ഇലോൺ മസ്‌കിന്റെ ഇന്ത്യാ സന്ദർശനം മാറ്റിവെച്ചു
ഇന്ത്യയിൽ ടെസ് ലയുടെ ഫാക്ടറി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പദ്ധതികളുടെ പ്രഖ്യാപനം നടത്തുന്നതിനും ലക്ഷ്യമിട്ടാണ് മസ്‌ക് ഇന്ത്യാ സന്ദർശനത്തിന് ഒരുങ്ങിയത്.
ഇലോൺ മസ്‌കിന്റെ ഇന്ത്യാ സന്ദർശനം മാറ്റിവെച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കുടിക്കാഴ്ച നടത്താനും ഇന്ത്യയിൽ ടെസ് ലയുടെ ഫാക്ടറി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പദ്ധതികളുടെ പ്രഖ്യാപനം നടത്തുന്നതിനും ലക്ഷ്യമിട്ടാണ് മസ്‌ക് ഇന്ത്യാ സന്ദർശനത്തിന് ഒരുങ്ങിയത്. ടെസ് ലയുമായി ബന്ധപ്പെട്ട ഭാരിച്ച ചില ജോലികൾ കാരണം ഇന്ത്യാ സന്ദർശനം നീട്ടിവെക്കുന്നുവെന്നും ഈ വർഷം അവസാനം ഇന്ത്യ സന്ദർശിക്കാൻ പരമാവധി ശ്രമിക്കുമെന്നും മസ്‌ക് പറഞ്ഞു.
ഏപ്രിൽ പത്തിനാണ് നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്താനൊരുങ്ങുന്നതായി മസ്‌ക് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. വിവിധ സംസ്ഥാനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്താനും അദ്ദേഹം ഉദ്ദേശിച്ചിരുന്നു. ടെസ് ലയുടെ അസംബ്ലി യൂണിറ്റ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾക്ക് വേണ്ടിയാണിതെന്നാണ് കരുതുന്നത്.
‘ഇന്ത്യയിൽ നിക്ഷേപം വരണം എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. ആര് നിക്ഷേപിക്കുന്നു എന്നതിലല്ല, ഇന്ത്യക്കാർക്ക് ജോലി ലഭിക്കണം, അതുവഴി യുവാക്കൾക്ക് തൊഴിലവസരം ഉണ്ടാവണം, ഉല്പന്നത്തിൽ നമ്മുടെ മണ്ണിന്റെ സത്ത ഉണ്ടായിരിക്കണം.’ എന്നാണ് മസ്‌കിന്റെ ഇന്ത്യാ സന്ദർശനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതികരണം.