Enforcement Directorate: കഴിഞ്ഞ 10 വർഷത്തിൽ ഇഡി രജിസ്റ്റർ ചെയ്തത് 193 കേസുകൾ; ശിക്ഷാ നടപടിയുണ്ടായത് വെറും രണ്ട് കേസുകളിൽ
ED Has Registered 193 Cases: കഴിഞ്ഞ 10 വർഷത്തിനിടെ രാഷ്ട്രീയനേതാക്കൾക്കെതിരെ ഇഡി രജിസ്റ്റർ ചെയ്ത കേസുകൾ 193 എണ്ണമെന്ന് കേന്ദ്രത്തിൻ്റെ വിശദീകരണം. ഇതിൽ നടപടിയുണ്ടായത് വെറും രണ്ടെണ്ണത്തിൽ മാത്രമാണ്.

കഴിഞ്ഞ 10 വർഷത്തിനിടെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് രജിസ്റ്റർ ചെയ്ത കേസുകളിൽ ശിക്ഷാനടപടിയുണ്ടായത് വെറും രണ്ടെണ്ണത്തിലെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി. സിപിഎം രാജ്യസഭാ എംപി എഎ റഹീമിന്റെ ചോദ്യത്തിനാണ് മന്ത്രി പാർലമെൻ്റിൽ മറുപടി നൽകിയത്. ഇക്കാലയളവിൽ ഇഡി 193 കേസുകൾ രജിസ്റ്റർ ചെയ്തെങ്കിലും ശിക്ഷാനടപടി ഉണ്ടായത് വെറും രണ്ട് കേസുകളിലാണ്.
കഴിഞ്ഞ പത്ത് വർഷത്തിനിടെ രാഷ്ട്രീയ നേതാക്കൾക്കെതിരെ ഇഡി ആകെ രജിസ്റ്റർ ചെയ്തത് 193 കേസുകളാനെന്ന് മന്ത്രി പങ്കജ് ചൗധരി പറഞ്ഞു. ഇതിൽ കുറ്റക്കാർക്കെതിരെ ശിക്ഷാ നടപടിയുണ്ടായത് വെറും രണ്ട് കേസുകളിൽ മാത്രം. തദ്ദേശസ്ഥാപനങ്ങളിലടക്കം ജനപ്രതിനിധികളായ രാഷ്ട്രീയനേതാക്കൾക്കെതിരെ ഇഡി രജിസ്റ്റർ ചെയ്ത കേസുകളെപ്പറ്റിയും അതിൻ്റെ തുടർ നടപടികളെപ്പറ്റിയുമായിരുന്നു എഎ റഹീമിൻ്റെ ചോദ്യം. ഈ ചോദ്യത്തിനാണ് മന്ത്രി മറുപടി നൽകിയത്.
2019ൽ രണ്ടാം മോദി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷമാണ് ഈ കേസുകളിൽ 71 ശതമാനവും രജിസ്റ്റർ ചെയ്തത്. അതായത് ആകെ ഇഡി എടുത്ത 193 കേസുകളിൽ 138 എണ്ണവും 2019ന് ശേഷമാണ് രജിസ്റ്റർ ചെയ്തത്. ഈ കേസുകളിൽ ശിക്ഷിക്കപ്പെട്ട രണ്ട് നേതാക്കളും ഝാർഖണ്ഡിൽ നിന്നുള്ള ജനപ്രതിനിധികളാണ്. മുൻ മന്ത്രിമാരായ ഹരിനാരായണനും അനോഷ് എക്കയുമാണ് ശിക്ഷിക്കപ്പെട്ട രണ്ട് നേതാക്കൾ. ഇരുവർക്കും ഏഴ് വർഷത്തെ തടവും പിഴശിക്ഷയും ലഭിച്ചു. കേസുകളുടെ വിശദാംശങ്ങൾക്കൊപ്പം സമീപ വർഷങ്ങളിൽ പ്രതിപക്ഷ നേതാക്കൾക്കെതിരായ ഇഡി കേസുകളിൽ വർധനവുണ്ടായിട്ടുണ്ടോ എന്നും ഇതിൻ്റെ കാരണം എന്താണെന്നും റഹീം ചോദിച്ചിരുന്നു. എന്നാൽ, ഇത്തരത്തിലുള്ള വിവരങ്ങൾ ലഭ്യമല്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി. നേരത്തെ തന്നെ സുപ്രീം കോടതി ഇഡി കേസുകളിൽ ശിക്ഷാനിരക്ക് കുറവാണെന്ന് നിരീക്ഷിച്ചിട്ടുണ്ട്.
കഴിഞ്ഞ നവംബറിൽ ഇഡിയുടെ ശിക്ഷാനിരക്ക് വളരെ മോശമാണെന്ന് സുപ്രീം കോടതി പറഞ്ഞിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ പാര്‍ത്ഥ ചാറ്റര്‍ജിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ നിരീക്ഷണം. 60-70 ശതമാനമാണെങ്കിൽ പോലും മനസ്സിലാക്കാനാവുമെന്നും കണക്ക് അതിലും മോശമാണെന്നും സുപ്രീം കോടതി കുറ്റപ്പെടുത്തി.