Encounter Breaks Out in Jammu Kashmir: ജമ്മു കശ്മീരിലെ കത്വയിൽ തീവ്രവാദികളും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടൽ
Encounter Breaks Out Between Security Forces and Terrorists in Jammu Kashmir: അതിർത്തിക്ക് അടുത്തുള്ള വനമേഖലയിൽ തീവ്രവാദി സാന്നിധ്യം ഉണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിന് പിന്നാലെയാണ് ഉദ്യോഗസ്ഥർ തിരച്ചിൽ ആരംഭിച്ചത്.

ജമ്മു കശ്മീർ: ജമ്മു കശ്മീരിൽ തീവ്രവാദികളും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ. ഞായറാഴ്ച വൈകീട്ട് കത്വ ജില്ലയിലെ ഹിരാനഗർ സെക്ടറിൽ അന്താരാഷ്ട്ര അതിർത്തിക്ക് സമീപമുള്ള സന്യാൽ ഗ്രാമത്തിലാണ് സംഭവം. ഗ്രാമത്തിൽ തീവ്രവാദികളുടെ സാന്നിധ്യം ഉണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാ സേന തിരച്ചിൽ തുടങ്ങിയത്. ഇതിന് പിന്നാലെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചതെന്ന് സുരക്ഷാ സേനയെ ഉദ്ദരിച്ച് വാർത്ത ഏജൻസിയായ ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തു.
അതിർത്തിക്ക് അടുത്തുള്ള വനമേഖലയിൽ തീവ്രവാദി സാന്നിധ്യം ഉണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിന് പിന്നാലെയാണ് ഉദ്യോഗസ്ഥർ തിരച്ചിൽ ആരംഭിച്ചത്. ജമ്മു കശ്മീർ പോലീസിന്റെ പ്രത്യേക ഓപ്പറേഷൻ വിഭാഗം, സൈന്യം, സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ്, (സിആർപിഎഫ്) എന്നിവർ ചേർന്നാണ് തിരച്ചിൽ നടത്തിയത്. ആയുധധാരികളായ ഭീകരരുടെ സംഘത്തെ സുരക്ഷാ സേന കണ്ടെത്തിയെന്നും തുടർന്ന് ശക്തമായ വെടിവയ്പ്പ് ഉണ്ടായെന്നുമാണ് വിവരം. പ്രദേശത്ത് മൂന്നോളം തീവ്രവാദികളുടെ സാന്നിധ്യം ഉണ്ടെന്നാണ് റിപ്പോർട്ട്.
ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ സുരൻകോട്ടിലെ സാംഗ്ലയിൽ സംശയാസ്പദമായ ചില നീക്കങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് സുരക്ഷാ സേന ഇന്ന് (ഞായറാഴ്ച) രാവിലെ സംയുക്ത തിരച്ചിൽ നടത്തിയതായി എഎൻഐ റിപ്പോർട്ട് ചെയ്തു. കൂടാതെ, ദോഡ ജില്ലയിലെ ഒരു വിദൂര വനമേഖലയിൽ തീവ്രവാദികളുടെ ഒളിത്താവളം കണ്ടെത്തിയതായും ഒരു പിസ്റ്റളും വെടിക്കോപ്പുകളും കണ്ടെടുത്തതായും ഉദ്യോഗസ്ഥർ പിടിഐയോട് പറഞ്ഞു. ഭാദേർവയിലെ ഭൽറ വനമേഖലയിൽ ശനിയാഴ്ച ലോക്കൽ പോലീസിന്റെയും സൈന്യത്തിന്റെയും സഹായത്തോടെ സ്‌പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് (എസ്‌ഒജി) നടത്തിയ സംയുക്ത തിരച്ചിലിലാണ് ഒളിത്താവളം കണ്ടെത്തിയത്.
അതേസമയം, മാർച്ച് 21ന് ജമ്മു കശ്മീരിലെ രജൗരി ജില്ലയിൽ ഒരു പോലീസ് വാഹനത്തിന് നേരെ തീവ്രവാദികൾ എന്ന് സംശയിക്കുന്നവർ ഗ്രനേഡ് എറിഞ്ഞിരുന്നു. ലക്ഷ്യം തെറ്റി റോഡരുകിൽ വീണ ഗ്രനേഡ് പൊട്ടിത്തെറിച്ചെങ്കിലും ആളപായമില്ല. സ്‌പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പിന്റെ (എസ്‌ഒജി) വാഹനം പതിവ് പട്രോളിങ്ങിലായിരുന്നു. ദേര കി ഗാലിയിൽ നിന്ന് തന്നമാണ്ടിയിലേക്ക് പോകും വഴി രാത്രി 8.30ഓടെയാണ് ഗ്രനേഡ് ആക്രമണം ഉണ്ടായതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.