Andhra Pradesh: 10 ലക്ഷം രൂപ വിലവരുന്ന ഇലക്ട്രിക് ബൈക്കുകൾ മോഷ്ടിച്ചു; മൂന്ന് പേർ പിടിയിൽ
Electric Bikes Stolen: 10 ലക്ഷം രൂപ വിലമതിയ്ക്കുന്ന ഇലക്ട്രിക് ബൈക്കുകൾ മോഷ്ടിച്ച സംഘം പിടിയിൽ. മൂന്ന് പേരടങ്ങുന്ന സംഘത്തെയാണ് ബൈക്കുകൾ വിൽക്കാൻ ശ്രമിക്കവേ പോലീസ് പിടികൂടിയത്.

10 ലക്ഷം രൂപ വിലവരുന്ന ഇലക്ട്രിക് ബൈക്കുകൾ മോഷ്ടിച്ച മൂന്നംഗ സംഘം പിടിയിൽ. ആന്ധ്രാപ്രദേശിലെ വിജയവാഡയിലാണ് സംഭവം. പട്ടണത്തിലെ വിവിധ ഇടങ്ങളിൽ നിന്ന് ഇലക്ട്രിക്ക് ബൈക്കുകൾ മോഷ്ടിച്ചു എന്നാണ് ഇവർക്കെതിരായ പരാതി. ഷെയ്ഖ് ബാഷ (35), ജക്കംസെട്ടി ദുർഗ പ്രസാദ് (26), സയ്യിദ് യൂസുഫ് (28) എന്നിവരെയാണ് വിജയവാഡ പോലീസ് പിടികൂടിയത്. മോഷ്ടിച്ച ബൈക്കുകൾ വിൽക്കാൻ ശ്രമിക്കുന്നതിനിടെ ഇവർ കുടുങ്ങുകയായിരുന്നു.
ഷെയ്ഖ് ബാഷയാണ് സംഘത്തിൻ്റെ നേതാവ്. ഇയാൾ ഒരു മെക്കാനിക്കാണ്. അതുകൊണ്ട് തന്നെ ഇലക്ട്രിക് ബൈക്കുകൾ റിപ്പയർ ചെയ്യാൻ ഇയാൾക്ക് അറിയാമായിരുന്നു. പിന്നീടാണ് ഇയാൾ മോഷണത്തിലേക്ക് തിരിഞ്ഞത്. സഹായത്തിനായി മറ്റ് രണ്ട് പേരെയും ഒപ്പം കൂട്ടി. വിജയവാഡയിലെ വിവിധ ഇടങ്ങളിൽ നിന്ന് ഇവർ ഇലക്ട്രിക് ബൈക്കുകൾ മോഷ്ടിച്ചെന്ന് പോലീസ് പറയുന്നു. 22 ബൈക്കുകളാണ് ഇവർ ആകെ മോഷ്ടിച്ചതെന്ന് വിവരമുണ്ട്. പ്രതികളിൽ നിന്ന് 10 ലക്ഷം രൂപയിലധികം കണ്ടെടുത്തു.
ടെക്നിക്കൽ തെളിവുകളുടെയടക്കം സഹായത്തോടെയാണ് പ്രതികളെ പോലീസ് പിടികൂടിയത്. ബാഷ ബൈക്കുകൾ വിൽക്കാൻ ശ്രമിക്കുമെന്നത് മുൻകൂട്ടി മനസിലാക്കിയ പോലീസ് സ്ഥലത്തെത്തി ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികൾക്കെതിരെ വിവിധ വകുപ്പുകൾ ചുമത്തി കേസെടുത്തു. ഇക്കാര്യത്തിൽ തുടരന്വേഷണം നടത്തുകയാണ്.