Ernakulam lok sabha election 2024: എറണാകുളം വിട്ടുനൽകാതെ യുഡിഎഫ്; കെജെ ഷൈൻ ടീച്ചർക്ക് ആകെ ലഭിച്ച വോട്ടിനെക്കാൾ ഭൂരിപക്ഷം ഹൈബി ഈഡന്
Ernakulam lok sabha election 2024: ഹൈബിയെപ്പോലെ ജനസമ്മതനായ ഒരാൾക്ക് പാർലമെൻ്റിലേക്ക് കന്നിയങ്കത്തിനു നിൽക്കുന്ന കെജെ ഷൈൻ എതിരാളിയല്ലെന്ന വിലയിരുത്തലും കൃത്യമായി.
ലോക്സഭാ തെരഞ്ഞെടുപ്പിൽ എറണാകുളം മണ്ഡലം നിലനിർത്തി യുഡിഎഫ് സ്ഥാനാർത്ഥു ഹൈബി ഈഡൻ. രണ്ടര ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഹൈബി വിജയിച്ചത്. കഴിഞ്ഞ തവണ 169153 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയിച്ച ഹൈബി ഇത്തവണ ലീഡ് വർധിപ്പിച്ചു. എൽഡിഎഫ് സ്ഥാനാർത്ഥി കെജെ ഷൈന് ലഭിച്ച ആകെ വോട്ടിനെക്കാൾ അധികമാണ് ഹൈബിയുടെ ലീഡ്.
476479 വോട്ടാണ് ഹൈബി നേടിയത്. 229399 വോട്ടുമായി എൽഡിഎഫിൻ്റെ കെജെ ഷൈൻ രണ്ടാമതെത്തി. കഴിഞ്ഞ തവണ എൽഡിഎഫിൻ്റെ പി രാജീവ് 3,22,110 വോട്ട് നേടിയപ്പോൾ ഹൈബി 4,91263 വോട്ട് സ്വന്തമാക്കിയിരുന്നു. എറണാകുളം ഹൈബി തന്നെ നിലനിർത്താനുള്ള സാധ്യതയാണ് കരുതപ്പെട്ടിരുന്നത്. അത് കൃത്യമാവുകയും ചെയ്തു. ഹൈബിയെപ്പോലെ ജനസമ്മതനായ ഒരാൾക്ക് പാർലമെൻ്റിലേക്ക് കന്നിയങ്കത്തിനു നിൽക്കുന്ന കെജെ ഷൈൻ എതിരാളിയല്ലെന്ന വിലയിരുത്തലും കൃത്യമായി.
അതേസമയം, ഓഹരിവിപണിയിൽ വൻ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എക്സിറ്റ് പോൾ ഫലങ്ങൾക്ക് വിരുദ്ധമായി ആദ്യ ഫലങ്ങളിൽ എൻഡിഎ പ്രതീക്ഷിച്ച നേട്ടം ലഭിക്കാത്തതാണ് ഓഹരിവിപണിയ്ക്ക് തിരിച്ചടിയായത്. വ്യാപാരം ആരംഭിച്ചയുടൻ സെൻസെക്സ് 2400 പോയിൻ്റ് നഷ്ടത്തിലായി. 11 മണിയോടെ ഈ നഷ്ടം 3700 പോയിൻ്റിലെത്തി. ഇപ്പോൾ ഈ നഷ്ടം 4000 പോയിൻ്റ് കഴിഞ്ഞു. തകർച്ചയിൽ 26 ലക്ഷം കോടി രൂപയിലേറെയാണ് നിക്ഷേപകർക്ക് നഷ്ടമായത്. ഓഹരി വിപണി മൂല്യം 400 ലക്ഷം കോടിയായി കുറഞ്ഞു.
1156 പോയിൻ്റ് നഷ്ടത്തിലായ നിഫ്റ്റി കഴിഞ്ഞ 2 വർഷത്തെ ഏറ്റവും വലിയ പ്രതിദിന നഷ്ടത്തിലാണുള്ളത്. 2022 ഫെബ്രുവരിക്ക് ശേഷം ഇതാദ്യമായാണ് നിഫ്റ്റി ഇത്ര വലിയ തകർച്ച നേരിടുന്നത്.
എൻഡിഎ പ്രതീക്ഷിച്ച ഫലം ഉണ്ടാക്കാത്തതിൽ അദാനി ഓഹരികളിലും വൻ ഇടിവുണ്ടായി. അദാനി പോർട്ട്, അദാനി പവർ തുടങ്ങി അദാനിയുടെ എല്ലാ ഓഹരികളും ഇടിഞ്ഞു. അദാനി എൻ്റർപ്രൈസസിനാണ് ഏറെ നഷ്ടമുണ്ടായത്. അദാനി എൻ്റർപ്രൈസസ് ഓഹരി 14.50 ശതമാനം ഇടിഞ്ഞു. അദാനി പവർ, അദാനി പോർട്ട്സ് തുടങ്ങിയ ഓഹരികൾക്ക് 10 ശതമാനം നഷ്ടമുണ്ടായി.
എക്സിറ്റ് പോളുകളിൽ എൻഡിഎ മുന്നേറ്റമാണ് പ്രവചിക്കപ്പെട്ടതെങ്കിലും ഇൻഡ്യ മുന്നണി കടുത്ത പോരാട്ടമാണ് കാഴ്ചവെക്കുന്നത്. സ്മൃതി ഇറാനി പോലെ ബിജെപിയുടെ ഏറ്റവും പ്രധാനപ്പെട്ട നേതാവ് ഉൾപ്പെടെ പിന്നിലാണ്. ഇത് ഓഹരിവിപണിയെ സാരമായി ബാധിച്ചു.
അതേസമയം, കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു. സുരേഷ് ഗോപിയും രാജീവ് ചന്ദ്രശേഖറും ചരിത്രവിജയം ഉറപ്പിച്ചു എന്ന് ബിജെപിയുടെ കേരള പ്രഭാരി പ്രകാശ് ജാവദേക്കർ അറിയിച്ചു. 75 വർഷമായി ബിജെപി കേരളത്തിൽ കാത്തിരുന്ന വിജയമാണിത്. പ്രധാനമന്ത്രി നരേന്ദ്രമോദി കേരള രാഷ്ട്രീയത്തിൽ മാറ്റം കൊണ്ടുവന്നു. ചരിത്ര വിജയത്തിൽ ബിജെപി സന്തോഷത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തൃശൂരിൽ ആധികമാരികമായ കുതിപ്പാണ് സുരേഷ് ഗോപി നടത്തുന്നത്. അമ്പതിനായിരത്തോളം വോട്ടുകൾക്ക് സുരേഷ് ഗോപി മുന്നിൽ നിൽക്കുകയാണ്. വോട്ടെണ്ണലിൻ്റെ ആദ്യ ഘട്ടത്തിൽ രണ്ടാം സ്ഥാനത്തായെന്നതൊഴിച്ചാൽ പിന്നീട് ഒരിക്കൽ പോലും സുരേഷ് ഗോപി ലീഡ് വിട്ടുകൊടുത്തില്ല. ഇവിടെ എൽഡിഎഫിൻ്റെ വിഎസ് സുനിൽ കുമാർ രണ്ടാമതും യുഡിഎഫിൻ്റെ വി മുരളീധരൻ മൂന്നാമതുമാണ്.
ഏഴ് ഘട്ടങ്ങളിലായി ഒന്നര മാസം നീണ്ട് നിന്ന രാജ്യത്തെ പൊതുതിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് പൂർത്തിയായത് ജൂൺ ഒന്നാം തീയതിയായിരുന്നു. ലോക്‌സഭ തിരഞ്ഞെടുപ്പ് ചരിത്രത്തിൽ ഇത്രയധികം സമയമെടുത്ത് വോട്ടെടുപ്പ് സംഘടിപ്പിച്ചത് ഇത്തവണയാണ്.