിക്കുന്ന ഇവിഎം മെഷീനിന് പ്രധാനമായും രണ്ട് യൂണിറ്റുകളുണ്ട്. ഒന്ന് വോട്ട് ചെയ്യുന്ന ബാലറ്റ് യൂണിറ്റും മറ്റൊന്ന് കണ്‍ട്രോള്‍ യൂണിറ്റും.
ഈ രണ്ട് യൂണിറ്റുകളും തമ്മില്‍ ബന്ധിപ്പിച്ചിരിക്കുന്നത് അഞ്ച് മീറ്റര്‍ നീളമുള്ള കേബിളുകള്‍ ഉപയോഗിച്ചാണ്. പിന്നീട് വിവിപാറ്റ് എന്ന് രേഖപ്പെടുത്തിയ വോട്ട് പ്രിന്റ് ചെയ്ത് കാണിക്കുന്ന മെഷീന്‍ വന്നതോടെ കണ്‍ട്രോള്‍ യൂണിറ്റിനും ബാലറ്റ് യൂണിറ്റിനുമിടയില്‍ ഈ സംവിധാനം കൂടി സ്ഥാനം പിടിച്ചു. നമ്മള്‍ രേഖപ്പെടുത്തുന്ന വോട്ടുകള്‍ സൂക്ഷിക്കുന്നത് കണ്‍ട്രോള്‍ യൂണിറ്റാണ്.
ഇവിഎം മെഷീന്‍ എന്നുപറയുന്നത് കാല്‍ക്കുലേറ്ററിന് സമാനമാണ്. കാല്‍ക്കുലേറ്ററിന്റെ കാര്യം അറിയാമല്ലോ അതില്‍ ഇന്റര്‍നെറ്റ് സൗകര്യമില്ല. അതുകൊണ്ട് അത് ഹാക്ക് ചെയ്യാനും സാധിക്കില്ല. ഇതുപോലെ തന്നെയാണ് ഇവിഎം മെഷീനിന്റെ കാര്യവും ഇന്റര്‍നെറ്റും സോഫ്‌റ്റ്വെയറുകളും ഉള്‍പ്പെട്ടിട്ടില്ലാത്തതുകൊണ്ട് തന്നെ ഇവിഎം മെഷീന്‍ ഹാക്ക് ചെയ്യപ്പെടാന്‍ സാധ്യതയില്ല. ഇതുമാത്രമല്ല റേഡിയോ തരംഗങ്ങള്‍ സ്വീകരിക്കുകയോ പുറത്തുവിടുകയോ ചെയ്യുന്ന ഒരു ഭാഗവും മെഷീനിലില്ല. ബ്ലൂടൂത്തോ വൈഫൈയോ ഉപയോഗിച്ച് ഒരു തരത്തിലുള്ള മാറ്റവും വോട്ടിങ് യന്ത്രത്തില്‍ വരുത്താന്‍ സാധിക്കില്ല. അപ്പോള്‍ ഹാക്ക് ചെയ്യപ്പെടല്‍ ഇവിടെ സാധ്യമല്ല.
തിരിമറി ഇങ്ങനെ നടക്കും
ഹാക്ക് ചെയ്യുന്നത് പ്രാവര്‍ത്തികമല്ലെങ്കിലും ചില തിരിമറികള്‍ നടത്താന്‍ സാധിക്കും. കണ്‍ട്രോള്‍ യൂണിറ്റിന്റെ നിര്‍മ്മാണ സമയത്ത് കൃത്രിമം നടത്താം. അല്ലെങ്കില്‍ ഇവിഎം മെഷീനുകള്‍ സൂക്ഷിച്ചുവെച്ചിരിക്കുന്ന സ്ഥലത്ത് നിന്നും കൃത്രിമം നടത്താന്‍ സാധിക്കും. ഇതെല്ലാം സാധ്യതകളാണ്. അത്രയും സുരക്ഷ ഇവിഎം മെഷീനുകള്‍ക്ക് നല്‍കുന്നുണ്ട്. അതുകൊണ്ട് തന്നെ ക്രമക്കേട് നടത്തുന്നത് അത്ര എളുപ്പമല്ല.
ഇവിഎം മെഷീനുകളില്‍ ക്രമക്കേട് നടത്തുന്നത് ബാലറ്റ് യൂണിറ്റിനെ കണ്‍ട്രോള്‍ യൂണിറ്റുമായി ബന്ധിപ്പിക്കുന്ന കേബിളില്‍ മാറ്റം വരുത്തിയാണ്. ഇങ്ങനെ ചെയ്യാന്‍ സാധിച്ചാല്‍ ഏത് തോറ്റ സ്ഥാനാര്‍ഥിയും വിജയിക്കും. പക്ഷെ ഇങ്ങനെ ചെയ്യുന്നത് അത്ര എളുമപ്പമല്ല. ഓരോ മണ്ഡലത്തിലും ഓരോ ക്രമത്തിലാണ് സ്ഥാനാര്‍ഥികളെ വോട്ടിങ് മെഷീനില്‍ രേഖപ്പെടുത്താറ്. ഈ ക്രമം വോട്ടിന്റെ ഏതാനും ദിവസം മുമ്പ് മാത്രമേ നിശ്ചയിക്കുകയുമുള്ളു. ഒരിക്കലും എല്ലാ മണ്ഡലത്തിലും ആ സ്ഥാനാര്‍ഥി ഒരേ ക്രമ നമ്പറില്‍ വരില്ല.
തട്ടിപ്പ് നടക്കാം
വോട്ടിങ് മെഷീനില്‍ ഏതെല്ലാം തട്ടിപ്പുകള്‍ നടത്താന്‍ സാധിക്കുമെന്ന് മിഷിഗണ്‍ യൂണിവേഴ്‌സിറ്റിയിലെ അലക്‌സ് ഹാര്‍ഡെര്‍മാനും ഹൈദരാബാദ് ആസ്ഥാനമായ നെറ്റ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിലെ ഹരി കെ പ്രസാദും ചേര്‍ന്ന് നടത്തിയ പഠനത്തില്‍ പറയുന്നുണ്ട്. വോട്ടിങ് മെഷീനുകളില്‍ തട്ടിപ്പ് നടത്താന്‍ സാധിക്കുമെന്നാണ് ഇവര്‍ കണ്ടെത്തിയത്. അത് എങ്ങനെയാണെന്ന് വെച്ചാല്‍…
- കണ്‍ട്രോള്‍ യൂണിറ്റിലെ പ്രോഗ്രാമില്‍ തിരിമറി
- പുതിയ മെമ്മറി ചിപ്പോ സിപിയുവോ ഘടിപ്പിക്കാം
- ബ്ലൂടൂത്ത് വഴി നിയന്ത്രിക്കാവുന്ന ഒരു ഫാള്‍സ് ഡിസ്‌പ്ലേ ഘടിപ്പിക്കാം
എന്നിങ്ങനെയാണ് കൃത്രിമം നടത്താന്‍ സാധിക്കുന്നത്. ഒരു തെരഞ്ഞെടുപ്പില്‍ അട്ടിമറി നടത്തണമെങ്കില്‍ 13 ലക്ഷം ഇവിഎം മെഷീനുകളിലാണ് ഇത്തരത്തില്‍ കൃത്രിമം കാണിക്കേണ്ടത്. ഏതെല്ലാം മെഷീനുകള്‍ ഏതെല്ലാം ബൂത്തുകളിലാണ് ഉപയോഗിക്കുന്നതെന്ന് നേരത്തെ കണ്ടെത്താന്‍ സാധിക്കില്ല. ഇനി സീല്‍ ചെയ്ത് വോട്ടിങ് മെഷീനുകളില്‍ എന്തെങ്കിലും മാറ്റം വരുത്തണമെങ്കില്‍ ഈ സീല്‍ പൊട്ടിക്കുകയും വേണം. ഈ സീല്‍ പൊട്ടിച്ചുകഴിഞ്ഞാല്‍ പിന്നീട് കര്‍ശനമായ പരിശോധനകളാണ് ഇതിന് പിന്നാലെ എത്തുക.